കഴുത്തറ്റം വെള്ളത്തിൽ നിന്നാണ് ജൂഡ് ഈ സിനിമ ഷൂട്ട് ചെയ്തത്: ജോയ് മാത്യു

2018ലെ മഹാപ്രളയത്തിന്റെ ഓര്‍മകള്‍ മലയാളി മനസുകളില്‍ വീണ്ടും സൃഷ്ടിച്ച സിനിമയാണ് ‘2018’.കേരളത്തിന്‍റെ 2018 ലെ പ്രളയകാലം സ്ക്രീനില്‍ എത്തിച്ചിരിക്കുന്ന ചിത്രം വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. ഒരു വലിയ സ്വപ്ന സാക്ഷാൽക്കാരത്തിനു മുന്നിൽ ആണ് ജൂഡ് ആന്തണി എന്ന സംവിധായകൻ.ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം ഒരേ തരത്തില്‍ വന്ന പോസിറ്റീവ് അഭിപ്രായങ്ങള്‍ വൈകുന്നേരത്തോടെ തിയറ്ററുകളില്‍ പ്രതിഫലിച്ചു. ഇപ്പോഴിതാ സിനിമയുടെ ഒരു ഭാഗമായ ജോയ് മാത്യു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 2018 ന്റെ ലൊക്കേഷനിൽ എത്തിയപ്പോൾ തന്നെ ഇതൊരു ഹിറ്റ് ചിത്രമായി മാറുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നു നടൻ ജോയ് മാത്യു.ജൂഡ് ആന്തണി ജോസഫ് എന്ന സംവിധായകന്റെ ആത്മാർഥതയും കഠിനാധ്വാനവും അത്രത്തോളമുണ്ടായിരുന്നു.

‘‘2018 ന്റെ കഥ കേട്ടപ്പോൾ ഇത്ര വലിയ സ്കെയിലിൽ ഉള്ള പടമാണെന്ന് കരുതിയില്ല. പക്ഷേ ലൊക്കേഷനിൽ ചെന്നപ്പോൾ എനിക്ക് മനസ്സിലായി ഇത് ഒരു വലിയ സംഭവമാകാൻ പോവുകയാണെന്ന്. കാരണം എത്രയോ ഏക്കർ സ്ഥലത്ത് വെള്ളം കെട്ടി നിർത്തിയിട്ട് ആണ് അത് ഷൂട്ട് ചെയ്തത്. പിന്നെ റിസ്കി ആയിട്ടുള്ള ഷോട്ടുകളും ആർട്ടിസ്റ്റുകളുടെ നീണ്ട നിരയും ഒക്കെ കണ്ടപ്പോൾ ഇതൊരു വലിയ പടമായി മാറുമെന്ന് ഉറപ്പുണ്ടായിരുന്നു. പിന്നെ ജൂഡിന്റെ ഭീകരമായ ആത്മവിശ്വാസം. ഡബ്ബിങ് ചെയ്യുമ്പോൾ ഒരു ചെറിയ വാക്കിന്റെ കറക്‌ഷന് വേണ്ടി പോലും ഞാൻ കോഴിക്കോട് നിന്നു വന്നു.

കാരണം അയാളുടെ പടത്തിനോടുള്ള ആത്മാർഥത എനിക്ക് മനസ്സിലായി. കഴുത്തറ്റം വെള്ളത്തിൽ നിന്നിട്ടാണ് അദ്ദേഹം ഒരു മാസമൊക്കെ ഷൂട്ട് ചെയ്തത്. എല്ലാവരും ബുദ്ധിമുട്ടിയിട്ടുണ്ട്. ടൊവീനോക്ക് ചെവിയിലൊക്കെ ഇൻഫെക്‌ഷൻ ആയിട്ടുണ്ട്. ഇങ്ങനെയുള്ള പടങ്ങൾ ഉണ്ടാകുമ്പോൾ ആളുകൾ തിയറ്ററിലേക്ക് ഇരച്ചു കയറും. അന്യഭാഷാ ചിത്രങ്ങൾ കണ്ട് കോൾമയിര്‍ കൊണ്ടിട്ട് കാര്യമില്ല നമ്മൾ ജീവിക്കുന്ന ചുറ്റുപാടുമുള്ള സംഭവങ്ങൾ സിനിമയാക്കുകയും അത് കാണാൻ പ്രേക്ഷകർ വരുകയും വേണം. സിനിമ വലിയ ഹിറ്റായി അത് വലിയ സന്തോഷമുള്ള കാര്യമാണ്.’’– ജോയ് മാത്യു പറയുന്നു.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വലിയ താരനിര ചിത്രത്തിൻ്റെ ഭാഗമാണ്. കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് നിർമ്മാണം. അഖിൽ പി ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ജോർജ്ജും ചിത്രസംയോജനം ചമൻ ചാക്കോയുമാണ് നിർവ്വഹിച്ചിരിക്കുന്നത്. നോബിൻ പോൾ സംഗീതവും, വിഷ്ണു ഗോവിന്ദൻ സൗണ്ട് ഡിസൈനും നിർവ്വഹിച്ചു.

Scroll to Top