‘മാറി നിന്ന എന്നെ തിരി തെളിക്കാന്‍ വിളിച്ച മമ്മൂക്ക’; കണ്ണ് നിറഞ്ഞ് ജോജു; വിഡിയോ

കഴിഞ്ഞ ദിവസമാണ് ആനന്ദ് ടി.വി ഫിലിം അവാർഡ് നടന്നത്. യുകെ യിലെ മഞ്ജസ്റ്ററിൽ വെച്ചാണ് ഷോ നടന്നത്. നിരവധി താരങ്ങളും അവർക്ക് വേണ്ട അംഗീകാരങ്ങളും ആനന്ദ് ഫിലിം അവാർഡ് നൽകി. അതിൽ ഏറ്റവും ശ്രദ്ധേയമായത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തന്നെയാണ്. ഭാര്യ സുൽഫത്തിനൊപ്പം ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. .മഞ്ജു വാരിയർ, ജോജു ജോർജ്, രമേഷ് പിഷാരടി, അപർണ ബാലമുരളി തുടങ്ങിയ താരങ്ങളും ഈ വേദിയിൽ പങ്കെടുക്കാൻ എത്തി.ഇപ്പോഴിതാ വേദിയിൽ മമ്മൂട്ടിയെ കുറിച്ച് ജോജു ജോർജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.രാജാധിരാജയെന്ന സിനിമയുടെ പൂജയ്ക്കിടെ മാറി നിന്ന തന്നെ വിളിച്ച് തിരി തെളിയിക്കാന്‍ പറഞ്ഞയാളാണ് മമ്മൂട്ടിയെന്ന് ജോജു ജോര്‍ജ്.

ഈ അവാര്‍ഡ് വാങ്ങുമ്പോള്‍ മമ്മൂക്ക വേദിയില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന ആഗ്രഹം കൂടി താരം പങ്കുവച്ചു. വികാരാധീനനായി ജോജു ഓര്‍മ പങ്കുവയ്ക്കുന്നതിനിടെ വേദിയിലേക്കെത്തി മമ്മൂട്ടി ജോജുവിന് സര്‍പ്രൈസും നല്‍കി. ‘നിനക്കെന്താ നാണം’ എന്നായിരുന്ന മമ്മൂട്ടിയുടെ ചോദ്യം. മമ്മൂട്ടി സ്റ്റേജിലെത്തിയെങ്കിലും മറക്കാനാവാത്ത ഓര്‍മ്മ പങ്കുവച്ചശേഷമാണ് ജോജു മടങ്ങിയത്.ജോജുവിന്റെ വാക്കുകളിങ്ങനെ… “ഞാൻ ആദ്യമായി ഡയലോഗ് പറയുന്നത് 1999 ലാണ്, അത് മമ്മൂക്കയുടെ പടമായിരുന്നു. നീ അഭിനയിച്ചാൽ ശരിയാകില്ലെന്നും നീ ഗതിപിടിക്കില്ലെന്നും പറഞ്ഞിട്ട് പോയി. 2010 ൽ “നീ കുഴപ്പമില്ലടാ’ എന്നു പറഞ്ഞു. ബെസ്റ്റ് ആക്ടറിൽ അതും മമ്മൂക്കയോടൊപ്പമായിരുന്നു. അതിനുശേഷം പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന സിനിമ. എന്റെ ജീവിതത്തിൽ അതുവരെ ലഭിച്ച വലിയ വേഷങ്ങളിലൊന്നായിരുന്നു അത്.

2013ലാണ് ആ പടം റിലീസ് ചെയ്തത്. അതുകഴിഞ്ഞ് ഒരു വർഷം എനിക്കു സിനിമയേ കിട്ടിയില്ല. ചെറിയ വേഷങ്ങളിൽ ഇവനെ വിളിക്കണ്ട, ഇവൻ വലിയ വേഷം ചെയ്തുവെന്നു പറഞ്ഞു. അങ്ങനെ ഒരു വർഷത്തെ ഗ്യാപ്പിനുശേഷം എനിക്കൊരു സിനിമ കിട്ടി. ആ ലോട്ടറിയടിച്ച പോലെയായിരുന്നു. “രാജാധിരാജ’, സിനിമയിൽ ഞാൻ അഭിനയിക്കാൻ ചെന്നു. പൊള്ളാച്ചിയിൽ ഒരു വീട്ടിൽ ഷൂട്ട് നടക്കുന്ന സമയത്ത്, ആദ്യത്തെ ദിവസത്തെ പൂജ നടക്കുകയാണ്. പൂജയ്ക്ക് തിരി കത്തിക്കാൻ നേരത്ത് ഞാനിങ്ങനെ മാറി നിൽക്കുകയായിരുന്നു. അപ്പോൾ മമ്മൂക്ക പറഞ്ഞു, അവനെ വിളിക്കാൻ പറഞ്ഞു എന്നിട്ട് എന്നെക്കൊണ്ട് ആ തിരി കത്തിച്ചു. ഞാനിങ്ങനെ മുഖം കുനിച്ചുപിടിച്ചുപോയാണ് ആ തിരി കത്തിച്ചത്. കാരണം ആ സമയത്ത് ഞാൻ കരയുകയായിരുന്നു.

