ആർട്ടിസ്റ്റുകൾ കംഫർട്ടബിള്‍ ആയിരിക്കണം എന്നതായിരുന്നു വിനീതിന്റെ പ്രധാന നിർദേശം ; ‘ഹൃദയ’ത്തിലെ വസ്ത്രാലങ്കാരത്തെ കുറിച്ച് ദിവ്യ !!

പ്രണവ് മോഹൻലാൽ നായകനായ ഹൃദയം തീയേറ്ററുകളിൽ റിലീസിന് ശേഷം മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിന് ടിക്കറ്റുകൾ ഹൌസ് ഫുൾ ആണ്.നിരവധി പേരാണ് ചിത്രം കണ്ടിട്ട് അഭിപ്രായങ്ങളുമായി മുന്നോട്ട് എത്തുന്നത്. സിനിമ അണിയറ പ്രവർത്തകരും സിനിമയെകുറിച്ച് സംസാരിക്കുക ഉണ്ടായി. എല്ലാവരും അതീവ സന്തോഷത്തിലാണ്. ഹൃദയത്തിലെ വസ്ത്രങ്ങളുടെ കഥപറയുകയാണ് ഹൃദയത്തിന്റെ വസ്ത്രാലങ്കാരം നിർവഹിച്ച ദിവ്യ ജോർജ്.

10 വർഷമായി ഞാൻ വസ്ത്രാലങ്കാര മേഖലയിലുണ്ട്. ഒരു ബ്രേക്കിനുശേഷമാണ് കുഞ്ഞെൽദോ എന്ന മൂവി ചെയ്തത്. ആ സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടർ വിനീത് ആയിരുന്നു. കുഞ്ഞെൽദോയുടെ സംവിധായകനായ മാത്തുക്കുട്ടി ഒരു ദിവസം വീട്ടിലേക്ക് വന്നു. ‘ചേച്ചി കല്യാണം ചെയ്യുമോ’ എന്നു മാത്തു ചോദിച്ചു. വിവാഹവസ്ത്രങ്ങൾ കസ്റ്റമൈസ് ചെയ്യാനായിരിക്കും എന്നാണു ഞാൻ കരുതിയത്. ചെയ്യും എന്ന് മറുപടി നല്‍കി. മൂന്ന് കല്യാണം ഉണ്ടെന്നും ചെന്നൈയിലായിരിക്കുമെന്നും അവിടേക്ക് പോകേണ്ടി വരുമെന്നും മാത്തു പറഞ്ഞു. കുഴപ്പമില്ല ചെയ്യാം എന്നു പറഞ്ഞു. സമ്മതം അറിയിച്ചപ്പോഴാണ് വിനീതിന്റെ പുതിയ സിനിമയിലേക്കാണ് എന്നു പറഞ്ഞത്. പിന്നാലെ വിനീത് വിളിച്ചു. കാര്യങ്ങൾ പറഞ്ഞു. അങ്ങനെയാണ് ഹൃദയത്തിന്റെ ഭാഗമാകുന്നത്. ഇത്ര വലിയ സിനിമ ചെയ്യാൻ എനിക്ക് സാധിക്കുമോ എന്നു സംശയിച്ചിരുന്നു. അത് വിനീതുമായി പങ്കുവയ്ക്കുകയും ചെയ്തു. ‘നമുക്ക് ഒന്നിച്ച് ചെയ്യാം ദിവ്യ. എന്നായിരുന്നു വിനീതിന്റെ മറുപടി. ആർട്ടിസ്റ്റുകൾ കംഫർട്ടബിള്‍ ആയിരിക്കണം എന്നതായിരുന്നു വിനീതിന്റെ പ്രധാന നിർദേശം. ഏതൊരു വർക്കിലും ഞാൻ പ്രഥമ പരിഗണന നൽകുന്ന കാര്യവും അതുതന്നെയാണ്.

ബ്രാൻഡുമായി ബന്ധപ്പെട്ട് യാതൊരു നിബന്ധനകളോ ആവശ്യങ്ങളോ ഉള്ള വ്യക്തിയല്ല പ്രണവ്. സിനിമയ്ക്ക് വേണ്ടത് എന്താണോ അതു ധരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ രീതി. പ്രണവിന്റേത് വളരെ സെൻസിറ്റീവ് ചർമം ആണ്. അതുകൊണ്ട് വളരെ മൃദുലമായ തുണികളേ കോസ്റ്റ്യൂമിന് വേണ്ടി ഉപയോഗിക്കാനാവൂ. അല്ലെങ്കിൽ ചർമത്തിൽ പാടുകൾ പ്രത്യക്ഷപ്പെടും. അതൊരു ചാലഞ്ച് ആയിരുന്നു. കാരണം ചെറിയ അസ്വസ്ഥത ഉണ്ടായാൽ പോലും അതു പ്രകടനത്തെ ബാധിക്കും. ഇക്കാര്യം ഓർമയിൽ വച്ചാണ് പ്രണവിനുള്ള കോസ്റ്റ്യൂം തയാറാക്കിയത്. മെറ്റീരിയൽ തിരഞ്ഞെടുത്തശേഷം പ്രണവിന് കാണിച്ച് കൊടുക്കും. ചിലപ്പോൾ നമുക്ക് സോഫ്റ്റ് ആണ് എന്നു തോന്നും. പക്ഷേ പ്രണവിന്റെ ചർമത്തിൽ ആ മെറ്റീരിയൽ അസ്വസ്ഥ ഉണ്ടാക്കാം. അതുകൊണ്ട് മെറ്റീരിയൽ പ്രണവിന് അനുയോജ്യമാണെന്ന് ഉറപ്പാക്കിയശേഷമാണ് ഷർട്ട് തയ്ക്കുക.

ഞാൻ സ്വതന്ത്ര്യയായി ചെയ്ത ആദ്യ മലയാളം വര്‍ക്കും കുഞ്ഞെൽദോ ആണ്. അതിനു മുമ്പ് ‘എക്രോസ് ദി ഓഷ്യൻ’ എന്നൊരു ഹിന്ദി സിനിമ ചെയ്തിരുന്നു. അത് ഒടിടി റിലീസ് ആയിരുന്നു. ബ്രോ ഡാഡിയിൽ കല്യാണിക്ക് കോസ്റ്റ്യൂം ചെയ്തു. സുന്ദരി ഗാർഡൻസ്, വാശി എന്നിവയാണ് റിലീസ് ചെയ്യാനുള്ള സിനിമകൾ.എന്റെ കുടുംബം; ‌ഭർത്താവ് സ്വരൂപ് ഫിലിപ്പ്. അദ്ദേഹം ക്യാമറാമാൻ ആണ്. കുഞ്ഞെൽദോ, അരവിന്ദന്റെ അതിഥികള്‍ എന്നിവ ചെയ്തത് അദ്ദേഹമാണ്. ഞങ്ങള്‍ക്ക് ഒരു മകനുണ്ട്. ഹൃദയ്. രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്. ഞങ്ങളിപ്പോൾ തൃക്കാക്കരയിലാണ് താമസം.

Scroll to Top