‘രോമാഞ്ചം’ സംവിധായകൻ ജിത്തു മാധവൻ വിവാഹിതനായി, വധു സഹസംവിധായിക

‘രോമാഞ്ചം’ സിനിമയുടെ സംവിധായകൻ ജിത്തു മാധവൻ വിവാഹിതനായി.സഹസംവിധായികയായ ഷിഫിന ബബിൻ പക്കർ ആണ് വധു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. ഇരുവരും സോഷ്യൽ മീഡിയയിലൂടെ വിവാഹചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.വളരെ ലളതമായിട്ടായിരുന്നു ചടങ്ങുകള്‍.

ഇരുവരും പരസ്പരം മോതിരമിടുന്നത് ചിത്രങ്ങളില്‍ കാണാം. അർജുൻ അശോകൻ, ബിനു പപ്പു, നസ്രിയ നസിം, സൗബിൻ ഷാഹിർ, സിജു സണ്ണി ഉൾപ്പടെ സിനിമാ മേഖലയിൽ നിന്ന് നിരവധിപ്പേർ ദമ്പതികൾക്ക് സമൂഹ മാധ്യമങ്ങളിലൂടെ ആശംസകൾ നേർന്നിട്ടുണ്ട്. ഞങ്ങൾ വിവാഹിതരായി എന്ന ക്യാപ്ഷനോടൊപ്പമാണ് ഷിഫിന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ജിത്തു മാധവൻ ആദ്യം സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ‘രോമാഞ്ചം’. ബോക്സ്ഓഫിസിൽ മികച്ച കലക്‌ഷനാണ് ചിത്രം നേടിയതും. രോമാ‍ഞ്ചത്തിന്റെ മികച്ച വിജയത്തിന് ശേഷം പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണിപ്പോൾ ജിത്തു. ‘ആവേശം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകനായെത്തുന്നത്.

Scroll to Top