പാപ്പന്‍ വെറുതെ കണ്ട് കളയേണ്ടുന്ന ഒരു സിനിമയുമല്ല ; മികച്ചൊരു തിരക്കഥയില്‍ ഗംഭീരമായി ഒരുക്കിയ സിനിമ !!

മലയാളത്തിലെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ ജോഷിയും എവര്‍ഗ്രീന്‍ ആക്ഷന്‍ഹീറോ സുരേഷ്‌ഗോപിയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച പാപ്പന്‍ വെറുതെ ഒരു സിനിമയല്ല. വെറുതെ കണ്ട് കളയേണ്ടുന്ന ഒരു സിനിമയുമല്ല. അടുത്തകാലത്ത് കണ്ടതില്‍ വെച്ച് അതിമനോഹരമായ ഒരു സൃഷ്ടിയാണ് പാപ്പന്‍. സിനിമ കണ്ട് കഴിയുമ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ നമ്മുടെ മനസ്സില്‍ അവശേഷിക്കും. എന്നാല്‍ കഥയുടെ പുറകില്‍ നിന്ന് മുന്നിലേക്ക് വീണ്ടും ഒരിക്കല്‍ കൂടി സഞ്ചരിച്ചാല്‍ നമ്മള്‍ പുതിയൊരു അനുഭവത്തിലൂടെ കടന്ന്‌പോവുകയും ചെയ്യും. രണ്ടാംതവണ പാപ്പന്‍ കണ്ടപ്പോള്‍ കൂടുതല്‍ ശ്രദ്ധിച്ച ചില മികവുകള്‍ പറയാതിരിക്കുവാന്‍ വയ്യ. തിരക്കഥാകൃത്തും സംവിധായകനും സിനിമയില്‍ ബ്രില്ല്യന്റായി ഒളിപ്പിച്ചുവെച്ചിരുന്ന ചില സംഗതികളാണ് അതില്‍ പ്രധാനം. ആദ്യം തന്നെ ആര്‍.ജെ ഷാന്‍ എന്ന യുവതിരക്കഥാകൃത്തിന് വലിയൊരു കൈയടി നല്‍കണം. എത്ര മനോഹരമായിട്ടാണ് പല തലങ്ങളുള്ള തിരക്കഥയെ അദ്ദേഹം കോര്‍ത്തുവെച്ചിരിക്കുന്നത്. തിരക്കഥയുടെ ഭംഗി ഒട്ടും ചോര്‍ന്ന്‌പോകാതെ ജോഷി അതിനനുയോജ്യമായ ദൃശ്യഭാഷ സമ്മാനിക്കുകയും ചെയ്തു. കൃത്യം മീറ്ററില്‍.

പാപ്പന്‍ സിനിമയില്‍ ഇത്രയും ചര്‍ച്ചചെയ്യേണ്ടുന്ന എന്ത് കാര്യമാണ് ഉള്ളത്? എന്തുകൊണ്ടാണ് വെറുതെ കണ്ട് കളയേണ്ടുന്ന ഒരു സിനിമയല്ല പാപ്പന്‍ എന്ന് പറയുന്നത്? വീണ്ടും വീണ്ടും കാണാന്‍ എന്ത് മാജിക് ആണ് ആ സിനിമയില്‍ ഉള്ളത്? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായി സിനിമയില്‍ എന്നെ അതിശയപ്പെടുത്തിയ ചില കാര്യങ്ങള്‍ പറയാം. ( സ്‌പോയിലേഴ്‌സ് ജാഗ്രതൈ..! )