അന്ന് ആ സിനിമയിലെ ഒരു അസിസ്റ്റന്റ് ഡയറക്ടർ എന്നെപ്പറ്റി പറയുന്നത് എന്റെ കൂടെ വന്ന ഒരാൾ കേട്ടു. “ഇവനെയൊക്കെ വച്ച് ഇത വലിയൊരു വേഷം അഭിനയിപ്പിക്കാമോ? ഇവൻ ഇപ്പോൾ അഭിനയിക്കും. അഭിനയം ശരിയായില്ലെങ്കിൽ അപ്പോൾ തന്നെ പറഞ്ഞുവിടുമെന്നു’ പറഞ്ഞു. ഇത് എന്റെ കൂട്ടുകാരൻ വന്ന് എന്നോടു പറഞ്ഞു. “എടാ നീ ഇന്ന് അഭിനയിച്ച് ശരിയായില്ലെങ്കിൽ നിന്നെ പറഞ്ഞുവിടും.അതുകൊണ്ട് നന്നായി ചെയ്യണമെന്ന് കേട്ടിട്ട് എന്റെ കിളിപോയി. ഇവിടെ നിന്ന് ഇന്ന് എന്നെ പറഞ്ഞുവിട്ടുകഴിഞ്ഞാൽ ആ നാണക്കേട് ജീവിതത്തിൽ എല്ലാകാലത്തും ഉണ്ടാകും എന്നതാണ് എന്റെ പ്രശ്നം. അഭിനയിക്കുന്നത് മമ്മൂക്കയുടെ കൂടെയാണല്ലോ. അങ്ങനെ ഷൂട്ടിങ് തുടങ്ങി. ആദ്യ ഷോട്ട് മമ്മൂക്കയുടെ കൂടെ. നാല് തവണ ഡയലോഗ് തെറ്റി. പണി പാളി. ഞാൻ ചുറ്റും നോക്കുന്നു, ഇവരൊക്കെ നിന്ന് കൊണ്ടൊക്കെ ഇത് വല്ലതും നടക്കുമോ’ എന്നൊക്കെയാണ് പറയുന്നത്.

ആ സമയത്ത് മമ്മൂക്ക എന്റെ തോളിൽ കൈവച്ചു. എന്നിട്ട് എന്നെ കുറച്ച് മാറ്റി വിളിച്ചുകൊണ്ടുപോയി പറഞ്ഞു, “നീ ആ ഡയലോഗ് ഒന്ന് നീട്ടി പറഞ്ഞാ, നിനക്കെന്താ പേടി’ .എന്റെ അടുത്ത് മമ്മൂക്കയാണ് നിൽക്കുന്നത്. എനിക്ക് പറയാൻ പറ്റിയില്ല.ഇതുപോലെ വലിച്ച് പറയാൻ പറഞ്ഞ് എനിക്ക് അത് എങ്ങനെയെന്ന് കാണിച്ചുതന്നു. ഞാൻ ആ ഡയലോഗ് പറഞ്ഞു. ‘ഇത്രയേയുള്ളൂ’വെന്ന് പറഞ്ഞ് അദ്ദേഹം എന്നെ ഷൂട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. മമ്മൂക്ക ഇത് ഓർക്കുന്നുണ്ടാകില്ല. എന്നെപ്പോലെ ഒരുപാട് പേർ ഉണ്ടാകും. പക്ഷേ എന്റെ ജീവിതത്തിലെ ഒരുപാലമായിരുന്നു അത്. ഇത് വലിയ ദിവസമാണ്’.. ജോജു പറഞ്ഞ് നിര്‍ത്തിയതും അടുത്ത ദിവസം ജോജു ഒരു ലോറി നിറയെ മീന്‍ കൊണ്ടുവന്ന കഥ മമ്മൂട്ടിയും പങ്കുവച്ചു.

Scroll to Top