ഒരു പക്ഷെ അവരുടെ സർട്ടിഫിക്കറ്റുകളിൽ എഴുതപ്പെട്ടിരിക്കുന്നത് വെവ്വേറെ മതങ്ങളാകാം,പക്ഷെ അവർ ഒന്നിച്ചുകൂടിയത് മനുഷ്വത്വം എന്ന വികാരമാണ് ; വൈറൽ പോസ്റ്റ്.

നാം എല്ലാവരും സോഷ്യൽ മീഡിയയിലൂടെ രാപകൽ ഇല്ലാതെ സ്വന്തം ജീവൻ പോലും കണക്കിലെടുക്കാതെ ജീവൻ രക്ഷിക്കാനായി പായുന്നവരെ കാണാറുണ്ട്.പലരും നിത്യശമ്പളവും ആഹാരവും ഒക്കെ ഉപേക്ഷിച്ചാണ് രക്ഷാപ്രവർത്തനത്തിയായി എത്തുന്നത്.ഇതിനിടയിൽ വൈറലാകുന്ന ചിത്രമാണ് മൂന്ന് രക്ഷാപ്രവർത്തകർ ഒരു പാത്രത്തിൽ വെള്ളത്തിൽ നിന്ന് ആഹാരം കഴിക്കുന്ന ചിത്രം.രാത്രിയിലും ഒന്നും കഴിക്കാതെയാണ് അവർ ആളുകളെ ജീവിതത്തിലേക്ക് കരപിടിച്ച് കയറ്റാൻ ചെല്ലുന്നത്.അതിനെ കുറിച്ച് സന്ദീപ് ദാസ് എഴുതിയ പോസ്റ്റ് വൈറലാകുകയാണ്.പോസ്റ്റ് ഇങ്ങനെ.പ്രളയത്തിൽ അകപ്പെട്ട ക്രൈസ്തവരെ രക്ഷിക്കാൻ കൈകോർക്കുക.ഒരു ഫെയ്സ്ബുക്ക് പേജിൽ കണ്ട ആഹ്വാനമാണിത്അ.വർ എന്താണ് ഉദ്ദ്യേശിച്ചതെന്നറിയില്ല.ചിലപ്പോൾ പച്ചയ്ക്ക് വർഗീയത പറഞ്ഞതുതന്നെയാകാം.അല്ലെങ്കിൽ തമാശയോ സർക്കാസമോ ആകാം.രണ്ടിലേതായാലും അതിനുള്ള സമയമല്ല ഇത്.അതുപോലുള്ള വൃത്തികേടുകൾ പടച്ചുവിടുന്നവരെ വിശേഷിപ്പിക്കാൻ എൻ്റെ പദാവലിയിലുള്ള വാക്കുകൾ മതിയാകില്ല.ചില മനുഷ്യരുടെ ഉള്ളിലുള്ള ഉഗ്രവിഷത്തെ ഇല്ലാതാക്കാൻ പ്രകൃതിദുരന്തങ്ങൾക്കുപോലും സാധിക്കില്ല.2018ലെ പ്രളയത്തിൻ്റെ സമയത്ത് ‘അന്യമതക്കാരനായ’ മത്സ്യത്തൊഴിലാളിയുടെ ബോട്ടിൽ കയറാൻ ഒരു ബ്രാഹ്മണകുടുംബം വിസമ്മതിച്ചുവെന്ന് വാർത്തയുണ്ടായിരുന്നു.ഇപ്പോൾ കേരളം മറ്റൊരു പ്രളയത്തിൻ്റെ ഭീഷണിയിലാണ്.പക്ഷേ ദുഷ്പ്രചരണങ്ങൾക്ക് ഒരു കുറവും ഇല്ല.

