ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‍കർ യാത്രയായി !!

മുംബൈയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന മഹാഗായിക ലതാ മങ്കേഷ്കർ (93) വിട പറഞ്ഞു.
കോവിഡ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയായിരുന്നു . ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് കോവിഡ് ബാധയെത്തുടർന്ന് ​ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനിടെ ന്യുമോണിയയും സ്ഥിരീകരിച്ചു.10 ദിവസത്തിനു ശേഷം കോവിഡ് ഐസിയുവിൽ നിന്നു സാധാരണ ഐസിയുവിലേക്കു മാറ്റി. എന്നാല്‍ ആരോഗ്യനില വീണ്ടും വഷളായതായും നിരീക്ഷണത്തിലിരിക്കുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

1929 സെപ്റ്റംബര്‍ 28 നാണ് ലതയുടെ ജനനം. പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കര്‍, ഷേവന്തി മങ്കേഷ്‌കര്‍ എന്നിവരാണ് മാതാപിതാക്കള്‍. മറാത്തി നാടകരംഗത്ത് അറിയപ്പെടുന്ന കലാകാരനായിരുന്നു ദീനനാഥ് മങ്കേഷ്‌കര്‍. ഹേമ എന്നായിരുന്നു ലതയുടെ ആദ്യനാമമെങ്കിലും പിന്നീട് ലതയെന്ന പേര് മാതാപിതാക്കള്‍ തന്നെ തങ്ങളുടെ മൂത്തപുത്രിയ്ക്ക് നല്‍കി. 1942 ല്‍ തന്റെ പതിമൂന്നാമത്തെ വയസ്സിലാണ് തന്റെ മ്യൂസിക് കരിയര്‍ ലത ആരംഭിച്ചത്. നസന്ത് ജോഗ്‌ലേക്കറിന്റെ കിതി ഹസാല്‍ എന്ന മറാത്ത സിനിമയ്ക്ക് വേണ്ടിയാണ് ലതയുടെ ആദ്യഗാനം റെക്കാഡ് ചെയ്തത്. പ്രധാനമായും ഹിന്ദി, മറാത്തി സിനിമകളിലാണ് ലതാ മങ്കേഷ്‌കര്‍ പാടിയിരുന്നത്. വിവിധ ഭാഷകളിലായി ആയിരക്കണക്കിനു ഗാനങ്ങൾ ഇവർ പാടിയിട്ടുണ്ട്. ഭാരതരത്ന, പത്മ അവാർഡുകളും ദാദാസാഹിബ് ഫാൽക്കെ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

മഹൽ, ബർസാത്, ബൈജു ബാവ് ര, മീന ബസാർ, ആധി രാത്, ഛോട്ടി ഭാഭി, അഫ്സാന തുടങ്ങി നിരവധി ആദ്യകാല ചിത്രങ്ങൾക്ക് ലതയുടെ ഗാനങ്ങൾ വിജയത്തിളക്കമേകി. നൗഷാദിന് വേണ്ടി നിരവധി ക്ലാസിക്കൽ ടച്ചുള്ള ഗാനങ്ങളും ലത ആലപിച്ചു. ശങ്കർ-ജയ്കിഷൻ, എസ്.ഡി. ബർമൻ, സലിൽ ചൗധരി, മദൻ മോഹൻ, ഭൂപൻ ഹസാരിക, ഇളയരാജ, ജയ്ദേവ്…ലതയുടെ ആലാപനവൈദഗ്ധ്യം ഉപയോഗപ്പെടുത്തിയ സംഗീതസംവിധായകർ നിരവധി. ആപ്കി നസറോം നെ സംഝാ, ലഗ് ജാ ഗലെ, പ്യാർ കിയാ തൊ ഡർനാ ക്യാ, അജീബ് ദാസ്താം ഹെ യെ, ശീഷാ ഹോ യാ ദിൽ ഹൊ…ഇന്നും സംഗീതപ്രേമികൾ ആവർത്തിച്ചു കേൾക്കുന്ന എത്രയോ ഗാനങ്ങൾ ലതാ മങ്കേഷ്കറുടേതായുണ്ട്. പുതുതലമുറ സംവിധായകരിൽ എ. ആർ. റഹ്മാൻ ഉൾപ്പെടെയുള്ളവരും ലതാ മങ്കേഷ്കറിനെ ധൈര്യപൂർവം തങ്ങളുടെ ഗാനങ്ങൾ ഏൽപ്പിച്ചു.

2012 നവംബറിൽ എൽ.എം. എന്ന പേരിൽ ആരംഭിച്ച മ്യൂസിക് ലേബലിലൂടെ ലത ഭജനുകൾ പുറത്തിറക്കി. കൂടാതെ ലതയുടെ സ്വന്തം സ്റ്റുഡിയോയിൽ നിന്ന് നിരവധി ആൽബങ്ങൾ പുറത്തിറങ്ങി. അവയിൽ ലത ഈണമിട്ടവയും ഉൾപ്പെടുന്നു. നാല് സിനിമകൾ ലത നിർമിച്ചിട്ടുണ്ട്. ഒരു മറാത്തി സിനിമയും മൂന്ന് ഹിന്ദി ചിത്രങ്ങളുമായിരുന്നു അവ. പദ്മഭൂഷൺ, ദാദാ സാഹെബ് ഫാൽക്കെ അവാർഡ്, മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, ഫ്രാൻസിന്റെ ലീജിയൻ ഓഫ് ഓണർ തുടങ്ങി നിരവധി അംഗീകാരങ്ങൾ ലതയെ തേടിയെത്തി. എം.എസ്. സുബ്ബലക്ഷ്മിയ്ക്ക് ശേഷം ഭാരതരത്നം ലഭിക്കുന്ന സംഗീതജ്ഞയാണ് ലത. ദുരിതങ്ങളുടെ തീക്കനലുകളിൽ നിന്ന് സംഗീതത്തിന്റെ അപാരസുന്ദര നീലാകാശത്തേക്ക് പറന്നുയർന്ന് ഇന്ത്യയുടെ വാനമ്പാടിയായിത്തീർന്ന ചരിത്രമാണ് ലത മങ്കേഷ്കർ എന്ന ഗായികയുടേത്, ഒരിക്കലും മായാത്ത ചരിത്രം!

Scroll to Top