എന്റെ ഭാര്യ രമ എന്നെ വിട്ടുപോയപ്പോള്‍ ആദ്യം ഓടിവന്ന് ആശ്വസിപ്പിച്ചയാളാണദ്ദേഹം ,ദേഷ്യപ്പെട്ട് കണ്ടിട്ടില്ല; ജഗദീഷ്

ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം അവസാനമായി ഒരുനോക്കു കാണാന്‍ ആയിരങ്ങളാണ് കോട്ടയം പുതുപ്പള്ളിയിലെ വീട്ടില്‍ കാത്തിരിക്കുന്നത്.ഭൗതിക ശരീരം വഹിച്ചു കൊണ്ടുളള വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് തിരിച്ചിട്ട് മണിക്കൂറുകളായി.ആയിരങ്ങളാണ് റോഡിൻറെ ഇരുവശവും അവസാനമായി ഒരു നോക്ക് കാണാൻ കാത്തു നില്കുന്നത്.ഉമ്മന്‍ചാണ്ടി സാറുമായുള്ള ബന്ധം രാഷ്ട്രീയത്തിനപ്പുറമെന്ന് നടന്‍ ജഗദീഷ്. സാറിന്റെ ഭാര്യ മറിയാമ്മയോടൊപ്പം കനറാ ബാങ്കില്‍ ഒന്നിച്ചു ജോലി ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും ജഗദീഷ് പറഞ്ഞു.

‘‘എകെ ആന്റണി സാറിന്റെ പത്നി എലിസബത്തും, ഞങ്ങളെല്ലാവരും ഒന്നിച്ചുണ്ടായിരുന്നവരാണ്. അന്ന് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ പ്രവര്‍ത്തകരായിരുന്നു ഞങ്ങള്‍. അന്നു മുതലുള്ള ബന്ധമായിരുന്നു, നേതാവെന്ന നിലയില്‍ അദ്ദേഹത്തിനുള്ള നേതൃപാടവം, സ്നേഹം, സൗഹൃദം ഒന്നും നമുക്കൊന്നും പിന്തുടരാനാവില്ല, നൂറില്‍ ഒരു ശതമാനം പോലും പറ്റില്ല. ദേഷ്യപ്പെട്ട് കണ്ടിട്ടില്ല, ആരോടും കയര്‍ക്കാറില്ല, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും സഹിഷ്ണുതയോടെ മാത്രമേ പെരുമാറാറുള്ളൂ..

ആ വീട്ടിലേക്ക് എപ്പോഴും കയറിച്ചെല്ലാനുള്ള അവകാശം എനിക്കുണ്ടായിരുന്നു. എന്റെ ഭാര്യ രമ എന്നെ വിട്ടുപോയപ്പോള്‍ ആദ്യം ഓടി വന്ന് ആശ്വസിപ്പിച്ചയാളാണദ്ദേഹം. എന്റെ കുട്ടികളുടെ വിവാഹത്തിനെല്ലാം പങ്കെടുത്തിട്ടുണ്ട്. എന്താവശ്യത്തിനും അദ്ദേഹത്തിന്റെയടുക്കലേക്ക് എനിയ്ക്കെന്നല്ല ആര്‍ക്കും ഓടിച്ചെല്ലാന്‍ കഴിയും എന്നതു തന്നെയാണ് അദ്ദേഹത്തിന്റെ പ്രത്യേകത.’’- ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

Scroll to Top