ദ്രൗപദി മുർമു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി ; ഇന്ത്യ ചരിത്രം രചിച്ചുവെന്ന് മോദി !!

ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി എൻ ഡി എ സ്ഥാനാർഥി ദ്രൗപതി മുർമുവിനെ തെരഞ്ഞെടുത്തു.ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള ഒരു വ്യക്തി രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ത്യ ചരിത്രം രചിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ദ്രൗപതി മുർമുവിന് വോട്ട് ചെയ്ത എല്ലാ എംപിമാർക്കും എം‌എൽ‌എമാർക്കും കക്ഷി രാഷ്ട്രീയത്തിനപ്പുറം നന്ദി പറയുന്നതായി പ്രധാനമന്ത്രി മോദി പറഞ്ഞു. ദ്രൗപതി മുർമുവിന്റെ റെക്കോർഡ് വിജയം നമ്മുടെ ജനാധിപത്യത്തിന് ശുഭസൂചനയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.


വെങ്കയ്യ നായിഡു, കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങി നിരവധി പ്രമുഖരുടെ പേരുകൾ രാഷ്ട്രപതി സ്ഥാനാർഥിയായി ബിജെപി പരി​ഗണിക്കുമെന്ന അഭ്യൂഹം ഉയർന്നതിന് ശേഷമാണ് വനിതയും ആദിവാസി വിഭാ​ഗത്തിൽ നിന്നുൾപ്പെട്ടതുമായ ദ്രൗപതി മുർമു എന്ന പേര് ഉയര്‍ന്നു വന്നത്.ഇന്ത്യൻ രാഷ്ട്രപതി സ്ഥാനത്തേക്കെത്തുന്ന ആദ്യ ഗോത്ര വനിതയാണ് ദ്രൗപതി മുർമു.540 എം പി മാരുടെ പിന്തുണയാണ് ദ്രൗപതി മുർമുവിനു ലഭിച്ചത്.പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയെ 208 എം പി മാരാണ് പിന്തുണച്ചത്.


പാർലമെൻ്റ് അംഗങ്ങൾ, നിയമസഭാംഗങ്ങൾ എന്നിവരാണ് പുതിയ രാഷ്ട്രപതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിൻ്റെ ഭാഗമായത്.ഇന്ന് രാവിലെ 11 മണി മുതൽ പാർലമെൻ്റ് മന്ദിരത്തിലാണ് വോട്ടെണ്ണൽ ആരംഭിച്ചത്.ഒഡിഷയിൽ നിന്നുള്ള ആദിവാസി വനിതാ നേതാവാണ് ദ്രൗപതി മുർമു. ബിജെപിയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. കൗൺസിലറായാണ് ദ്രൗപതി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് റൈരംഗ്പൂർ ദേശീയ ഉപദേശക സമിതിയുടെ വൈസ് ചെയർപേഴ്സണായി. 2013ൽ ഒഡീഷയിലെ പാർട്ടിയുടെ പട്ടികവർഗ മോർച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

Scroll to Top