എന്താണ് പാപ്പന്‍ സിനിമയുടെ ഴോണര്‍?
പാപ്പന്‍ സിനിമയെ നമുക്ക് ഏത് വിഭാഗത്തില്‍പെടുത്താം? അഞ്ചാംപാതിര, മെമ്മറീസ് സിനിമകള്‍പോലെ ഒരു ക്രൈംത്രില്ലര്‍ സിനിമയേ അല്ല പാപ്പന്‍. മലയാള സിനിമ അധികം എക്‌സ്‌പ്ലോര്‍ ചെയ്യാത്ത ക്രൈംഡ്രാമ വിഭാഗത്തിലാണ് എനിക്ക് പാപ്പന്‍ സിനിമയെ ചേര്‍ത്ത് നിര്‍ത്താന്‍ താല്‍പര്യം. കെ.ജി ജോര്‍ജ്ജ് സംവിധാനം ചെയ്ത സിനിമകള്‍, കിരീടം, ധ്രുവം തുടങ്ങിയ സിനിമകള്‍ ഒക്കെ ക്രൈം ഡ്രാമയാണ്. ആ ഴോണറില്‍ അവസാനം ഇറങ്ങിയ മലയാള സിനിമ ഒരുപക്ഷെ ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ആയിരിക്കാം. മറ്റൊരു സഞ്ചാര രീതിയിലാണ് പോകുന്നതെങ്കിലും ഭീഷ്മപര്‍വ്വവും ഈ വിഭാഗത്തില്‍ നമുക്ക് ചേര്‍ത്തുവെയ്ക്കാവുന്നതാണ്. ക്ലാസിക് സിനിമയായ ഫ്രോന്‍സിസ് ഫോര്‍ഡ് കൊപ്പോള ഒരുക്കിയ ഗോഡ്ഫാദറാണ് ക്രൈംഡ്രാമ സിനിമകളുടെയൊക്കെ തലതൊട്ടപ്പന്‍. ഷോലെ, നായകന്‍, സുബ്രഹ്മണ്യപുരം എല്ലാം ക്രൈംഡ്രാമ സിനിമകളാണ്. കൊല്ലപ്പെട്ടവനേയും കൊലപാതകിയേയും മാത്രം ഫോക്കസ് ചെയ്യുന്ന സിനിമകളാണ് ക്രൈംത്രില്ലറുകള്‍. എന്നാല്‍ ഒരാള്‍ കൊല്ലപ്പെടുമ്പോള്‍ ആ കൊലപാതകം ആരെയെല്ലാം ബാധിക്കും, നാളെ അവരുടെയൊക്കെ ജീവിതം/അവസ്ഥ എന്തായിരിക്കും എന്നൊക്കെയാണ് ക്രൈംഡ്രാമ സിനിമകള്‍ പറയുന്നത്. കൊലപാതകിയോ കൊല്ലപ്പെട്ടവനോ മാത്രമല്ല അവര്‍ക്ക് ചുറ്റുമുള്ളവരും ഇവിടെ പരിഗണനാപാത്രങ്ങളാണ്.

പാപ്പന്‍ അതുകൊണ്ട് തന്നെ നൂറ് ശതമാനമൊരു ക്രൈംഡ്രാമയാണ്. ത്രില്ലടിപ്പിക്കുന്ന കുറ്റാന്വേഷണമോ അവസാനമുള്ള ഞെട്ടിക്കുന്ന ട്വിസ്റ്റുകളോ ഒന്നുമല്ല പാപ്പനിലുള്ളത്. പല തലത്തിലുള്ള ഇമോഷന്‍സാണ്. കുറ്റം ചെയ്തവരുടെ, കൊ ല്ലപ്പെട്ടവരുടെ, അവരുടെ കുടുംബങ്ങളുടെയൊക്കെ ഇമോഷന്‍ ഗ്രാഫ് കൃത്യമായി പാപ്പനില്‍ കാണാം. സുരേഷ് ഗോപി അവതരിപ്പിച്ച എബ്രഹാം മാത്യു മാത്തന്‍ എന്ന പാപ്പന്‍ അക്കാരണങ്ങള്‍കൊണ്ട് തന്നെ ഗംഭീരമായൊരു കഥാപാത്രമാണ്. ജോഷി-സുരേഷ്‌ഗോപി കൂട്ടുകെട്ടിന്റെ സൂപ്പര്‍ഹിറ്റുകളായ ലേലം, പത്രം, വാഴുന്നോര്‍ സിനിമകളിലെ പോലെ ഒരു ഫയര്‍ബ്രാന്‍ഡ് സുരേഷ്‌ഗോപിയല്ല പാപ്പനിലെ എബ്രഹാം മാത്യു മാത്തന്‍. പോലീസ് കുപ്പായമാണോ കുടുംബമാണോ ആദ്യം പരിഗണനയില്‍ വരേണ്ടത് എന്ന ചോദ്യം എബ്രഹാം മാത്യു മാത്തന്റെ ജീവിതത്തിലുടനീളം നേരിടേണ്ടി വരുന്നുണ്ട്. സിനിമയുടെ അവസാനരംഗങ്ങളില്‍ കൃത്യമായ ഉത്തരം പ്രേക്ഷകരിലേക്ക് എത്തുന്നുണ്ടെങ്കിലും ആ കഥാപാത്രം കടന്നുപോകുന്ന സംഘര്‍ഷാന്തരീക്ഷം വളരെ വലുതാണ്. അറുപതുകാരനായ ഒരുകൈ സ്വാധീനമില്ലാത്ത ഒരുപക്ഷെ പാളിപോകാവുന്ന ആ കഥാപാത്രത്തെ സുരേഷ്‌ഗോപി ഗംഭീരമായി അവതരിപ്പിക്കുകയും ചെയ്തു. ഷമ്മി തിലകന്‍ അവതരിപ്പിച്ച ഇരുട്ടന്‍ ചാക്കോ എന്ന കഥാപാത്രം ജയിലില്‍ നിന്നിറങ്ങുമ്പോള്‍ എബ്രഹാം മാത്യു മാത്തന്‍ ചാക്കോയെ കാത്ത് നില്‍പ്പുണ്ട്. എന്നാല്‍ തന്റെ ഭാര്യ മ രിക്കാന്‍ കാരണക്കാരനായ ചാക്കോയ്ക്ക് ഭക്ഷണം നല്‍കുകയാണ് എബ്രഹാം മാത്യു മാത്തന്‍ ചെയ്യുന്നത്. ആ കഥാപാത്രത്തിന്റെ മറ്റൊരു മുഖമാണ് അവിടെ കാണാന്‍ കഴിയുന്നത്.

