“ചോർന്നൊലിക്കുന്ന കൂരയിൽ നിന്ന് രണ്ടേകാൽ സെന്റിൽ കൊട്ടാരം പോലൊരു വീട് ” !!! വൈറൽ വിഡിയോ

ചോർന്നൊലിക്കുന്ന വീട്ടിൽ നിന്ന് അടച്ചുറപ്പുള്ള വീട്ടിൽ താമസിക്കുക എന്ന ആഗ്രഹം സഭലമായതിന്റ സന്തോഷത്തിലാണ് കൊല്ലം സ്വദേശി മഞ്ജുക്കുട്ടൻ . കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത് മഞ്ജുക്കുട്ടന്റെ വീടും ചിത്രങ്ങളുമാണ്. മഞ്ജുക്കുട്ടൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ജനങ്ങൾ അഭിനന്ദനവുമായി എത്തിയത്. കുറിപ്പിന്റെ പൂർണരൂപം :

ഞാൻ പണിഞ്ഞത് എന്റെ സ്വപ്നമാണ്….കഴിഞ്ഞ വർഷത്തെ മഴ എനിക്ക് ഇപ്പോഴും ഓർമയുണ്ട് രാത്രി 1 മണിക്കും ഉറങ്ങാതെ കുത്തിയിരുന്ന് നേരം വെളുപ്പിച്ചത്. “മറ്റുള്ളവരൊക്കെ ഇപ്പോൾ സുഖമായി ഉറങ്ങുകയാണല്ലോ” എന്നോർക്കുമ്പോൾ കണ്ണിൽ നിന്ന് അറിയാതെ വെള്ളം വരുമായിരുന്നു. പുറത്ത് പെയ്യുന്ന മഴ അതെ വേഗതയിൽ തന്നെ അകത്തും പെയ്യുമ്പോൾ ഒന്ന് ഉറങ്ങാൻ കഴിയാതെ നിരവധി പത്രങ്ങൾ നിരത്തി വെച്ച് വീടിനകം നനയാതെ നേരം വെളുപ്പിക്കുമായിരുന്നു..ഇങ്ങനെ ഒക്കെ ആണെങ്കിലും പിന്നീട് എന്നേക്കാൾ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ഓർത്ത് സമാധാനിക്കും.എന്ത് പ്രതിസന്ധി ഉണ്ടെങ്കിലും ഒര് വീട് വേണമെന്ന് വാശി അങ്ങനെയാണ് തുടങ്ങിന്നത്, ഒര് രൂപ ഇല്ലത്തെ ഞാൻ പണി തുടങ്ങി എന്റെ വീടിന്റെ,ഈ സ്വപ്നത്തിന് ചിറക് മുളച്ചത് എന്റെ സുഹൃത്ത് ഷഫീക്കും അവന്റെ വാപ്പയുടെയും സ്നേഹം കൊണ്ടാണ്, വിജയാനന്ത്‌ പരിചയപെടുത്തിയ അഖിലും അവന്റെ കാഴ്ചപ്പാടും, ഡെവിഡിന്റെ ആദ്യ സംഭാവനയും, അൽത്താഫിന്റെ മാനസിക പിന്തുണയും, കൂട്ടുകാരുടെ സഹായവും എന്റെ വീടിന്റെ ഭംഗി കൂട്ടുന്നു. തെങ്ങിന്റെ മൂട്ടിൽ ഓല വെച്ച് ചരിച്ചുണ്ടാക്കിയ ആ ചരിപ്പിൽ നിന്നും തുടങ്ങി ഇന്ന് ഈ വീട്ടിലേക്ക് ഞങ്ങൾ കയറുമ്പോൾ ഒരുപാട് വീടില്ലാത്തവർക്ക് ഒന്ന് കയറി കിടക്കാൻ ഒര് ആശ്രയം കിട്ടട്ടെ എന്ന് ആശിക്കുന്നു.വീട് അതൊരു സ്വപ്നമാണ് ആ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് നിക്കരുത്….-കുറിച്ചതിങ്ങനെ.

