150 ൽ നിന്നു 180 തീയേറ്ററുകളിലേക്ക്!! ബോക്സ്‌ ഓഫീസിൽ ജയ ജയ ജയ ജയഹേ മാജിക്ക്

ജാനേമൻ എന്ന വമ്പൻ ഹിറ്റിനു ശേഷം ചിയേർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യറും ഗണേഷ് മേനോനും ചേർന്നു നിർമ്മിച്ച ചിത്രമാണ് ‘ജയ ജയ ജയ ജയഹേ’. ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.ഒക്ടോബര്‍ 28നാണ് ജയ ജയ ജയ ജയ ഹേ തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.തിയറ്ററിനെ ചിരിയുടെ പൂരപ്പറമ്പാക്കി ഹൗസ്ഫുള്‍ ഷോയുമായി മുന്നേറുകയാണ്.ഇതോടെ ഷോയുടെ എണ്ണം കൂട്ടിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ആദ്യ വാരത്തിൽ 150 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയതെങ്കിൽ രണ്ടാം വാരത്തിലേക്ക് എത്തുമ്പോൾ അത് 180 സെന്ററുകളിലേക്ക് ആയി ഉയർന്നു.രണ്ടാം വാരത്തിലേക്ക് എത്തുമ്പോഴും മറ്റു റീലീസുകളെക്കാൾ ബഹുദൂരം മുന്നിലാണ് ഈ ചിത്രമെന്നു പറയാതെ വയ്യ.

തിയേറ്റർ സിനിമ വ്യവസായം തന്നെ കാഴ്ചക്കാരുടെ അഭാവം മൂലം എന്ത് ചെയ്യുമെന്ന് പകച്ചു നിന്നിടത്താണ് ‘ജയ ജയ ജയ ജയ ഹേ ‘ ബോക്സ്‌ ഓഫീസിൽ അതിന്റെ മാജിക് കാട്ടിയത്.ജി സി സി യിലും മികച്ച പ്രകടനമാണ് ചിത്രം നേടുന്നത്. ഈ വരാന്ത്യത്തിലും അടുത്ത വാരത്തിലുമായി ഇനിയും ഒരുപാട് രാജ്യങ്ങളിൽ ചിത്രം റീലീസിന് എത്തും.സാധാരണ രീതികളിലൂടെ അസാധാരണ പശ്ചാത്തലമൊരുക്കി രണ്ടര മണിക്കൂര്‍ നേരം കാഴ്ചക്കാര്‍ക്കു മുമ്പില്‍ ഒരു കുടുംബത്തെ അവതരിപ്പിക്കുകയാണ് ജയജയജയ ജയഹേ.ബേസില്‍ ജോസഫിന്റെ രാജേഷും ദര്‍ശന രാജേന്ദ്രന്റെ ജയഭാരതിയും മാത്രമല്ല അസീസ് നെടുമങ്ങാടിന്റെ അനിയേട്ടനും സുധീര്‍ പറവൂറിന്റെ മണി അമ്മാവനും ആനന്ദ് മന്മഥന്റെ ജയനും, ചെറിയ റോളിൽ എത്തുന്ന മഞ്ജു പിള്ളയുടെ കുടുംബ കോടതി ജഡ്ജിയുമടക്കം സിനിമയിലെ എല്ലാ കഥാപാത്രങ്ങളേയും ലളിതമായാണ് അവതരിപ്പിക്കുന്നത്.

മുത്തുഗൗ, അന്താക്ഷരി തുടങ്ങിയ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ വിപിൻ ദാസാണ് സംവിധായകൻ.വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമി ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.അമൽ പോൾസനാണ് സഹ നിർമ്മാണം.അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്നു ഒരു കോമഡി എന്റെർറ്റൈനറാണ് ചിത്രം.ബബ്ലു അജുവാണ് ചായഗ്രാഹകൻ,ജോൺ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്.

Scroll to Top