സർക്കാരിൻ്റെ ദുരിതാശ്വാസനിധിയിലേക്ക് ഒരു രൂപ പോലും നൽകരുതെന്ന് പറയുന്നവർ.അവസരം മുതലെടുത്ത് പണം തട്ടിപ്പിന് ശ്രമിക്കുന്നവർ.ദൈവമില്ലെന്ന് സ്ഥാപിക്കാൻ വെമ്പൽ കൊള്ളുന്ന സോ കോൾഡ് യുക്തിവാദികൾ.മനുഷ്യർ നെട്ടോട്ടമോടുന്ന സാഹചര്യത്തിലും പ്രകൃതിയെക്കുറിച്ച് കവിതയെഴുതുന്ന കണ്ണിൽ ചോരയില്ലാത്ത കവികൾ.സേഫ് സോണിലിരുന്ന് ഈ വക ഉൗളത്തരങ്ങൾ പറയാൻ വളരെ എളുപ്പമാണ്.അല്പനേരത്തേക്ക് വൈദ്യുതി തടസ്സപ്പെട്ടാൽ ഉടനെ കെ.എസ്.ഇ.ബി ഒാഫീസിലേക്ക് വിളിച്ച് തെറിപറയുന്നതും ഇത്തരക്കാർ തന്നെയാകണം.പാവം കെ.എസ്.ഇ.ബി ജീവനക്കാർ നട്ടപ്പാതിരായ്ക്കും പുലർച്ചെയ്ക്കും വരെ ജോലി ചെയ്യുന്നുണ്ട്.അതെല്ലാം ആരു കാണാൻ.ഇത്തവണ പ്രളയം മൂലം കൂടുതൽ ദുരിതമനുഭവിക്കുന്നത് മലബാറുകാരാണ്.കുറേ മുസ്ലീങ്ങൾ തീർന്നുകിട്ടുമല്ലോ എന്ന ധ്വനിയിൽ സംസാരിക്കുന്ന ചില നികൃഷ്ടജീവികളെയും സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു.മലപ്പുറം=മിനി പാക്കിസ്ഥാൻ എന്ന മട്ടിലുള്ള വാട്സ് ആപ് മെസേജുകൾ ഭക്ഷിച്ചു ജീവിക്കുന്നതിൻ്റെ കുഴപ്പം.മലബാറുകാരുടെ സ്നേഹം എന്താണെന്ന് ഇവനൊന്നും ഈ ആയുസ്സിൽ മനസ്സിലാവുകയില്ല.അത് അനുഭവിക്കാനുള്ള യോഗവും അവറ്റകൾക്കില്ല.

ഇങ്ങനെ വിഷം തുപ്പുന്നവർ ഏതെങ്കിലും വിധത്തിലുള്ള രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തവരായിരിക്കുമോ? ഒരു സാദ്ധ്യതയുമില്ല.അങ്ങനെ ചെയ്തവർ ഈ വിധത്തിൽ സംസാരിക്കാൻ വഴിയില്ല.മണ്ണിൽ പുതഞ്ഞുപോയ മൃതദേഹങ്ങൾ നേരിൽക്കണ്ടിട്ടുള്ള ഒരാളാണ് ഈ ലേഖകൻ.അസഹനീയമായ കാഴ്ച്ചയാണത്.മെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്നവർ പോലും പതറിപ്പോകുന്ന സന്ദർഭം.മണ്ണിനടിയിൽ നിന്ന് നിലവിളി ഉയരുന്ന സമയമാണിത്.രക്ഷാപ്രവർത്തനത്തിൻ്റെ സമയത്തുപോലും ഉരുൾപൊട്ടുന്നു.കഷ്ടപ്പെട്ടും ഒരുപാട് സ്വപ്നങ്ങൾ കണ്ടും പണിത വീട്ടിൽ വെള്ളം കയറുമ്പോഴുള്ള നോവ് ഭീകരമാണ്.ഈ നാട്ടിൽ ഗർഭിണികളും കൈക്കുഞ്ഞുങ്ങളും വൃദ്ധരുമുണ്ട്.എല്ലാവരെയും എങ്ങനെ സുരക്ഷിതരാക്കും എന്ന കാര്യത്തെക്കുറിച്ചോർത്ത് സാധുമനുഷ്യർ തലപുകച്ചുകൊണ്ടിരിക്കുകയാണ്.പലർക്കും ഫോണിലൂടെയുള്ള ആശയവിനിമയം പോലും സാദ്ധ്യമാകുന്നില്ല.ഈ ഘട്ടത്തിലാണ് ചിലർ വെറുപ്പ് പ്രചരിപ്പിക്കുന്നത്.