തീ, പക, പിന്നെ ഇരുട്ടന്‍ ചാക്കോയുടെ ഇരട്ടത്ത ല ക ത്തി
സിനിമയില്‍ തീയുടെ പ്രാധാന്യം വളരെ വലുതാണ്. തീപ്പൊരിയില്‍ നിന്നാണ് സിനിമ തുടങ്ങുന്നത്. ആലയില്‍ എബ്രഹാം മാത്യു മാത്തന്‍ ഇരട്ടത്തല കത്തി പണിയിപ്പിക്കുന്നതാണ് സിനിമയുടെ ആദ്യ രംഗം. ചാക്കോയുടെ കുപ്രസിദ്ധമായ ഇരട്ടത്തല കത്തി ഭൂമിയിലാരും കണ്ടിട്ടില്ല. കണ്ടിട്ടുള്ളവര്‍ ആരും ഇന്ന് ജീവിച്ചിരിക്കുന്നുമില്ല. അതിനൊരപവാദം എബ്രഹാം മാത്യു മാത്തനാണ്. എന്നാല്‍ അയാളും വളരെ വ്യക്തമായി കത്തി കണ്ടിട്ടില്ല. അധികം വെളിച്ചമില്ലാത്തൊരിടത്ത് വെച്ചാണ് ചാക്കോ എബ്രഹാം മാത്യു മാത്തന്റെ കൈത്തണ്ടയില്‍ കത്തി കുത്തിയിറക്കുന്നത്. ഭാര്യ അവിടെവെച്ച് മരണപ്പെടുന്നതും ചാക്കോ ദൂരെയ്ക്ക് കത്തി വലിച്ചെറിയുന്നതും കാരണം ഇരട്ടത്തല കത്തിയെ പൂര്‍ണമായും മനസ്സിലാക്കുവാന്‍ എബ്രഹാം മാത്യു മാത്തന് അന്ന് കഴിഞ്ഞിരുന്നില്ല. അയാളുടെ പിന്നീടുള്ള ജീവിതം ആ കത്തിയുടെ പിറകെ ആയിരുന്നു. ആരും കാണാത്ത, ആര്‍ക്കും അറിയാത്ത ഇരട്ടത്തല കത്തി ഉണ്ടാക്കാന്‍ എബ്രഹാം മാത്യു മാത്തന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ മുറിയില്‍ എത്തുന്ന മകള്‍ വിന്‍സി എബ്രഹാം മേശയ്ക്കുള്ളില്‍ കുറേ തരത്തിലുള്ള കത്തികള്‍ കാണുന്നുണ്ട്. അതൊക്കെ ചാക്കോയുടെ ഇരട്ടത്തല ക ത്തിയോട് പല തരത്തില്‍ സാമ്യമുള്ളതായിരുന്നു. എബ്രഹാം മാത്യു മാത്തന്‍ കത്തിയുണ്ടാക്കുവാനുള്ള തന്റെ ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു എന്നാണ് അതില്‍ നിന്നും മനസ്സിലാക്കുവാന്‍ കഴിയുന്നത്. ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അവസാനം ഇരട്ടത്തല കത്തി ഉണ്ടാക്കുവാന്‍ എബ്രഹാം മാത്യു മാത്തന് കഴിയുന്നത്. അതാണ് ആദ്യ രംഗത്തില്‍ നമ്മള്‍ സിനിമയില്‍ കാണുന്നത്. കത്തിയുണ്ടാക്കി കഴിയുന്നതിന്റെ അടുത്ത ദിവസം ഇരുട്ടന്‍ ചാക്കോ ജയില്‍ മോചിതനാവുകയും ചെയ്യുന്നുണ്ട്.

സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങളിലും തീ നിര്‍ണ്ണായകമായ കഥാപാത്രമായി എത്തുന്നുണ്ട്. വിന്‍സി എബ്രഹാമിനെ അടക്കം ചെയ്ത പെട്ടി തീചൂളയില്‍ ഇരിക്കുമ്പോള്‍ അവിടെ നിറയുന്നതും തീയാണ്. ആദ്യത്തേയും അവസാനത്തേയും രംഗങ്ങളിലെ തീയുടെ സാന്നിധ്യം സൂചിപ്പിക്കുന്നത് പക എന്ന വികാരം തന്നെയാകണം. ആദ്യ രംഗത്ത് തന്റെ ഭാര്യയെ ഇല്ലാതാക്കിയ ഇരുട്ടന്‍ ചാക്കോയോട് എബ്രഹാം മാത്യു മാത്തന് ഉള്ള പകയാണെങ്കില്‍ അവസാന രംഗത്ത് അജ്മല്‍ അമീര്‍ അവതരിപ്പിച്ച സോളമന് എബ്രഹാം മാത്യുവിനോടുള്ള പകയാണ്. തീര്‍ന്നില്ല, താന്‍ പണികഴിപ്പിച്ച ഇരട്ടത്തല കത്തികൊണ്ട് തന്നെയാണ് എബ്രഹാം മാത്യു മാത്തന്‍ സോളമനെ അവിടെ വക വരുത്തുന്നതും. അതില്‍ വളരെ രസകരമായ മറ്റൊരു കാര്യം കൂടിയുണ്ട്. ഇരട്ടത്തല കത്തിയെടുക്കുന്ന എബ്രഹാം മാത്യു മാത്തന്‍ അവിടെ ഇരുട്ടന്‍ ചാക്കോയായി മാറുന്നു. തന്റെ അമ്മയ്ക്ക് വേണ്ടിയാണ് ഇരുട്ടന്‍ ചാക്കോ ആദ്യമായി കത്തിയെടുക്കുന്നതെങ്കില്‍, മക്കള്‍ക്ക് വേണ്ടിയാണ് എബ്രഹാം മാത്യു മാത്തന്‍ അവിടെ ഒരു കൊലപാതകം നടത്തിയത്. ഇരുവരും തമ്മിലുള്ള മറ്റൊരു കണക്ഷന്‍ കൂടി സംവിധായകനും തിരക്കഥാകൃത്തും സിനിമയില്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ട്. കഥയുടെ ക്രൊണോളജിക്കല്‍ ഓര്‍ഡറില്‍ നോക്കി കഴിഞ്ഞാല്‍ വരുന്ന ആദ്യത്തെ സംഭവം ഇരുട്ടന്‍ ചാക്കോ ജയിലില്‍ നിന്ന് ഇറങ്ങുന്നതാണ്. അതിന് ശേഷമാണ് ഡ്രൈവര്‍ രാജന്‍ കൊ ല്ലപ്പെടുന്നതും പിന്നീടുള്ള അന്വേഷണങ്ങള്‍ നടക്കുന്നതും. (സിനിമയില്‍ രണ്ടാം പകുതിയിലാണ് ഇരുട്ടന്‍ ചാക്കോ ജയിലില്‍ നിന്ന് ഇറങ്ങുന്നത് കാണിക്കുന്നത്) കഥയുടെ അവസാനം ജയിലില്‍ നിന്ന് അതേ പോലെ ഇറങ്ങി വരുന്നത് എബ്രഹാം മാത്യു മാത്തനും ആണ്. ഒരു പോലീസുകാരന്‍ ഒരു ക്രി മിനലിന്റെ പുറകെ ഓടുകയും കഥാന്ത്യത്തില്‍ ആ പോലീസുകാരന്‍ തന്നെ ക്രി മിനലായി മാറുകയും ചെയ്യുന്നു. ഇതാണ് ശരിക്കും മറ്റൊരു തരത്തില്‍ പാപ്പന്‍.

