താറുമാറായ കുടുംബജീവിതത്തിൽ റസീനക്ക് സഹായത്തിനു ചൂല് മാത്രം ; ബാലചന്ദ്രമേനോൻ !! കുറിപ്പ്

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പോസ്റ്റാണ്.ജീവിതം മുന്നോട്ടു കൊണ്ടുപോകാനും മൂന്ന് പെൺമക്കളെ പഠിപ്പിക്കുന്നതിനും തൂപ്പ് ജോലി ചെയ്ത് വരുമാനം കണ്ടെത്തുന്ന, ചിത്രകാരി കൂടിയായ റസീന എന്ന യുവതിയെ പരിചയപ്പെടുത്തി താരം.കുറിപ്പിന്റെ പൂർണരൂപം :

എറണാകുളം തിരുവനന്തപുരം റോഡ് യാത്രകളിൽ മിക്കപ്പോഴും ഞാൻ തന്നെയാണ് ഡ്രൈവർ . അങ്ങനെ പോകുമ്പോൾ കാലൊന്നു നിവർത്താനും ഒരു കവിൾ ചായ നുണയാനുമായി വഴിയോരത്തെ ഹോട്ടലുകളെ ഞാൻ ശരണം പ്രാപിക്കും .അങ്ങിനെയാണ് എപ്പോഴോ ആലപ്പുഴക്കടുത്തു കാമിലോട്ട് ഹോട്ടലിൽ ഞാൻ എത്തപ്പെടുന്നത് . എന്നെ കണ്ടതും ഒരു മുഖവുരയുമില്ലാതെ ഒരു സ്ത്രീ വന്ന് തനിക്കു ഒരു സിനിമയിൽ അവസരം തരാമോ എന്ന് ചോദിക്കുന്നു . മറ്റാരെങ്കിലുമാണെങ്കിൽ ഒരാഴ്ച ആലോചിച്ചു ചെയ്യുന്ന കാര്യമാണ് ഇവിടെ ഒരാൾ ഒരു നിമിഷത്തിനുള്ളിൽ നിർവ്വഹിച്ചത് .അവരുടെ നോട്ടത്തിലും ശരീരഭാഷയിലും ഒരു നിസ്സഹായത ഞാൻ കണ്ടു . ‘വരട്ടെ , നോക്കാം ‘ എന്ന പതിവ് വാചകം പറഞ്ഞു കൊണ്ട് ഞാൻ റെസ്റ്റാറന്റിലേക്കു പോയി .

തിരിച്ചു വന്നു കാർ സ്റ്റാർട്ട് ചെയ്യുമ്പോഴും ഞാൻ അവരെ കണ്ടു . ഇപ്പോൾ അവർ ഒരു തൂപ്പുകാരിയായി ഹോട്ടൽ പരിസരം വൃത്തിയാക്കുകയായിരുന്നു . അപ്പോൾ എനിക്ക് അവരോടു കൂടുതൽ സംസാരിക്കാൻ തോന്നി .അങ്ങിനെ അവർ ആരാണെന്നു ഞാൻ മനസ്സിലാക്കി . ഞാൻ മനസ്സിലാക്കിയത് നിങ്ങളുമായി ഒന്ന് പങ്കു വെക്കട്ടെ .റസീന എന്നാണു അവരുടെ പേര് . മൂന്നു പെൺകുട്ടികളുടെ അമ്മയും . മക്കളിൽ ഒരാൾ ബ്യുട്ടീഷനും അടുത്തയാൾ ടി ടി സിക്കും മൂന്നാമത്തെ ആൾ പ്ലസ് ടൂവിനും പഠിക്കുന്നു . കാര്യങ്ങൾ നടത്തിയെടുക്കാൻ റസീനക്ക് സഹായത്തിനു ചൂല് മാത്രം ! താറുമാറായ ഒരു കുടുംബജീവിതത്തിന്റെ ബാക്കി പത്രമാണ് അവർ …..

ഈ പ്രതിസന്ധികൾക്കിടയിലും റസീനയിൽ ഒളിഞ്ഞിരിക്കുന്ന കലാകാരിയാണ് എന്നെ ആകർഷിച്ചത് . അവർ പാടുന്നു …കവിതകൾ എഴുതുന്നു ….നൃത്തച്ചുവടുകൾ വെക്കുന്നു …….തീർന്നില്ല…..ചിത്രങ്ങൾ വരക്കുന്നു …വരച്ച എത്രയോ ചിതങ്ങൾ അവർ എനിക്കയച്ചു തന്നു . അവർക്ക് വേണ്ടി എനിക്കാകെ ചെയ്യാൻ കഴിയുന്നത് എന്റെ ഫേസ്‌ബുക്കിൽ ഒരു കുറിപ്പ് എഴുതുക മാത്രമാണ് . ..ഒത്തിരി വൈകിപ്പോയി എന്നത് സത്യം . പക്ഷെ റസീന ഓരോ ദിവസവും എനിക്ക് പുതിയ ചിത്രങ്ങൾ അയച്ചുകൊണ്ടേയിരുന്നു …ആ പരിശ്രമത്തെ ഒന്ന് പരിപോഷിപ്പിക്കാനായാണ് എന്റെ ഈ കുഞ്ഞു കുറിപ്പ് ..

ഒന്നും പറയട്ടെ …പത്തു ദിവസത്തെ ദുബായ് സന്ദർശനത്തിന് ഇന്നലെ ഇവിടെ വന്നതാണ് ഞാൻ .ഒന്നേ എനിക്ക് റെസീനയോടു പറയാനുള്ളു … മനസ്സിന് നൊമ്പരം തോന്നുമ്പോൾ എഴുതുക …പാടുക …വരക്കുക , നൃത്തം ചവിട്ടുക ….ഒപ്പം പ്രാർത്ഥിക്കുക …ദൈവം ആ പ്രാർത്ഥന എന്നെങ്കിലും കാണാതിരിക്കില്ല …കേൾക്കാതിരിക്കില്ല …അറിയാതിരിക്കില്ല …that’s ALL your honour !#artist#roadtrip#alapuzha#actor#director#BalachandraMenon

Scroll to Top