കാണാം എന്നും പറഞ്ഞ് ഞങ്ങൾ പിരിഞ്ഞതാണ്,കാത്തിരിക്കുകയാണ് പ്രദീപേട്ടാ ; കോട്ടയം പ്രദീപിന്റെ വിയോഗത്തിൽ ഗോവിന്ദ് പത്മസൂര്യ

നടൻ കോട്ടയം പ്രദീപിന്റെ വിയോഗം വളരെ വേദനയോടെയാണ് സിനിമാലോകം കേട്ടത്. . ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്ത് വച്ചായിരിന്നു അന്ത്യം. 61 വയസായിരുന്നു.അറുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടായി ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു. ഐവി ശശി സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് കോട്ടയം പ്രദീപ് ചലച്ചിത്ര രംഗത്ത് എത്തിയത്.

ജൂനിയര്‍ അഭിനേതാവായാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്.വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം തുടങ്ങിയവ പ്രധാന ചിത്രങ്ങളായിരുന്നു.ഇപ്പോഴിതാ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ചിരിക്കുകയാണ് നടൻ ഗോവിന്ദ് പത്മസൂര്യ.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം പങ്കുവെച്ചത്.പ്രദീപിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ഗോവിന്ദ് കുറിച്ചത്.

ഒരിക്കൽ എന്റെ നമ്പർ എവിടെ നിന്നോ സംഘടിപ്പിച്ച് പ്രദീപേട്ടൻ എന്നെ വിളിച്ചു. ജിപിയെ എനിക്കും കുടുംബത്തിനും ഒരുപാട് ഇഷ്ടമാണ്, അവതരണം ഗംഭീരമാണ്, ഒരുമിച്ച് അഭിനയിക്കാൻ താല്പര്യമുണ്ട് എന്നൊക്കെ പറഞ്ഞു. ഞാൻ ഒരുപാട് സിനിമയിൽ ഒന്നും അഭിനയിക്കുന്നില്ല ചേട്ടാ, ചെയ്യുന്നതെല്ലാം തെലുങ്ക് സിനിമകളാണെന്നും ഞാൻ പറഞ്ഞു. എന്റെ വലിയ ആഗ്രഹമാണ്, അത് നടക്കും എന്ന് എനിക്ക് ഉറപ്പുണ്ട് എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അതോടെ അദ്ദേഹത്തോടൊപ്പം അഭിനയിക്കാനുള്ള മോഹം എനിക്കും വർധിച്ചു. ഭാഗ്യവശാൽ സുഹൃത്ത്‌ മിറാഷ് ചെയ്യുന്ന പ്രോജെക്ടിൽ ഞങ്ങൾക്ക് ഒരുമിച്ച് അഭിനയിക്കാൻ സാധിച്ചു. ഡബ്ബിങ്ങിനും പ്രൊമോഷനും കാണാം എന്നും പറഞ്ഞ് ഞങ്ങൾ പിരിഞ്ഞതാണ്. ഡബ്ബിങ്ങിനും പ്രൊമോഷനും ഞങ്ങൾ കാത്തിരിക്കുകയാണ് പ്രദീപേട്ടാ!പ്രണാമം ഓം ശാന്തി

Scroll to Top