ഒരാള്‍ കൊ ലപാതകിയാകുവാന്‍ കാരണം?
സിനിമയില്‍ ഏറ്റവും ഇന്‍ട്രസ്റ്റിംഗായി തോന്നിയ ഒരു കാര്യമാണിത്. എന്ത് കാരണംകൊണ്ടാണ് ഒരാള്‍ കൊലപാതകിയായി മാറുന്നത്.? സിനിമയിലെ തന്നെ പല കഥാപാത്രങ്ങള്‍ അതിന് ഉത്തരം നല്‍കുന്നുണ്ട്. ഇരുട്ടന്‍ ചാക്കോയുടെ ഉത്തരം താന്‍ കൊ ലപാതകിയാകുവാന്‍ കാരണം തന്റെ അമ്മയാണ് എന്നാണ്. ചാക്കോയുടെ അച്ഛന്‍ അവന്റെ അമ്മയെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. ഒരു നിമിഷം ആ സത്രീയ്ക്ക് തന്റെ ഭര്‍ത്താവിനെ കൊല്ലാന്‍ മകനോട് പറയേണ്ടി വന്നു. അങ്ങനെ ഇരുട്ടന്‍ ചാക്കോ ആദ്യ കൊലപാതകം ചെയ്തു. വീടുവിട്ടോടിയെ ചാക്കോ പിന്നെയും നിറയെ ആളുകളെ കൊന്നു. അവരെല്ലാം തങ്ങളുടെ അമ്മമാരെ ദ്രോഹിച്ച പുരുഷന്മാരായിരുന്നു. സിനിമയില്‍ ഡ്രൈവര്‍ രാജന്‍, സി ഐ സോമന്‍ നായര്‍ തുടങ്ങിയ കഥാപാത്രങ്ങളെ കൊന്നത് ഇരുട്ടന്‍ ചാക്കോയല്ല എന്ന് എബ്രഹാം മാത്യു മാത്തന്‍ ഉറപ്പിച്ച് പറയുവാനും ഒരു കാരണം അതായിരുന്നു. ഡ്രൈവര്‍ രാജന് ഫാമിലിയില്ല. സിഐ സോമന്റെ ഫാമിലിയെ കുറിച്ച് എബ്രഹാം മാത്യു മാത്തന്‍ ഇയാള്‍ സ്ത്രീകളോട് എങ്ങനെയാണ് എന്ന് തിരക്കുന്നുണ്ട്. വീട്ടില്‍ അമ്മയോടും ഭാര്യയോടുമൊക്കെ നല്ല സ്‌നേഹത്തിലാണ് എന്നാണ് അതിന് കിട്ടുന്ന മറുപടി. മാത്രമല്ല സോമന്‍ കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് അയാള്‍ എത്തുന്ന വീട്ടിലെ അമ്മയോടും വളരെ സ്‌നേഹത്തിലാണ് പെരുമാറുന്നത്. അതുകൊണ്ടാണ് ആ കൊ ലപാതകങ്ങള്‍ക്ക് പിറകില്‍ ചാക്കോ അല്ല എന്ന് ഉറപ്പിക്കുവാന്‍ കഴിയുന്നത്. അമ്മമാരെ ദ്രോഹിക്കുന്നവരെ ഇല്ലാതാക്കുക എന്നതാണ് ചാക്കോയുടെ രീതി.

