ലിനിയുടെ മക്കൾക്ക് ഒരു അമ്മയെ കിട്ടുന്നതിൽ അതിയായ സന്തോഷമുണ്ട് ; ആശംസയുമായി ശൈലജ ടീച്ചർ !!

കേരളത്തെ വിറപ്പിച്ചു കടന്നു പോയ മഹാമാരി ആയിരുന്നു നിപ്പ. നിപ്പയുമായുള്ള പോരാട്ടത്തിൽ നമ്മളെ മുന്നിൽ നിന്നും നയിച്ചത് ധൈര്യ സമ്പന്നരായ ആരോഗ്യ പ്രവർത്തകർ തന്നെയായിരുന്നു. തങ്ങളുടെ ജീവൻ പണയം വെച്ചും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ കുടുംബവും കുട്ടികളെയും ഒക്കെ ഉപേക്ഷിച്ചു പോരാടാൻ ഇറങ്ങി തിരിച്ചവർ. അതിൽ മലയാളികൾ മറക്കാത്ത പേരാണ് സിസ്റ്റർ ലിനി. വിവാഹിതനാവുകയാണെന്ന വിവരം പങ്കുവച്ച് സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് പുത്തൂർ. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് സജീഷ് ഇക്കാര്യം അറിയിച്ചത്.

പ്രിയ സുഹൃത്തുക്കളെ,ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക്‌ കാലെടുത്ത്‌ വെയ്ക്കുകയാണ്‌. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ്‌ 29 ന്‌ വടകര ലോകനാർ കാവ്‌ ക്ഷേത്രത്തിൽ വെച്ച്‌ ഞങ്ങൾ വിവാഹിതരാവുകയാണ്‌. ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം- സജീഷ് കുറിച്ചു .

സജീഷിനും പ്രതിഭയ്ക്കും വിവാഹ മംഗളാശംസകളുമായി മുൻ ആരോഗ്യമന്ത്രിയും എംഎൽഎയുമായ കെക ശൈലജ രംഗത്തെത്തുകയാണ്. ലിനിയുടെ മക്കളായ റിതുലിനും സിദ്ധാർത്ഥിനും ഒരു അമ്മയെ കിട്ടുന്നതിൽ അതിയായ സന്തോഷമുണ്ട്.കുറിപ്പിന്റെ പൂർണരൂപം :

ലിനിയുടെ മക്കളായ റിതുലിനും സിദ്ധാർത്ഥിനും ഒരു അമ്മയെ കിട്ടുന്നതിൽ അതിയായ സന്തോഷമുണ്ട്. കേരളത്തിൻ്റെ അഭിമാനഭാജനമായ ലിനി വിട്ടുപിരിഞ്ഞതിന് ശേഷം സജീഷും മക്കളും എല്ലാവരുടെയും മനസിൽ വേദനിക്കുന്നൊരോർമയാണ്. ലിനിയുടെ മക്കളെ പ്രയാസങ്ങളറിയാതെ വളർത്തുന്നതിൽ ലിനിയുടെ അമ്മയും കുടുംബാംഗങ്ങളും സജീഷും ശ്രദ്ധാലുക്കളായിരുന്നു.റിതുലിനും, സിദ്ധാർത്ഥിനും അമ്മയായി പ്രതിഭയും ചേച്ചിയായി ദേവപ്രിയയും എത്തുന്നത് മക്കളുടെ മനസ്സിന് സന്തോഷം നൽകുന്ന കാര്യമായിരിക്കും.ഈ കുടുംബത്തിന് എല്ലാ സന്തോഷങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

Scroll to Top