‘കണ്ണുനിറയെ കണ്ടു ഞാൻ എന്റെ ലാലേട്ടനെ, മനസ് നിറയെ സ്നേഹം തന്നു..’ – സന്തോഷം പങ്കുവച്ച് ഷിജിലി !!

സിനിമ താരങ്ങളെ കാണാൻ കഴിയുക എന്നത് ഓരോ ആളുകളുടെയും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്. മോഹന്‍ലാലിനെ ഒരുനോക്ക് കാണണമെന്ന ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സാധിച്ച് ഷിജിലി കെ. ശശിധരൻ. ശശിധരൻ. ജന്മനാ അസ്ഥികൾ പൊടിയുന്ന അസുഖവുമായി ജീവിക്കുന്ന ഷിജിലിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ലാലേട്ടനെ കാണണം എന്നത്. അത് പോലെ തന്നെ വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ട ഹരീഷിനും ഏറ്റവും വലിയ ആഗ്രഹം അതുതന്നെയായിരുന്നു. കാത്തിരിപ്പുകൾക്ക് ഒടുവിൽ ഇരുവർക്കും സ്നേഹവുമായി കഴിഞ്ഞ ദിവസം മോഹൻലാൽ നേരിട്ടെത്തി.

രണ്ടു പേർക്കൊപ്പവും സമയം ചെലഴിച്ചു. മോഹൻലാൽ ഫാൻസ് സംഘടനയായ എ.കെ.എം.എഫ്.സി.ഡബ്യൂ.എ കോഴിക്കോട് ജില്ല കമ്മിറ്റിയാണ് കൂടിക്കാഴ്ച്ചക്ക് അവസരമൊരുക്കിയത്.നടൻ ബിനീഷ് ബാസ്റ്റിന്റെ ഫേസ്ബുക്ക് വഴി മോഹൻലാലിനെ കാണണമെന്ന ആ​ഗ്രഹം ഷിജിലി പങ്കുവച്ചിരുന്നു. ഈ വീഡിയോ ഏറെ ശ്രദ്ധനേടുകയും ചെയ്തു. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് മോഹൻലാലിനൊപ്പം ചെലവഴിച്ചതെന്ന് ഷിജിലി ഫെയ്സ്‌ബുക്കിൽ കുറിച്ചു.കുറിപ്പിന്റെ പൂർണരൂപം :

സ്വപ്നം പോലെ ഒരു ദിവസമായിരുന്നു ഇന്നലെ. ഏത് വാക്കുകളിൽ വർണിക്കണമെന്നറിയാത്തത്രയും ഭംഗിയുണ്ടതിന്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ എന്റെ ലാലേട്ടനൊപ്പം ഞാൻ ചിലവഴിച്ചു. എന്റെ ഏറ്റവും വലിയ ആഗ്രഹം, എത്രയോ കാലത്തെ പരിശ്രമം എല്ലാത്തിനും ഇന്നലെ ഫലമുണ്ടായി. കണ്ണുനിറയെ കണ്ടു ഞാൻ എന്റെ ലാലേട്ടനെ; ചേർത്ത് പിടിച്ചു എന്നെ ഏട്ടന്റെ കൈകൾ. കുറേ വിശേഷങ്ങൾ ചോദിച്ചു, മനസ് നിറയെ സ്നേഹം തന്നു.

ഇനിയുള്ള കാലമത്രയും ഓർക്കാൻ എനിക്ക് ഈ നിമിഷങ്ങൾ മതി; എന്റെ ഏട്ടനെ ചേർന്ന് നിന്ന ഈ നിമിഷങ്ങൾ മാത്രം.നന്ദി പറയാനുള്ളത് സർവ്വേശ്വരനോടാണ്. പിന്നെ കോഴിക്കോട്ടെ ലാലേട്ടൻ ഫാൻസിലെ എന്റെ പ്രിയപ്പെട്ട ഏട്ടൻമാരോടും. എന്റെ പ്രിയ സുഹൃത്ത് പ്രജിത്ത്, ടിന്റു ഏട്ടൻ, സുഗീതേട്ടൻ, സുഹാസേട്ടൻ, രാജൻ ചേട്ടൻ എല്ലാവർക്കും നൂറ് നൂറ് നന്ദി. #akmfcwa calicut

Scroll to Top