ആശാ ശരത്ത് അവതരിപ്പിച്ച പോലീസ് സര്‍ജന്‍ ഡോക്ടര്‍ ഷേര്‍ളി എന്ന കഥാപാത്രത്തിന് മറ്റൊരു ഉത്തരമാണ് പറയാനുളളത്. ശക്തമായ പൂര്‍വ്വ വൈരാഗ്യം, അല്ലെങ്കില്‍ കൊന്നവന് പ്രാന്താണ് എന്നാണ് ഡോക്ടര്‍ ഷേര്‍ളി പറയുന്നത്. സിനിമയുടെ തുടക്ക രംഗത്തില്‍ പറയുന്ന ഈ സംഭാഷണം സിനിമ കണ്ട് കഴിയുമ്പോള്‍ എത്രത്തോളം പ്രസക്തിയുള്ളതാണെന്ന് നമുക്ക് മനസ്സിലാകും. ഷേര്‍ളി നടത്തിയ കൊലപാതകങ്ങളുടെ കാരണമാണ് ആ സംഭാഷണത്തിലൂടെ തുടക്കം തന്നെ അവര്‍ പ്രേക്ഷകരോട് പറയുന്നത്. തന്റെ പ്രിയപ്പെട്ടവനെ കൊലപെടുത്തിയ എല്ലാവരോടും അവര്‍ക്ക് വൈരാഗ്യമായിരുന്നു. ആ പകയുടെ പുറത്താണ് ഓരോരുത്തരേയും തേടിപിടിച്ച് അവര്‍ ഇല്ലാതാക്കിയത്. ജൂവല്‍ മേരി അവതരിപ്പിച്ച എഴുത്തുകാരിയായ ദ്രൗപതിയുടെ കഥാപാത്രത്തിനും സമാനമായ ഒരു മറുപടിയാണ് പറയാനുള്ളത്. പക, പ്രശസ്തി, പണം ഈ മൂന്ന് കാര്യങ്ങളുമാണ് ലോകത്തുള്ള എല്ലാ ക്രൂരകൃത്യങ്ങള്‍ക്കും പിറകില്‍ എന്നാണ് ദ്രൗപതി പറയുന്നത്. ഇന്നത്തെ ക്രൈമിന് പുറകില്‍ ഒരാളുടെ വേദനിപ്പിക്കുന്ന ഇന്നലെയുണ്ട് എന്നും പറഞ്ഞുവെയ്ക്കുന്നു. ഡോക്ടര്‍ ഷേര്‍ളിയുടെ കാര്യത്തില്‍ അത് ചേര്‍ത്ത് വായിക്കാവുന്നതാണ്.

എന്നാല്‍ എബ്രഹാം മാത്യു മാത്തന്റെ കാരണമാണ് ഇതിലേറ്റവും ശ്രദ്ധേയം. അയാള്‍ കൊലപാതകം ചെയ്തിട്ട് പറയുന്ന ചില കാര്യങ്ങളുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടത് ജീവിക്കുവാന്‍ വേണ്ടിയാണ് കൊന്നത് എന്നാണ്. സര്‍വൈവലിന് വേണ്ടി. ശ്രീജിത്ത് രവി അവതരിപ്പിച്ച ഡ്രൈവര്‍ രാജനും അതാണ് ചെയ്തത്. അയാള്‍ക്ക് സൈമണോട് പകയൊന്നുമില്ല. തന്റെ മുതലാളിയ്ക്ക് വേണ്ടി അയാള്‍ക്ക് കൊലപാതകം ചെയ്യേണ്ടി വരികയാണ്. ജീവിക്കുവാന്‍ വേണ്ടി തന്നെ. എല്ലാവര്‍ക്കും തങ്ങള്‍ ചെയ്ത കാര്യങ്ങളില്‍ അവരുടേതായ കാരണങ്ങളുണ്ടായിരുന്നു. സൈക്കോപാത്ത് അല്ല കൊലപാതങ്ങള്‍ക്ക് പിറകിലെന്ന് സിനിമ പറയുന്നുണ്ട്. കൃത്യമായ കാരണങ്ങള്‍ ഓരോ കൊലയ്ക്ക് പിന്നിലുണ്ടെന്നും എഴുത്തുകാരന്‍ പ്രേക്ഷകരോട് സംവദിക്കുകയാണ്.

