“ജ്യേഷ്ഠസഹോദരനെപ്പോലെ ചേർത്തുപിടിച്ച വാത്സല്യമായിരുന്നു ; ഔപചാരികമായ ആദരാഞ്ജലി നൽകാൻ ആവുന്നില്ല – മോഹൻലാൽ

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടൻമാരിൽ ഒരാളായിരുന്നു കേശവൻ വേണുഗോപാലൻ നായർ എന്ന നെടുമുടി വേണു. മലയാള സിനിമയുടെ തീരാനാഷ്ടമാണ് നെടുമുടി വേണുവിന്റെ വിയോഗം.നെടുമുടി വേണുവിനെ ആരോഗ്യ പ്രശ്നങ്ങൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.തിരുവനന്തപുരത്തെ ഒരു സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു താരം.താരത്തിന്റെ ആരോഗ്യ നില ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.ഒന്നിലധികം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു എന്നാണ് പരിശോധിക്കുന്ന ഡോക്ടർമാർ നൽകിയ വിവരം.നാടന്‍ പാട്ടിലും കഥകളിയിലും നാടകത്തിലും മൃദംഗത്തിലും കഴിവുതെളിയിച്ച കലാകാരന്‍.

ഒട്ടനവധി സിനിമകളിൽ മോഹൻലാൽ-നെടുമുടി വേണു കോമ്പിനേഷൻ മലയാളി കണ്ടിട്ടുണ്ട്. അച്ഛനും മകനുമായി, ജേഷ്ഠനും അനിയനുമായി, മുത്തച്ഛനും പേരക്കുട്ടിയുമായി അങ്ങനെ… അങ്ങനെ… നെടുമുടി വേണു എന്ന പ്രതിഭയുടെ വേർപാട് തനിക്ക് എത്ര വലിയ ആഘാതമാണെന്ന് പറഞ്ഞുവെക്കുകയാണിപ്പോൾ നടൻ മോഹൻലാൽ.സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പിന്റെ പൂർണരൂപം :

അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട് പ്രിയപ്പെട്ട വേണുച്ചേട്ടൻ നമ്മെ വിട്ടുപിരിഞ്ഞു. നാടക അരങ്ങുകളിൽ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിൻ്റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേർപാട് മലയാളത്തിൻ്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് . വ്യക്തിപരമായി എനിക്കതൊരു വലിയ വേദനയും. ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേർത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടൻ എനിക്ക്. എത്ര സിനിമകളിൽ ഒന്നിച്ചു ഞങ്ങൾ. മലയാളം നെഞ്ചോടുചേർത്ത എത്ര വൈകാരിക സന്ദർഭങ്ങൾ ഒന്നിച്ചുസമ്മാനിക്കാനായി ഞങ്ങൾക്ക്. ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എൻ്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നൽകാൻ ആവുന്നില്ല. കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിൻ്റെ സ്നേഹച്ചൂട് ഹൃദയത്തിൽ നിന്ന് ഒരിക്കലും മായില്ല…- മോഹൻലാൽ കുറിച്ചു.

മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു, 2003ല്‍ പ്രത്യേക പുരസ്കാരവും മികച്ച നടനുള്ള സംസ്ഥാന അവാർഡ് രണ്ടുവട്ടം നേടി.മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായിരുന്നു നെടുമുടി വേണു എന്ന പേരിൽ അറിയപ്പെടുന്ന കെ. വേണുഗോപാൽ. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം, പ്രാഥമികമായി മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാ രചനയിലും ഏർപ്പെട്ടിട്ടുള്ള അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.

Scroll to Top