ഇന്ന് രാവിലെ ഇറച്ചി വാങ്ങാൻപോയപ്പോൾ ടിക്കറ്റ് എടുത്തു, ഉച്ചയ്ക്ക് അടിച്ചത് 12 കോടി ; നിറക്കണ്ണുകളോടെ സദൻ പറയുന്നു

ലോട്ടറി വകുപ്പിന്റെ ക്രിസ്മസ്– പുതുവത്സര ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം കോട്ടയം അയ്മനം സ്വദേശി സദാനന്ദന്. ഒന്നാം സമ്മാനമായ 12 കോടിയാണ് കോട്ടയത്തെ പെയിൻ്റിംഗ് തൊഴിലാളിക്ക് ലഭിച്ചത്. സദൻ രാവിലെ ഇറച്ചി വാങ്ങാൻ പോയപ്പോൾ എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 50 വർഷത്തിലേറെയായി പെയിന്റിങ് പണി ചെയ്ത് ജീവിക്കുന്ന ആളാണ് സദൻ. ഒന്നരരൂപ കൂലിയ്ക്ക് പണിക്ക് പോയി തുടങ്ങിയതാണെന്നും അദ്ദേഹം പറയുന്നു. ഒരുപാട് കടമുണ്ട്.മക്കൾക്ക് വേണ്ടി എല്ലാം ചെയ്യണം. ഈറനണിഞ്ഞ കണ്ണുകളോടെ സദൻ പറയുന്നു. …

രാവിലെ പത്ത് മണിയോടെ സാധനങ്ങൾ വാങ്ങാനായി കടയിൽ പോയതായിരുന്നു സദന്‍. പോകുംനേരം ഭാര്യ രാജമ്മ ലോട്ടറി എടുക്കുന്ന കാര്യം സദനോട് പറഞ്ഞിരുന്നു. എന്നാൽ കയ്യിൽ കാശില്ലെന്ന് പറഞ്ഞായിരുന്നു സദൻ വീടുവിട്ടിറങ്ങിയത്. വഴിയിൽ വച്ച് സുഹൃത്തായ ശെൽവൻ എന്ന ലോട്ടറി വിൽപനക്കാരനെ കാണുകയും സാധനം വാങ്ങാൻ വച്ചിരുന്ന 500 രൂപയിൽ നിന്ന് 300രൂപ കൊടുത്ത് ടിക്കറ്റ് എടുക്കുകയുമായിരുന്നു.

“തിരഞ്ഞ് നോക്കി ടിക്കറ്റ് എടുക്കാറില്ല. ശെൽവനെ കണ്ടപ്പോൾ ഏതേലും ഒരു ടിക്കറ്റ് തരാൻ ആവശ്യപ്പെട്ടു. വിൽക്കാൻ ബാക്കിയുണ്ടായിരുന്ന ടിക്കറ്റുകളിൽ ഒന്ന് അദ്ദേഹം തരികയായിരുന്നു”,സദൻ പറയുന്നു. സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളല്ല താനെന്നും എന്നാൽ ഇക്കുറി ക്രിസ്മസ് ബമ്പർ എടുക്കണമെന്ന് കരുതിയിരുന്നുവെന്നും സദൻ കൂട്ടിച്ചേർത്തു. കുടയംപടിയിലെ ചെറിയ വീട്ടിലാണ് സദനും കുടുംബവും താമസിക്കുന്നത്. സദന് രണ്ടു മക്കള്‍ ആണ് ഉള്ളത്. സനീഷ് സദനും , സഞ്ജയ് സദനും. ഇരുവരും വിവരമറിഞ്ഞ് ജോലിസ്ഥലത്ത് നിന്ന് വീട്ടിലേക്ക് എത്തുകയായിരുന്നു. ഏറെ ആരോ​ഗ്യപ്രശ്നങ്ങൾ സദനെ അലട്ടിയിരുന്നു. ഈ പ്രശ്നങ്ങൾക്ക് ഇടയിലാണ് ഭാ​ഗ്യകടാക്ഷം.

Scroll to Top