സർക്കാരിൻ്റെ ദുരിതാശ്വാസനിധി വളരെ സുതാര്യമാണെന്ന വസ്തുത മനോരമ ന്യൂസിലടക്കം വാർത്തയായി വന്നിട്ടും അത് വിശ്വസിക്കാത്തവരെ എന്തുചെയ്യണം? നാടിനുവേണ്ടി പ്രവർത്തിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്ന മത്സ്യത്തൊഴിലാളികളെ കണ്ടില്ലേ? അവർ അങ്ങനെ ചെയ്യുന്നത് ആരുടെയും പ്രേരണ മൂലമല്ല.കഴിഞ്ഞവർഷവും അവർ തന്നെയാണ് നമ്മുടെ രക്ഷകരായത്.പക്ഷേ വെള്ളം ഇറങ്ങിയപ്പോൾ അതെല്ലാം നാം മറന്നിരുന്നു.എന്നിട്ടും ഈ വർഷവും കടലിലെ പോരാളികൾ മുന്നും പിന്നും നോക്കാതെ ചാടിയിറങ്ങി.ചിലർ രക്ഷപ്പെടുമ്പോൾ വളർത്തുമൃഗങ്ങളെയും തോളിലേറ്റുന്നു.അവരെല്ലാം മനുഷ്യരാണെന്നേ.ചുറ്റുമുള്ളവരെ പല തട്ടുകളിലായി വേർതിരിച്ചുകാണാത്ത പച്ചമനുഷ്യർ .കാലൊടിഞ്ഞവൻ്റെ വേദന മനസ്സിലാക്കാൻ നമ്മുടെ കാൽ ഒടിയുന്നതുവരെ കാത്തുനിൽക്കണമെന്നില്ല.നിങ്ങളുടെ വീട്ടുപടിയ്ക്കൽ വെള്ളം എത്തുന്നത് വരെ എന്തു തോന്നിവാസവും സോഷ്യൽ മീഡിയയിലൂടെ വിളിച്ചുപറയാം എന്നാണോ?മനുഷ്യൻ്റെ യുക്തി കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്.അത് വേണ്ട രീതിയിൽ ഉപയോഗിക്കണം.

അരയ്ക്കൊപ്പം വെള്ളത്തിൽ നിന്ന്,ഒരു പാത്രത്തിൽ നിന്ന് ആഹാരം കഴിക്കുന്ന മൂന്ന് രക്ഷാപ്രവർത്തകരുടെ ചിത്രം കണ്ടിരുന്നു.അവരെക്കുറിച്ച് എനിക്കൊന്നുമറിയില്ല.ഒരുപക്ഷേ അവരുടെ സർട്ടിഫിക്കറ്റുകളിൽ എഴുതപ്പെട്ടിരിക്കുന്നത് വെവ്വേറെ മതങ്ങളാകാം.പക്ഷേ അവരെ ഒന്നിച്ചുകൂട്ടിയത് ‘മനുഷ്യത്വം’ എന്ന വികാരമാണ്.സ്വന്തം ജീവൻ പോലും പണയപ്പെടുത്തി അവർ ഇറങ്ങിത്തിരിച്ചിരിക്കുന്നത് നമുക്കുവേണ്ടിയാണ്.അവരെ സഹായിച്ചില്ലെങ്കിലും അപമാനിക്കരുത്.അതുപോലും ചെയ്യാൻ പറ്റില്ലെങ്കിൽപ്പിന്നെ മനുഷ്യനാണെന്ന് പറഞ്ഞ് നടന്നിട്ട് എന്താടോ പ്രയോജനം.

Written by-Sandeep Das

FACEBOOK POST

Scroll to Top