വിക്രത്തിലെ ‘ഏജന്‍റ്‌ ടീന’ ഇനി മമ്മൂട്ടിക്കൊപ്പം, വൈറലായി ലൊക്കേഷന്‍ ചിത്രം

കമല്‍ഹാസന്‍ നായകനായ ‘വിക്രം’ എന്ന ഹിറ്റ് ചിത്രത്തിലെ ശ്രദ്ധയ കഥാപാത്രമായിരുന്നു ‘ഏജന്റ് ടീന’. വാസന്തിയാണ് ‘ടീന’യെ അവതരിപ്പിച്ചത്. ഇപ്പോഴിതാ മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തിലാണ് വാസന്തി അഭിനയിക്കുന്നത്.വർഷങ്ങളായി സിനിമയിലെ നൃത്തരം​ഗത്ത് സജീവമായി നിൽക്കുന്ന കലാകാരിയാണ് വാസന്തി. നൃത്തസംവിധായകൻ ദിനേശ് മാസ്റ്ററുടെ സഹായിയായി മാസ്റ്റർ എന്ന ചിത്രത്തിൽ പ്രവർത്തിക്കുമ്പോഴാണ് ലോകേഷ് വിക്രം സിനിമയിലേക്ക് വാസന്തിയെ തിരഞ്ഞെടുക്കുന്നത്.

മമ്മൂട്ടിക്കൊപ്പമുള്ള വാസന്തിയുടെ ലൊക്കേഷന്‍ സ്റ്റില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി സംവിധായകന്‍ ബി.ഉണ്ണികൃഷ്‌ണന്‍ ഒരുക്കുന്ന സിനിമയില്‍ വാസന്തിയും വേഷമിടുന്നതിന്‍റെ ഭാഗമായി പകര്‍ത്തിയ ചിത്രമാണിത്.ഇനിയും പേരിടാത്ത ചിത്രത്തില്‍ സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്‌മി എന്നിവരാണ് നായികമാര്‍. പ്രശസ്‌ത തെന്നിന്ത്യന്‍ താരം വിനയ്‌ റായ്‌ ആണ് വില്ലനായി എത്തുന്നത്. വിനയ്‌ റായുടെ ആദ്യ മലയാള സിനിമ കൂടിയാണിത്.

ഷൈന്‍ ടോം ചാക്കോ, ദിലീഷ്‌ പോത്തന്‍, ജിനു എബ്രഹാം, സിദ്ദിഖ്‌ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കും.ഛായാഗ്രഹണം നിർവഹിക്കുന്നത് ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദീഖ് ആണ്. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിങ് മനോജ്. കലാ സംവിധാനം ഷാജി നടുവിലും വസ്ത്രാലങ്കാരം പ്രവീൺവർമയും ചമയം ജിതേഷ് പൊയ്യയും കൈകാര്യം ചെയ്യുന്നു.

Scroll to Top