ഭാരം കുറയ്ക്കാൻ ജിമ്മിൽ പോയി ഒടുവിൽ ജോലി ഉപേക്ഷിച്ചു ജിം തുടങ്ങി സ്നേഹ ; വിഡിയോ

പ്രസവം കഴിഞ്ഞപ്പോൾ നന്നായി തടിച്ചു 85 കിലോയിലേറെ ഭാരത്തിലെത്തി ഒല്ലൂർ പുത്തൂക്കാരൻ സ്നേഹ അഖിൽ. പണ്ടേ കുറച്ചു താടിയുള്ളവർ പ്രസവ ശേഷം വീണ്ടും വണ്ണം വെക്കുന്നത് സ്വാഭികമാണ്. എന്നാൽ ആളുകളുടെ ചോദ്യത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല. ഭാരം കൂടുന്നതൊരു മോശം കാര്യമല്ല. പക്ഷേ, ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ പാട്, ആക്ടീവ് അല്ലെന്ന തോന്നൽ ഇതെല്ലാം മാനസികമായി തളർത്തുന്നതായി സ്നേഹയ്ക്കു തോന്നി. എല്ലാവരും ചെയ്യുന്നതുപോലെ വണ്ണം കുറയ്ക്കാൻ ജിമ്മിൽ പോയിത്തുടങ്ങി. കുഞ്ഞ് എഴുന്നേൽക്കുന്നതിനു മുൻപ് പുലർച്ചെ 5 മുതൽ 6 വരെ ഒരു മണിക്കൂർ കഠിനാധ്വാനം. എട്ടു മാസത്തെ പരിശീലനവും ഡയറ്റിംഗും കൊണ്ട് സ്നേഹ ഭാരം 55 കിലോയിലെത്തിച്ചു.

ഇതൊക്കെ പല സ്ത്രീകളും ഭാരം കുറക്കാൻ വേണ്ടി ചെയ്യുന്നതാണ്. എന്നാൽ സ്നേഹ വ്യത്യസ്തമായത് മറ്റൊരു രീതിയിലാണ്. ബിടെക് പഠിച്ചു കിട്ടിയ പ്രഫഷനോടു വിടപറഞ്ഞു ‘ഫിസിക്കൽ ട്രെയിനറുടെ പരിശീലനത്തിനു ചേർന്നു. റെപ്സ് ഇന്ത്യയുടെ ഇന്റർനാഷനൽ ഫിസിക്കൽ ട്രെയിനർ സർട്ടിഫിക്കറ്റ് നേടി. യോഗയിൽ ബിരുദാനന്തര ബിരുദമെടുത്തു. വീട്ടിൽ ഒരു ചെറിയ ജിം തുടങ്ങി. സ്ത്രീകൾക്കു വണ്ണം കുറയ്ക്കാനും വ്യായാമം ചെയ്യാനുമുള്ള സൗകര്യമൊരുക്കി.

ഇപ്പോൾ സ്നേഹ കുരിയച്ചിറയിലെ തൃശൂർ സ്പോർട്സ് സെന്ററിന്റെ മുകളിൽ ഡാർക് ജിം സിറ്റി എന്നപേരിൽ തുറന്ന ജിമ്മിൽ ഇരുനൂറോളം പേർക്ക് ആരോഗ്യ പരിശീലനം നൽകുന്ന ഫിസിക്കൽ ട്രെയിനർ ആണ്.കേരള സ്റ്റേറ്റ് ബോഡി ബിൽഡിങ് അസോസിയേഷൻ മിസിസ് കേരള ഗോൾഡ് മെഡൽ, തൃശൂർ ജില്ലാ ബോഡി ബിൽഡിങ് അസോസിയേഷൻ ജില്ലാ ഗോൾഡ് മെഡൽ തുടങ്ങി നിരവധി അംഗീകാരങ്ങളും ചുരുങ്ങിയ കാലയളവിൽ സ്നേഹക്ക് ലഭിച്ചു.

Scroll to Top