പ്രിയതമക്ക് പിറന്നാൾ സമ്മാനമായി എട്ട് കോടിയുടെ റോള്‍സ് റോയിസ് റെയ്ത്ത് സമ്മാനിച്ച് വ്യവസായി അംജദ്

പ്രിയപ്പെട്ടവരുടെ പിറന്നാൾ ആഘോഷിക്കാൻ നമുക്ക് എപ്പോഴും ആവേശമായിരിക്കും. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പ്രിയതമക്ക് വ്യത്യസ്തമായ പിറന്നാൾ സമ്മാനം നൽകിയതാണ്. പ്രവാസി വ്യവസായിയും ബി.സി.സി. കോൺട്രാക്ടിങ് സ്ഥാപന മേധാവിയുമായ കുറ്റ്യാട്ടൂർ സ്വദേശി അംജദ് സിതാരയാണ് തന്റെ പ്രേയസിക്കും ദിവസങ്ങൾ മാത്രം പ്രായമായ മകൾക്കും അപൂർവ ഉപഹാരം സമ്മാനിച്ചത്. ലോകത്തിലെ തന്നെ ആഡംബര വാഹനങ്ങളിലെ അതികായനായ റോള്‍സ് റോയിസ് റെയ്ത്ത് ബ്ലാക്ക് ബാഡ്ജ് എന്ന വാഹനമാണ് അംജദ് തന്റെ ഭാര്യയും ബി.സി.സിയുടെ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറുമായ മര്‍ജാന അംജദിന് പിറന്നാള്‍ സമ്മാനമായി നല്‍കിയത്. സമ്മാനത്തിന് ഇരട്ടി മധുരമേകി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവര്‍ക്കും ഒരു മകളും ജനിച്ചിരുന്നു. അയ്‌റ മാലിക് അംജദ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

റോള്‍സ് റോയിസ് പുറത്തിറക്കിയിട്ടുള്ള അത്യാഡംബര വാഹനമായ റെയ്ത്ത് ബ്ലാക്ക് ബാഡ്ജ് മോഡലിന് എട്ട് കോടി രൂപയാണ് വില. ഏകദേശം 29 ലക്ഷം രൂപയാണ് ഈ വാഹനത്തിന് ഇന്‍ഷുറന്‍സ് തുകയായി മാത്രം അടച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ഡോര്‍ മോഡലായ ഈ ആഡംബര വാഹനത്തില്‍ നാല് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. 5285 എം.എം. നീളവും 1947 എം.എം. വീതിയുമാണ് ഇതിനുള്ളത്.മെഴ്സിഡസ് ജി-വാഗൺ ഇ ക്ലാസ്, റേഞ്ച് റോവർ, ബെന്റ്ലി, ലെക്സസ്, ലാന്റ് ക്രൂയിസർ, ജീപ്പ്, ഡോഡ്ജ് തുടങ്ങിയ വാഹനങ്ങൾ അരങ്ങ് വാഴുന്ന അംജദിന്റെ ഗ്യാരേജിലേക്കാണ് ഇപ്പോൾ റോൾസ് റോയിസിന്റെ അത്യാഡംബര കൂപ്പെ മോഡലായ ഈ ചുവപ്പൻ റെയിത്തും സ്ഥാനം പിടിച്ചിരിക്കുന്നത്.

6592 സി.സി. ശേഷിയുള്ള വി12 ട്വിൻ-ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 591 ബി.എച്ച്.പി. പവറും 900 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. കേവലം 4.6 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള ശേഷിയുള്ള ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്.

Scroll to Top