“പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലൻ ആയും തോന്നിയ എന്റെ താടി വടിച്ച് കളഞ്ഞിട്ടുണ്ട് ; ട്രോളൻമാർക്ക് മറുപടിയുമായി സുരേഷ്ഗോപി

ട്രോളന്മാർക്ക് ചുട്ടമറുപടിയുമായി ക്ളീൻ ഷേവ് ചെയ്ത തന്റെ പുതിയ ചിത്രം പങ്കുവെച്ച് സുരേഷ് ഗോപി. പാപ്പൻ എന്ന സിനിമയ്ക്ക് വേണ്ടിയാണ് സുരേഷ്‌ഗോപി വെള്ളത്താടി വളർത്തിയത്. സമൂഹമാധ്യമങ്ങൾ വൻതോതിലുള്ള വിമർശനങ്ങളാണ് സുരേഷ്‌ഗോപിയുടെ താടിക്കുനേരെ ഉയർന്നത്. ഈയിടെ സുരേഷ്‌ഗോപിയുടെ താടിവച്ച മുഖത്തെ സിംഹവാലൻ കുരങ്ങിനോടുപമിച്ച് പോസ്റ്റിട്ടയാൾക്ക് മറുപടി നൽകിയതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.സുരേഷ്‌ഗോപിയുടെ വെള്ളത്താടി രാജ്യസഭയിൽ പോലും ചർച്ചാവിഷയമായിരുന്നു.

ക്ളീൻ ഷേവ് ചെയ്ത തന്റെ പുതിയ ചിത്രത്തിന് സുരേഷ്‌ഗോപി നൽകിയ അടിക്കുറുപ്പും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.രാജ്യസഭയിൽ വിജയകരമായി ആറുവർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവയ്ച്ച താരം തന്നെ സ്നേഹിക്കുന്നവരുടെ നിരന്തരമായ പ്രോത്സാഹനം കൊണ്ടുമാത്രമാണ് ദൃഢനിശ്ചയത്തോടെ ഏറ്റെടുത്ത കർത്തവ്യം നിറവേറ്റാനായതെന്നും അദ്ദേഹം കുറിച്ചു. എന്നാൽ സമൂഹ മാധ്യമങ്ങളിൽ തന്റെ താടിയുടെ പേരിൽ ട്രോളുചെയ്തവർക്കെതിരെ ശക്തമായി പ്രതികരിക്കാനും സുരേഷ്‌ഗോപി മറന്നില്ല.

“പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലൻ ആയും പലർക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്. ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്‌. ഒറ്റക്കൊമ്പന്റെ കൊമ്പ്” എന്ന കുറിപ്പിനൊപ്പമാണ് താടിവടിച്ച് കൊമ്പൻമീശ വച്ച ചിത്രം അദ്ദേഹം പങ്കുവയ്ച്ചത്.

Scroll to Top