നൂറ് ദിവസം പിന്നിട്ട് ‘ഹൃദയം’; അഭിനന്ദനവുമായി മോഹന്‍ലാല്‍ !

പ്രണവ് മോഹൻലാല്‍ നായകനായ ചിത്രമാണ് ‘ഹൃദയം’. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. റിലീസ് ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രം ബോക്സോഫിസില്‍ വമ്പന്‍ വിജയമാണ് നേടിയത്. ഇപ്പോളിതാ ചിത്രം നൂറ്റിയൊന്ന് ദിനം പിന്നിട്ടതിന്‍റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍, ഈ അവസരത്തില്‍ ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി മോഹന്‍ലാലും രംഗത്തെത്തി. ഫെയ്സ്ബുക്ക് പേസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ അഭിനന്ദനം അറിയിച്ചത്.

വിജയകരമായ യാത്രയില്‍ ‘ഹൃദയം’ ടീമിനെ അഭിനന്ദിക്കുകയാണ് എന്ന് മോഹൻലാല്‍ എഴുതിയിരിക്കുന്നു.ഹൃദയം എന്ന സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരുടെയടക്കമുള്ളവരുടെ ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രം നൂറ്റിയൊന്നാം ദിവസത്തിലേക്ക് എത്തിയ സന്തോഷം അറിയിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ അടക്കമുള്ളവര്‍ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്.കൊവിഡ് കാലത്തും പ്രേക്ഷകര്‍ ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു നല്‍കിയിരുന്നത് പ്രണവിന്‍റെ ആദ്യ 50 കോടി ചിത്രം എന്ന റെക്കോഡും ഹൃദയം സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ആദ്യവാരം ചിത്രം നേടിയത് 16.30 കോടിയായിരുന്നു.

കേരളത്തിനു പുറത്ത് ചെന്നൈ, ബംഗളൂരു പോലെയുള്ള നഗരങ്ങളില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. യുഎസ്, കാനഡ, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ തുടങ്ങിയ വിദേശ മാര്‍ക്കറ്റുകളിലും മികച്ച നേട്ടമാണ് ചിത്രം ഉണ്ടാക്കിയത്. പാട്ടുകളുടെ എണ്ണത്തിൽ റെക്കോർഡ് ഇട്ടാണ് ഹൃദയം റിലീസ് ചെയ്തത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കിയിരുന്നു. ഈ ​ഗാനങ്ങൾ എല്ലാം തന്നെ മലയാളികളുടെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു.‌

Scroll to Top