എല്ലാത്തിനും സാക്ഷി, പ്രകൃതി
പ്രകൃതി ഒരു പ്രധാന പശ്ചാത്തലമാണ് സിനിമയില്‍. സിനിമയുടെ തുടക്കവും ഒടുക്കവും ഒരു മരമുണ്ട്. മരത്തിന് മുന്നിലെ പ്രതിഷ്ഠയ്ക്ക് അടിയിലാണ് പൊന്നിന്‍ കുരിശും സൈമണും ഉള്ളത്. അവിടെ നടന്നതിനൊക്കെ ആ മരം സാക്ഷിയാണ്. പ്രകൃതി എല്ലാം കാണുന്നുണ്ട്. എത്ര മനോഹരമായ ചിന്തയാണത്. ഡ്രൈവര്‍ രാജന്റെ ശരീരവും കെട്ടി തൂക്കിയത് ആ മരത്തിലാണ്. എന്തുകൊണ്ട് അവിടെ തന്നെ എന്ന് എബ്രഹാം മാത്യു മാത്തന്‍ അന്വേഷിച്ച് അവിടെ എത്തുന്നുമുണ്ട്. മറ്റൊരു രംഗം കൂടിയുണ്ട്. എബ്രഹാം മാത്യു മാത്തനും ഇരുട്ടന്‍ ചാക്കോയും ആയിട്ടുള്ള സംഘട്ടനത്തിനിടയില്‍ ഇരട്ടതല കത്തി പോയി വീഴുന്നത് ഒരു മരപ്പൊത്തിലാണ്. ആ കത്തി പിന്നെ ആരും കണ്ടിട്ടില്ല. അവിടെയും എല്ലാത്തിനും സാക്ഷി പ്രകൃതി തന്നെ.

പേരന്റിംഗ് പ്രശ്‌നങ്ങള്‍ പറയാതെ പറയുന്ന പാപ്പന്‍
റോംഗ് പേരന്റിംഗിന്റെ വലിയ പ്രശ്‌നങ്ങള്‍ പാപ്പന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇരുട്ടന്‍ ചാക്കോ കൊലപാതകിയാകുവാന്‍ കാരണം അയാളുടെ അമ്മ തന്നെയാണ്. അമ്മയാണ് മകനോട് കൊലപാതകം നടത്താന്‍ പറയുന്നത്. സജിത മഠത്തില്‍ അവതരിപ്പിച്ച കത്രീന പുത്തന്‍പുരയ്ക്കല്‍ എന്ന കഥാപാത്രവും തന്റെ മകന്‍ ബെനറ്റിനോട് പറയുന്നത് സൈമണെ കണ്ടെത്തി തീര്‍ക്കുവാനാണ്. കൂട്ടുകാര്‍ക്കൊപ്പമിരുന്ന് മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്യുന്ന ബെനറ്റിനെ ആ അമ്മ തിരുത്തുന്നുമില്ല. എബ്രഹാം മാത്യു മാത്തനും ഒരു തരത്തില്‍ നല്ലൊരു പേരന്റല്ല. തന്റെ മകളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കാതെ വരുമ്പോഴാണ് മകള്‍ വീട് വിട്ടിറങ്ങുന്നത്. ആരോടും ഉത്തരം കൊടുക്കുന്ന പ്രകൃതക്കാരനല്ല എബ്രഹാം മാത്യു മാത്തന്‍. ഒരുതരം മെയില്‍ ഈഗോ തന്നെ കാരണം. എന്നാല്‍ നല്ല പേരന്റിംഗിന് ഉദാഹരണമാണ് കനിഹ അവതരിപ്പിച്ച സൂസന്‍. അവരുടെ മകനായ ഗോകുല്‍ സുരേഷ് അവതരിപ്പിച്ച മൈക്കിള്‍ സിനിമയിലെ ഏറ്റവും പോസീറ്റീവ് കഥാപാത്രമാണ്.

ഇങ്ങനെ നിരവധി കാര്യങ്ങള്‍ പാപ്പന്‍ സിനിമയില്‍ ഒളിഞ്ഞുകിടപ്പുണ്ട്. വീണ്ടും വീണ്ടും കാണുമ്പോള്‍ ഓരോന്നും നമ്മുടെ മുന്നിലേക്ക് തെളിഞ്ഞു വരികയും ചെയ്യും. മികച്ചൊരു തിരക്കഥയില്‍ ഗംഭീരമായി ഒരുക്കിയ സിനിമ തന്നെയാണ് പാപ്പന്‍. തീയേറ്ററുകളില്‍ കണ്ട് ആസ്വദിക്കുക.

Scroll to Top