‘‘ജനകീയാസൂത്രണ പദ്ധതി പ്രകാരം കരുനാഗപ്പള്ളി പഞ്ചായത്തിൽ ആദ്യം അനുവധിച്ച വീടാണ് ഞങ്ങളുടെത്. അന്നത് കാര്യമായി ശ്രദ്ധിച്ച് പണിയാനായില്ല. രണ്ട് മുറിയാണ് ഉണ്ടായിരുന്നത്. അഞ്ച് വർഷം കഴിഞ്ഞപ്പോഴേക്കും വീട് തകരാറിലായി. പിന്നീട് 25 വർഷത്തോളം ആ വീട്ടിലായിരുന്നു ഞങ്ങൾ. ഞാൻ, അമ്മ, ചേട്ടൻ, ചേട്ടന്റെ ഭാര്യ, കുഞ്ഞ് എന്നിവർ ആകെ രണ്ട് മുറികൾ മാത്രമുള്ള ആ വീട്ടിൽ കുറേയേറെ കഷ്ടപ്പെട്ടാണ് കഴിഞ്ഞിരുന്നത്. പുറത്ത് മഴ പെയ്യുമ്പോൾ അതേ പോലെ വീടിനുള്ളിലും മഴ പെയ്യും. വെള്ളം തറയിൽ വീഴാതിരിക്കാൻ പാത്രങ്ങൾ നിരത്തി വച്ച് രാത്രിയൊക്കെ ഉറങ്ങാതെയിരിക്കും’’. രണ്ടര സെന്റാണ് പ്രമാണത്തിലെങ്കിലും വസ്തു യഥാർത്ഥത്തിൽ രണ്ടേയുള്ളു. അതും ഒരു പ്രത്യേക രൂപത്തിലാണ്. നീളത്തിൽ, മുന്‍വശം വീതി കൂടിയും പുറകിലേക്ക് പോകുന്തോറും വീതി കുറഞ്ഞുമാണ് വസ്തു. ശരിക്കും ഒരു ‘വി’ ഷെയ്പ്.

കഴിഞ്ഞ മഴക്കാലത്താണ് ഒരു പുതിയ വീട് എന്ന ആഗ്രഹം മനസ്സിൽ കയറിയത്. കൂട്ടുകാരൊക്കെ പിന്തുണച്ചു. എന്നാൽ, ഒരു രൂപയില്ല ചെലവാക്കാൻ. പൊതുപ്രവർത്തകന്റെ എല്ലാ സാമ്പത്തിക പരിമിതികളുമുണ്ട്. കൂട്ടുകാരൊക്കെ സഹായിച്ചാണ് മുമ്പോട്ട് പോകുന്നത്. അങ്ങനെയിരിക്കെ എന്റെ സുഹൃത്തും കോൺട്രാക്ടറുമായ ഷഫീക്കാണ് വീട് പണി തുടങ്ങാം എന്നു പറ‍ഞ്ഞത്. പഞ്ചായത്തിൽ നിന്ന് ലെഫ് പദ്ധതിയുടെ 4 ലക്ഷം കിട്ടും. അപ്പോഴും പണി തുടങ്ങി വയ്ക്കാൻ കാശില്ല. അപ്പോൾ ഡേവിഡ് എന്ന കൂട്ടുകാരൻ 50000 രൂപ തന്നു. അങ്ങനെയാണ് 12 ലക്ഷം രൂപ ബജറ്റിട്ട് പണി തുടങ്ങിയത്. വിജയാനന്ദ് എന്ന എന്റെ സുഹൃത്തിന്റെ സുഹൃത്ത് അഖിൽ ആണ് എന്റെ താൽപര്യം കൂടി പരിഗണിച്ച് പ്ലാൻ വരച്ചു തന്നത്. രണ്ട് സെന്റിൽ നിൽക്കാവുന്ന തരത്തിൽ, പ്ലോട്ടിന്റെ രൂപം കൂടി പരിഗണിച്ചാണ് വരച്ചത്- മഞ്ജുക്കുട്ടൻ പറയുന്നു. വിഡിയോ കാണാം .

Scroll to Top