കല്യാണം എന്നത് ഓക്സിജൻ പോലെ, വിസ്മയയ്ക്ക് നീതി കിട്ടിയെന്ന് ഞാൻ കരുതുന്നില്ല : ഡോ സൗമ്യ സരിൻ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന ഡോക്ടർ സൗമ്യ സരിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,വിസ്മയക്ക് നീതി ലഭിച്ചെന്നു ഞാൻ കരുതുന്നില്ല. സമൂഹം ഈ വിധി കൊണ്ട്‌ ഒരു പാഠവും പഠിച്ചെന്നും ഞാൻ കരുതുന്നില്ല. ഇനി ഒരച്ഛനമ്മമാർക്കും ഈ അവസ്ഥ വരില്ലെന്നും ഞാൻ കരുതുന്നില്ല. കാരണം ഈ വിധിയോടെ ഇവിടെ ഒന്നും അവസാനിക്കുന്നില്ല. ഒന്നും മാറുന്നില്ല എന്നത് കൊണ്ട് തന്നെ. ഇവിടെ സംഭവിച്ചത് രണ്ട് കുടുംബങ്ങൾക്ക് മാത്രമാണ്. ഒരു കുടുംബത്തിന് മകളുടെ ജീവൻ നഷ്ടപ്പെട്ടു. മറ്റേ കുടുംബത്തിന് മകന്റെ ജീവിതവും. അത്രേ ഉള്ളു. നമുക്ക് വേണ്ടത് മാറ്റങ്ങൾ ആണ്. അടിമുടി മാറ്റങ്ങൾ. അതൊരിക്കലും ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് സംഭവിക്കില്ലായിരിക്കാം.

എങ്കിലും ഒരു തുടക്കമെങ്കിലും വേണ്ടേ?! 1. കല്യാണം എന്നത് ജീവിക്കാൻ ഓക്സിജൻ വേണം എന്നത് പോലെ ഒരു ജീവൻ രക്ഷ ഉപാധി അല്ല എന്നത് നമ്മുടെ ആൺകുട്ടികളും പെൺകുട്ടികളും മനസ്സിലാക്കണം. അവരെക്കാൾ മുമ്പേ അവരുടെ അച്ഛനന്മാരും! പ്രായപൂർത്തി ആയാൽ ഇതൊക്കെ മക്കളുടെ ഇഷ്ടത്തിന് വിട്ട് കൊടുക്കുക. അവർ മാനസികമായും ശാരീരികമായും ഒരു വിവാഹബന്ധത്തിന് ഒരുക്കമായാൽ മാത്രം അതിനെ പറ്റി അവരുമായി ചർച്ച ചെയ്തു ഒരു തീരുമാനം എടുക്കുക. മക്കളെ കല്യാണം കഴിപ്പിക്കുന്നത് നാട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടി ആവരുത് എന്ന് ചുരുക്കം! 2. സമ്പാദിച്ച കാശ് മക്കളുടെ കല്യാണത്തിന് ധൂർത്തടിക്കാതെ, സ്ത്രീധനം കൊടുക്കാൻ ചേർത്ത് വെക്കാതെ, അവരെ അവരാഗ്രഹിക്കുന്നത്ര പഠിപ്പിക്കാൻ ഉപയോഗിക്കണം. മുകളിൽ പറഞ്ഞ ഓക്സിജൻ പോലെ ജീവിക്കാൻ പ്രധാനമാണ് ഒരു ജോലിയും വരുമാനവും എന്ന് അവരെ മനസ്സിലാക്കിപ്പിക്കുക.

സാമ്പത്തിക ഭദ്രത, അഥവാ സ്വന്തം ആവശ്യങ്ങൾക്ക് ഒരുത്തന്റെ മുമ്പിലും കൈനീട്ടേണ്ട ഗതികേട് ഇല്ലാത്ത അവസ്ഥ, അതാണ് നമ്മുടെ മക്കൾക്ക് നമ്മൾ കൊടുക്കേണ്ട ഏറ്റവും വലിയ “സ്ത്രീധനം”. 3. കല്യാണമാലോചനകൾ വരുമ്പോൾ സ്ത്രീധനം എന്ന വാക്ക് ഉച്ചരിച്ചവന്റെ മുഖത്തു നോക്കി ‘ ഗെറ്റ് ഔട്ട് ഹൌസ് ‘ എന്ന ഒരൊറ്റ ഡയലോഗ് കാച്ചുക. അച്ഛനമ്മമാർക്ക് ബുദ്ധിമുട്ടാണെങ്കിൽ ആ കർമം പെൺമക്കൾക്കും നിർവഹിക്കാവുന്നതാണ്. ഒരു കാര്യം മാത്രം ശ്രദ്ധിക്കുക. ആട്ടുമ്പോൾ ലവലേശം ദയ പാടില്ല! 4. കല്യാണം കഴിച്ചു കൊടുത്തതിന് ശേഷം ആണ് ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ തല പൊക്കുന്നതെങ്കിൽ, കാര്യങ്ങൾ രമ്യമായി പരിഹരിക്കാൻ സാധിക്കുന്നില്ലെങ്കിൽ, മകളുടെ ജീവന് ആപത്തുണ്ടെന്ന് അവൾ ഒരു ചെറിയ സൂചന എങ്കിലും എപ്പോഴെങ്കിലും തന്നിട്ടുണ്ടെങ്കിൽ, വീട്ടിലേക്ക് വിളിച്ചോണ്ട് പോരുക.

