എന്റെ വീതിയും നീളവും അളക്കാൻ നിങ്ങളെ ഏൽപിച്ചിട്ടില്ല ;വിമര്‍ശകന് മറുപടിയുമായി ഭാഗ്യ സുരേഷ്

നടൻ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന് സമൂഹമാധ്യമങ്ങളിലൂടെ ബോഡി ഷെയ്മിങ്.യുബിസിയില്‍ നിന്ന് ബിരുദം നേടിയതിന്റെ ഫോട്ടോകള്‍ പങ്കുവെച്ചപ്പോഴാണ് സാമൂഹ്യ മാധ്യമത്തിലൂടെ ഒരാള്‍ മോശം കമന്റുമായി എത്തിയത്.ബോഡി ഷെയ്മിങ് ചെയ്ത വിമർശകന് കുറിക്കു കൊള്ളുന്ന മറുപടിയുമായി ഭാഗ്യ സുരേഷ് എത്തിയിരിക്കുകയാണ്.നീളത്തേയ്‍ക്കാള്‍ വണ്ണം കൂടിയവര്‍ക്ക് സാരി ചേരില്ല, പാശ്ചാത്യ വേഷമാണ് നല്ലത് എന്നായിരുന്നു ഒരു കമന്റ്. എന്നാല്‍ ഇഷ്‍ടപ്പെടുന്ന വേഷം ഇനിയും താൻ ധരിക്കുമെന്നായിരുന്നു ഭാഗ്യയുടെ മറുപടി.

വിമർശകന്റെ കമന്റ് ഇങ്ങനെ: ‘‘അഭിനന്ദനങ്ങൾ, നിങ്ങൾ സാരി ഒഴിവാക്കി പാശ്ചാത്യ വേഷം ധരിക്കുന്നതായിരിക്കും നല്ലതെന്നാണ് എന്റെ അഭിപ്രായം. സാരിയുടെ പ്രശ്നം എന്താണെന്നു വച്ചാൽ നീളത്തെക്കാൾ വണ്ണം കൂടിയവർക്ക് ചേരുന്ന വസ്ത്രമല്ല സാരി. സാരിയെക്കാൾ പാശ്ചാത്യ വേഷമായ പാവാടയും ബ്ലൗസും നിങ്ങളെ കൂടുതൽ കൂടുതൽ സ്‌മാർട്ടാക്കും’’.

‘‘ചോദിക്കാതെ തന്നെ നൽകിയ വിലപ്പെട്ട അഭിപ്രായത്തിന് നന്ദി. എന്റെ വീതിയേയും നിളത്തെയും കുറിച്ച് നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല. എനിക്ക് അനുയോജ്യമെന്നു തോന്നുന്ന വസ്ത്രങ്ങൾ ഞാൻ ഇനിയും ധരിക്കും. എല്ലാ ഇന്ത്യൻ വിദ്യാർഥികളും പാശ്ചാത്യരെ അനുകരിച്ച് അവരുടെ വേഷം ധരിക്കാൻ നിർബന്ധിതരാകുന്ന ഒരു വിദേശ രാജ്യത്ത് ബിരുദദാന ചടങ്ങിനായി എന്റെ വേരുകളെ ബഹുമാനിക്കാൻ പരമ്പരാഗതമായ കേരള സാരി ധരിക്കാനായിരുന്നു ഞാൻ ആഗ്രഹിച്ചത്. എന്റെ കാര്യത്തിൽ താൽപര്യം കാണിക്കാതെ നിങ്ങളുടെ സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റുള്ളവരുടെ ശരീരങ്ങളെയും വസ്ത്രങ്ങളെയും കുറിച്ച് അഭിപ്രായം പറയാതിരിക്കാനും ഇനിയെങ്കിലും ശ്രമിക്കുമല്ലോ.’’ ഇതായിരുന്നു കമന്റിന് മറുപടിയായി ഭാഗ്യ സുരേഷ് കുറിച്ചത്.

Scroll to Top