ആറ് മാസം പ്രായമുള്ള കുഞ്ഞുമായി പരീക്ഷ എഴുതാൻ എത്തി ; കുഞ്ഞിനെ പരിപാലിച്ച് വനിതാ കോൺസ്റ്റബിൾ!!

അമ്മയ്ക്ക് പരീക്ഷ എഴുതാൻ വേണ്ടി പരീക്ഷാ ഹാളിന് പുറത്ത് ആറുമാസം പ്രായമായ കുഞ്ഞിന് സംരക്ഷകയായത് വനിതാ കോൺസ്റ്റബിൾ.ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ഒരു അമ്മ പരീക്ഷ എഴുതാനെത്തി. എന്നാൽ കുഞ്ഞിനെ നോക്കാൻ ആരും ഇല്ല. മറ്റാരും വരാൻ കാത്തില്ല, ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ കോൺസ്റ്റബിൾ ആ ഉത്തരവാദിത്തം ഏറ്റെടുത്തു.ഞായറാഴ്ച ഗുജറാത്തിലെ ഓധവിൽ വെച്ച് നടന്ന ഗുജറാത്ത് ഹൈക്കോടതി പ്യൂൺ റിക്രൂട്ട്മെന്‍റ് പരീക്ഷ എഴുതാനെത്തിയ അമ്മയ്ക്കാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥ തുണയായത്. കോൺസ്റ്റബിൾ ദയാ ബെൻ ആണ് പരീക്ഷയെഴുതാൻ എത്തിയ ഉദ്യോഗാർത്ഥിയുടെ ആറുമാസം പ്രായമായ കുഞ്ഞിനെ പരീക്ഷ സമയം തീരുവോളം പരീക്ഷാ ഹാളിന് പുറത്ത് പരിപാലിച്ചു. പരീക്ഷ തീരുവോളം ആർക്കും ശല്യമുണ്ടാക്കാതെ പൊലീസിനൊപ്പം കുഞ്ഞ് അമ്മയെ കാത്തിരുന്നു.

അഹമ്മദാബാദ് പൊലീസാണ് വനിതാ കോൺസ്റ്റബിളിന്റെയും കുഞ്ഞിന്റെയും ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ദയാ ബെൻ കുഞ്ഞിനെ എടുത്തതോടെ കുഞ്ഞ് കരച്ചിൽ നിർത്തുകയും അമ്മ പരീക്ഷയെഴുതി പുറത്തുവരുന്നത് വരെ ശാന്തമായി ഇരിക്കുകയും ചെയ്തുവെന്നാണ് ട്വിറ്റർ പോസ്റ്റിനോടൊപ്പം ചേർത്ത കുറിപ്പിൽ പൊലീസ് പറയുന്നത്.ഞായറാഴ്ച നടന്ന പരീക്ഷ എഴുതാൻ ഓടിക്കിതച്ചെത്തിയ സ്ത്രീ തന്റെ കരയുന്ന കുഞ്ഞിനെ എന്തു ചെയ്യുമെന്നറിയാതെ പകച്ച് നിൽക്കുകയായിരുന്നു. മിനുറ്റുകള്‍ക്കുള്ളിൽ പരീക്ഷയും തുടങ്ങും. ഈ കാഴ്ച കണ്ടു നിന്ന ദയാ ബേൻ എന്ന വനിതാ കോൺസ്റ്റബിളിനു മനസ്സിലായി, അങ്ങനെ അത് ഏറ്റെടുക്കുകയായിരുന്നു.ഡ്യൂട്ടിയോടൊപ്പം കുഞ്ഞിനെയും സംരക്ഷിച്ച പൊലീസുകാരിക്ക് അഭിനന്ദനമറിയിക്കുകയാണ് സോഷ്യൽ മീഡിയ. പേരു പോലെ ദയയുള്ള പെരുമാറ്റമെന്നും ഇങ്ങനെയുള്ളവരാണ് നാടിന് അഭിമാനമെന്നും കമന്റുകൾ പറയുന്നു.

Scroll to Top