വിവാഹത്തിന് സമ്മാനം വേണ്ട, സ്‌നേഹോപഹാരങ്ങള്‍ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ കൈമാറണം : ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എം.എൽ.എ. കെ.എം.സച്ചിൻദേവും തമ്മിലുള്ള വിവാഹം സെപ്‌റ്റംബർ നാലിന് നടക്കും. വിവാഹത്തിന് തങ്ങള്‍ യാതൊരുവിധ ഉപഹാരങ്ങളും സ്വീകരിക്കില്ലെന്നും ഇതൊരു അഭ്യര്‍ത്ഥനയായി കണക്കാക്കണമെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു .കുറിപ്പിന്റെ പൂർണരൂപം :

പ്രിയരെ,2022 സെപ്റ്റംബർ 4ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി ഹാളിൽ വെച്ച് ഞങ്ങൾ വിവാഹിതരാവുകയാണ്.പരമാവധിപേരെ നേരിൽ ക്ഷണിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആരെയെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ ഇതൊരു ക്ഷണമായി പരിഗണിച്ച് വിവാഹത്തിൽ സകുടുംബം പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുന്നു.വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ല. ഇതൊരു അഭ്യർത്ഥനയായി കാണണം.അത്തരത്തിൽ സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.എല്ലാവരുടെയും സാന്നിദ്ധ്യം കൊണ്ട് വിവാഹ ചടങ്ങ് അനുഗ്രഹീതമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.അഭിവാദനങ്ങളോടെ,ആര്യ , സച്ചിൻ.

ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ബാലസംഘം, എസ്എഫ്‌ഐ പ്രവര്‍ത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു.പതിനഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്.ഇരുപത്തി ഏഴാം വയസിലാണ് അദ്ദേഹം നിയമസഭയിലേക്ക് എത്തുന്നത്. സംസ്ഥാനം തന്നെ ശ്രദ്ധിച്ച മത്സരത്തിൽ ബാലുശ്ശേരിയിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയും സിനിമ താരവുമായി ധർമ്മജൻ ബോൾഗാട്ടിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിന്‍ദേവ്. നിലവില്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്.തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ശ്രദ്ധ നേടിയത്.ബാല സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ് ആര്യ. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയും, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് ആര്യ.

Scroll to Top