‘ആദ്യ ശമ്പളമായി 400 രൂപ കിട്ടിയപ്പോള്‍ ലോകം കീഴടക്കിയ സന്തോഷമായിരുന്നു’; 15 വർഷം എടുത്തു ഇന്ന് കാണുന്ന ‍ഞാനാകാൻ’; ലക്ഷ്മി നക്ഷത്ര!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഠമാർ പഠാർ, സ്റ്റാർ മാജിക്ക് തുടങ്ങിയ ജനപ്രിയ പരിപാടികളുടെ അവതാരകയായി എത്തി രസകരമായ അവതരണശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ലക്ഷ്മിയ്ക്ക് സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ട്. ലക്ഷ്മി സംഗീത ലോകത്തു നിന്നും റേഡിയോ ജോക്കിയായി 2007 മുതൽ ജോലി തുടങ്ങി. പിന്നീട് അവതാരക ആയിട്ടായിരുന്നു ലക്ഷ്മിയുടെ ലോകം. രസകരമായ നിരവധി ഗെയിമുകൾ ആണ് സ്റ്റാർ മാജിക് പരിപാടിയുടെ പ്രത്യേകത.വിനോദത്തിന് വേണ്ടി മാത്രമാണ് മത്സരാർത്ഥികൾ എല്ലാം തന്നെ ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. ഒരു വിജയി, അല്ലെങ്കിൽ പരാജിതൻ എന്ന കോൺസെപ്റ്റ് ഈ പരിപാടിയിൽ ഇല്ല. അതുകൊണ്ടുതന്നെ ഈ പരിപാടി കണ്ടിരിക്കാൻ മലയാളികൾക്ക് ഒരു പ്രത്യേക ആവേശമാണ്. കൗണ്ടറുകൾ ആണ് ഈ പരിപാടിയുടെ ഏറ്റവും വലിയ മറ്റൊരു പ്രത്യേകത. ഉരുളക്കുപ്പേരി പോലെ ആണ് എല്ലാ ചോദ്യങ്ങൾക്കും ഉത്തരങ്ങൾ മത്സരാർത്ഥികളുടെ ഭാഗത്തുനിന്നും വരുന്നത്.തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ ഇടയ്ക്കിടെ ലക്ഷ്മി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

സ്വന്തമായി യൂട്യൂബ് ചാനലുള്ള താരം വിശേഷങ്ങള്‍ പങ്കുവച്ചും എത്താറുണ്ട്. ഇപ്പോഴിതാ ലക്ഷ്മി നക്ഷത്ര യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയാണ് ശ്രദ്ധേയമായിരിക്കുന്നത്. ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ക്യു ആന്റ് എ വീഡിയോയാണ് ലക്ഷ്മി പങ്കുവെച്ചത്. ആങ്കറിങിലേക്ക് എത്തിയതിനെ കുറിച്ചും ആദ്യത്തെ ശമ്പളത്തെ കുറിച്ചുമെല്ലാം ലക്ഷ്മി വീഡിയോയിൽ വെളിപ്പെടുത്തിയിട്ടുണ്ട്.കുട്ടിക്കാലം മുതല്‍ സിനിമാ പാട്ട് സീനുകളിലൊക്കെ അഭിനയിച്ചിരുന്നതായി ലക്ഷ്മി നക്ഷത്ര പറയുന്നു. അവതാരകയാകണമെന്ന തോന്നല്‍ വന്ന സമയത്താണ് വീടിനടുത്തുള്ള ലോക്കല്‍ ചാനലില്‍ അവസരമുണ്ടെന്ന് പരസ്യം കണ്ടത്. അങ്ങനെ അവിടെ പോയി സെലക്ഷന്‍ കിട്ടി. മാസം നാല് ഞായാറാഴ്ച പ്രോഗ്രാമുണ്ട്. ചോദ്യം ചോദിച്ച് ഉത്തരം പറയുന്നവര്‍ക്ക് പാട്ടുവച്ചുകൊടുക്കുന്നതാണ് പരിപാടി. ആദ്യ മാസം നാല് ഞായറാഴ്ച പൂര്‍ത്തിയാക്കിയപ്പോള്‍ എനിക്ക് ശമ്പളമായി നാനൂറ് രൂപ കിട്ടി. ജോലി ചെയ്ത് നേടിയ നാനൂറ് രൂപ കൈയില്‍ കിട്ടിയപ്പോള്‍ ലോകം കീഴടക്കിയ സന്തോഷമായിരുന്നുവെന്ന് ലക്ഷ്മി നക്ഷത്ര പറയുന്നു.

അവിടെ നിന്ന് ടിസിവി ചാനലിലേക്കും പിന്നീട് ജീവനിലേക്കും വീടിവിയിലേക്കും അവസരം ലഭിച്ചു. അച്ഛന്‍ 33 വര്‍ഷത്തിലധികം പ്രവാസിയായിരുന്നു. അമ്മയുടെ സംരക്ഷണയിലായിരുന്നു താന്‍. അവതാരകയാകണം എന്നൊന്നും പറഞ്ഞാല്‍ അന്ന് അമ്മ സമ്മതിക്കില്ലായിരുന്നു. പിന്നെ അമ്മമ്മയാണ് തനിക്ക് എപ്പോഴും പിന്തുണയായി ഉണ്ടായിരുന്നതെന്നും ലക്ഷ്മി നക്ഷത്ര പറയുന്നു. അവതാരക എന്ന മേഖലയില്‍ അന്നും ഇന്നും തനിക്ക് പ്രചോദനമായിട്ടുള്ളത് രഞ്ജിനി ഹരിദാസാണെന്നും ലക്ഷ്മി പറയുന്നു. അവതാരക എന്ന ജോലിക്ക് മാന്യതയുണ്ടെന്ന് മലയാളികളെ പഠിപ്പിച്ചത് രഞ്ജിനി ഹരിദാസാണ്. ഇപ്പോഴും ആങ്കറിങ് എന്ന് പറഞ്ഞാല്‍ എല്ലാവരുടേയും മനസിലേക്ക് ഓടി വരുന്നതും രഞ്ജിനി ഹരിദാസിന്റെ മുഖമാണെന്നും ലക്ഷ്മി നക്ഷത്ര കൂട്ടിച്ചേര്‍ത്തു.ഫ്ലവേഴ്സാണ് ലക്ഷ്മി ഉണ്ണികൃഷ്ണനെ ലക്ഷ്മി നക്ഷത്രയാക്കി മാറ്റിയത്.പതിനഞ്ച് വർഷത്തിലധികം നീണ്ട യാത്ര നടത്തേണ്ടി വന്നു ഇന്ന് കാണുന്ന ലക്ഷ്മി നക്ഷത്രയാകാൻ. ഒരുപാട് സന്തോഷത്തോടെ ചെയ്യുന്ന ജോലിയാണ്. എന്റെ ജീവിതം മാറി മറിഞ്ഞത് ഫ്ലവേഴ്സിലൂടെയാണ്. ലക്ഷ്മി നക്ഷത്ര പറയുന്നു.

Scroll to Top