ബാക്കി ഒക്കെ നമുക്ക് പിന്നെ ആലോചിക്കാം അല്ലാതെ ഇതൊക്കെ നാട്ടു നടപ്പാണെന്നും നീ ഒന്ന് അഡ്ജസ്റ് ചെയ്യൂ എന്നുമൊക്കെ മകളെ ഉപദേശിച്ചാൽ പിന്നീടുള്ള ജീവിതം ഇങ്ങനെ കോടതി കയറി ഇറങ്ങി തീർക്കാം. കല്യാണം കഴിപ്പിച്ചയക്കുക എന്നാൽ പടിയടച്ചു പിണ്ഡം വക്കൽ അല്ല. അതല്ല, കല്യാണം കഴിഞ്ഞാൽ നിങ്ങൾക്ക് മകളുടെ കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഇല്ല എന്നാണ് ചിന്ത എങ്കിൽ നിങ്ങളെ അച്ഛനമ്മമാർ എന്ന് തികച്ചു വിളിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് ആദ്യം സ്വയം മകൾക്ക് നീതി കൊടുക്കുക. അങ്ങിനെ ചെയ്താൽ പിന്നീട് നീതിക്ക് വേണ്ടി കൂടുതൽ വാതിലുകൾ നിങ്ങൾക്ക് മുട്ടേണ്ടി വരില്ല. നിങ്ങൾ മകൾക്ക് കൊടുക്കാത്ത നീതി ഈ സമൂഹം തരും എന്ന് പ്രതീക്ഷിക്കരുത്! പിന്നെ, മകൻ ആയാലും മകൾ ആയാലും പോയാൽ നഷ്ടം നിങ്ങൾക്ക് മാത്രം ആണ്.

സമൂഹത്തിന് ഒരു ചുക്കും സംഭവിക്കില്ല. അതുകൊണ്ട് ചില തീരുമാനങ്ങൾ എടുക്കുമ്പോ സമൂഹത്തോട് ” ജാവോ ” എന്ന് പറയുന്നതാകും അഭികാമ്യം! 4. പല കാരണങ്ങൾ കൊണ്ട് പെണ്മക്കളെ തിരിച്ചു സ്വീകരിക്കാൻ ബുദ്ധിമുട്ടുള്ള കുടുംബങ്ങൾ ധാരാളം നമുക്ക് ചുറ്റും ഉണ്ട്. ആഗ്രഹമുണ്ടെങ്കിൽ പോലും. പലപ്പോഴും സാമ്പത്തികം തന്നെ ആകും കാരണം. ആ കാര്യങ്ങൾ കൊണ്ട് ആ പെൺകുട്ടികൾ ജീവിതം മുഴുവൻ നരകിച്ചു തീർക്കണം എന്നത് എന്ത് നീതിയാണ്?! ഇതിൽ നമ്മുടെ സർക്കാരിനും ഉത്തരവാദിത്തം ഇല്ലേ? ഇങ്ങനെ ഉള്ള പെൺകുട്ടികൾക്ക് വേണ്ടി പുനരധിവാസ പ്ലാനുകൾ ഉണ്ടാക്കണം.

അവർക്ക് ഭയമില്ലാതെ വന്ന്‌ നില്ക്കാൻ, ഒരു കൈത്തൊഴിൽ പഠിക്കാൻ, സ്വയം സമ്പാദിക്കാൻ ഒക്കെ ഉള്ള ഒരവസരം നമ്മുക്ക് ഭരണസംവിധാനം ഒരുക്കി കൊടുക്കണം. അല്ലാതെ കാട്ടിക്കൂട്ട് നടപടികൾ അല്ല നമുക്ക് വേണ്ടത് 5. പിന്നെ അവസാനമായി പെൺകുട്ടികളോട്, വിലയിട്ട് വാങ്ങാൻ വരുന്നത് ഏതു അംബാനി ആണെങ്കിലും ‘ പോടാ മത്തങ്ങത്തലയാ ‘ എന്ന് പറയാനുള്ള ആർജവം ജീവിതത്തിൽ നേടിയെടുക്കുക. ആ ആത്മാഭിമാനബോധം മാത്രം മതി നിങ്ങൾക്ക് മുന്നോട്ട് നടക്കാനുള്ള ശക്തിയും ഊർജവുമായി… ചിട്ടയായ ഒരുക്കങ്ങൾക്കേ മാറ്റങ്ങൾ കൊണ്ട്‌ വരാൻ സാധിക്കൂ. ഇവിടെ വേണ്ടത് വികാരപ്രകടനങ്ങൾ അല്ല, മറിച്ചു വിവേകപൂർണമായ തീരുമാനങ്ങൾ ആണ്! അല്ലാത്ത പക്ഷം നമുക്ക് ഗാലറിയിൽ ഇരുന്നു തനിയാവർത്തനങ്ങൾ കണ്ട്‌ കൊണ്ടിരിക്കാം! ഡോ. സൗമ്യ സരിൻ

Scroll to Top