ട്രെൻഡിനൊപ്പം ; അറബിക് കുത്തിന് സുഹൃത്തിനൊപ്പം ചുവടുവച്ച് കീര്‍ത്തി സുരേഷ് : വിഡിയോ

വിജയ് ചിത്രം ബീസ്റ്റിലെ ‘അറബിക് കുത്ത്’ പാട്ടിനു ചുവടുവച്ച് നടി കീർത്തി സുരേഷ്.സാമന്തയ്ക്കു പിന്നാലെ മറ്റൊരു സെലിബ്രിറ്റി കൂടി അറബിക് കുത്തിന് ചുവടുവച്ചിരിക്കുകയാണ്.സുഹൃത്തിനൊപ്പമാണ് താരത്തിന്റെ മനോഹര നൃത്തം. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. എനർജറ്റിക്കായി ചുവടുക വയ്ക്കുന്ന കീർത്തി സുരേഷിനെയാണ് വീഡിയോയിൽ കാണാൻ കഴിയുക. പ്രണയദിനത്തിലാണ് ‘അറബിക് കുത്ത്’ പ്രേക്ഷകർക്കരികിലെത്തിയത്. 12 ദിവസങ്ങൾ കൊണ്ട് 10 കോടിയിലേറെ പ്രേക്ഷകരെ സ്വന്തമാക്കി തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യൻ കാഴ്ച്ചക്കാരെ നേടിയ ഗാനം എന്ന റെക്കോർഡ് പാട്ട് സ്വന്തമാക്കി.

അറബിക് ശൈലിയിൽ തമിഴ് ചേർത്തൊരുക്കിയ ഗാനത്തിനു പിന്നിൽ സൂപ്പർഹിറ്റ് സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ ആണ്. നടൻ ശിവകാർത്തികേയൻ എഴുതിയ വരികൾ അനിരുദ്ധും ജോനിതാ ഗാന്ധിയും ചേർന്ന് ആലപിച്ചു. പാട്ട് വൈറൽ ആയതോടെ താരങ്ങൾ ഉൾപ്പടെയുള്ളവർ പാട്ടിനൊപ്പം ചുവടുവച്ചു രംഗത്തെത്തിയത് ശ്രദ്ധേയമായിരുന്നു. വിജയ്ക്കൊപ്പം മലയാളി താരം ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ബീസ്റ്റ്’. പൂജ ഹെഗ്‌ഡെ നായികയായെത്തുന്നു.

ഏപ്രിൽ 14 ന് ‘ബീസ്റ്റ്’ റിലീസ് ചെയ്യുമെന്നാണ് വിവരം. മഹേഷ് ബാബു നായകനാവുന്ന ‘സർക്കാരു വാരി പട്ട’യാണ് കീർത്തിയുടേതായി റിലീസിനൊരുങ്ങുന്ന തെലുങ്ക് ചിത്രം. മേയ് 12 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. മലയാളത്തിൽ ‘വാശി’യാണ് കീർത്തിയുടെ പുതിയ സിനിമ. ടൊവിനോ തോമസ് നായകനാവുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തിടെയാണ് പൂർത്തിയായത്.

Scroll to Top