വെള്ളമില്ല,ഭക്ഷണമില്ല; 32 മണിക്കൂറായി മലയിലെ ‘പൊത്തി’ൽ യുവാവ് :ബുധനാഴ്ച ശുഭ വാര്‍ത്ത പ്രതീക്ഷിക്കുന്നു

മലമ്പുഴയിലെ ചേറാട് മലയിടുക്കില്‍ ബാബു എന്ന യുവാവ് കുടുങ്ങിയ സംഭവത്തില്‍ പ്രതീക്ഷയോടെ കേരളം. വെള്ളമില്ല, ഭക്ഷണമില്ല, തണലേകാൻ മരങ്ങൾ ഒന്നുമില്ല,പാലക്കാടൻ ചൂടിൽ കഴിഞ്ഞ 32 മണിക്കൂറിലേറെയായി സ്വന്തം ജീവനും മുറുകെ പിടിച്ച് സഹായം കാത്തിരിക്കുകയാണ് ഈ യുവാവ്.30 മണിക്കൂര്‍ പിന്നിട്ടിട്ടും രക്ഷപ്പെടുത്താനായിരുന്നില്ല. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പാറക്കെട്ടിന് സമീപം എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം മടങ്ങി. സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു.

നാളെ അതിരാവിലെ തന്നെ രക്ഷാ ദൗത്യം ആരംഭിക്കുമെന്നും സേനയുടെ വിവിധ സംഘങ്ങള്‍ സംയുക്തമായി ഓപ്പറേഷന്‍ നടത്തുമെന്നും ഡിഫന്‍സ് പി.ആര്‍.ഒ കമാന്‍ഡര്‍ അതുല്‍ പിള്ള.ഇന്ന് കാലാവസ്ഥാ പ്രശ്‌നങ്ങളാണ് യുവാവിനെ രക്ഷിക്കുന്നതിനെ പ്രതികൂലമായി ബാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.നിലവിലെ സാഹചര്യത്തില്‍ കരമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനാമാണ് കൂടുതല്‍ സൗകര്യം. സൈന്യത്തില്‍ ഇത്തരത്തില്‍ കുന്നിന്‍ മുകളിലും മലമുകളിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച സംഘങ്ങളുണ്ട്.

പര്‍വതാരോഹകര്‍ ഉള്‍പെടുന്ന 11 അംഗ കരസേനാസംഘം ഊട്ടിയില്‍നിന്നു പുറപ്പെട്ടു. വ്യോമസേനയുടെ പാരാകമാന്‍ഡോ സംഘം ബെംഗളൂരുവില്‍ നിന്നാണ് എത്തുക.ബെംഗളൂരുവിൽനിന്ന് നിന്ന് പാരാ പാരാ റെജിമെന്റൽ സെന്ററിൽ നിന്നുള്ള കമാണ്ടോകള്‍ ഉടൻ പുറപ്പെടും. അവരെ വ്യോമസേനയുടെ എഎൻ 32 വിമാനത്തിൽ സുലൂരില്‍ എത്തിക്കും. അവിടെനിന്നു റോഡ് മാര്‍ഗം മലമ്പുഴയിലെത്തും. കരസേനയുടെ മദ്രാസ് റെജിമെന്റിൽ നിന്നുള്ള 7 പേരടങ്ങുന്ന മറ്റൊരു യൂണിറ്റ് ഊട്ടി വെല്ലിങ്ടണിൽ നിന്ന് വൈകിട്ട് 7.30ന് മലമ്പുഴയിലേക്ക് തിരിച്ചു.

ഈ ഒരു രാത്രി കൂടി അതിജീവിക്കാന്‍ ബാബുവിനെ സാധിക്കണേയെന്നാണ് രക്ഷാപ്രവര്‍ത്തകരും കുടുംബവും കൂട്ടുകാരും ഒരുപോലെ പ്രാര്‍ഥിക്കുന്നത്. രാവിലെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ച സമയം ബാബു ശബ്ദമുയര്‍ത്തി പ്രതികരിച്ചിരുന്നു. എന്നാല്‍ രക്ഷാദൗത്യം ഫലം കാണാതെ ഉച്ചയോടെ സംഘം തിരിച്ചിറങ്ങിയപ്പോള്‍ ബാബു പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ശബ്ദം കുറഞ്ഞു.ബാബുവും സുഹൃത്തുക്കളായ 3 പേരും ചേർന്നാണു മല കയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാൽ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നൽകിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല. സുഹൃത്തുക്കൾ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

Scroll to Top