കളിയാക്കിയവരെ വായടപ്പിച്ച് 74 ൽ നിന്ന് 51 ലേക്ക്,കുഞ്ഞിനെ കഴിയുന്നത്ര മുലയൂട്ടുക,മെലിയാൻ അതുമതി : ശരണ്യ മോഹൻ.

മലയാള സിനിമയിലെ മികച്ച നടിയാണ് ശരണ്യ മോഹൻ. മലയാളത്തെ കൂടാതെ തമിഴിലും അഭിനയിച്ചിരുന്നു.ബാലനടിയായി മലയാളത്തിലും തമിഴിലും അഭിനയിച്ചുതുടങ്ങി. തമിഴിലെ ഒരു നാൾ ഒരു കനവ്, യാരടി നീ മോഹിനി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. 2015 സെപ്ററംബർ 6 നു വിവാഹിതയായി.രണ്ട് മക്കളാണ് താരത്തിന് ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ്. ഫോട്ടോസിനൊക്കെ നിരവധി ലൈക്കും കമ്മെന്റുമാണ് ലഭിക്കുന്നത്.രണ്ടാമത്തെ പ്രസവശേഷം താരം വല്ലാതെ വണ്ണം വെച്ചു. അതെ പറ്റി നിരവധി പേരാണ് വിമർശനങ്ങളുമായി എത്തിയത്. എന്നാൽ അവരുടെ ഒക്കെ വായ അടപ്പിച്ച് കിടിലൻ മേക്ക് ഓവരിൽ എത്തിയിരിക്കുകയാണ് ശരണ്യ.74 കിലോയിൽ നിന്നും 51 കിലോയിലേക്കും അതിൽ നിന്നും 58 ലേക്കും വീണ്ടും 51ലേക്കുമുള്ള യാത്രകളെക്കുറിച്ചും തടിയുടെ പേരിൽ കേട്ട വിമർശനങ്ങളെക്കുറിച്ചുമെല്ലാം മനോരമ ആരോഗ്യത്തോട് തുറന്നു പറയുന്നു ശരണ്യ.ശരണ്യയുടെ വാക്കുകളിലേക്ക്

പ്രസവം കഴിഞ്ഞു തടി വച്ചു എന്നു സങ്കടപ്പെടുന്ന സ്ത്രീകളോട് എനിക്കു പറയാനുള്ളത്, കുഞ്ഞിനെ കഴിയുന്നത്ര മുലയൂട്ടുക എന്നാണ്. അതു ശരീരം മെലിയാൻ സഹായിക്കും. ഞാൻ മൂത്ത കുട്ടിക്കു രണ്ടു വയസ്സുവരെ പാലു കൊടുത്തിരുന്നു. മുലയൂട്ടൽ കഴിഞ്ഞ് പഴയതുപോലെ മിതമായ ഭക്ഷണരീതിയിലേക്കു മാറി. ഡാൻസ് പ്രാക്ടീസും പഠിപ്പിക്കലും കൂടി ആരംഭിച്ചതോടെ 74 കിലോയിൽ നിന്നും 50–51 കിലോ വരെയെത്തി. അപ്പോഴാണ് രണ്ടാമത് ഗർഭിണിയാകുന്നത്.

ആദ്യഗർഭകാലത്തു മനസ്സിലാക്കിയ ചില കാര്യങ്ങൾ രണ്ടാമത്തെ ഗർഭകാലത്ത് ഉപകാരപ്പെട്ടു. പ്രത്യേകിച്ച് ഭക്ഷണകാര്യത്തിൽ. ഇഷ്ടമുള്ള എല്ലാ ഭക്ഷണവും കഴിക്കുമായിരുന്നു. പക്ഷേ, അളവു ശ്രദ്ധിച്ചു. ചില ഭക്ഷണങ്ങൾക്കു പകരം കുറച്ചുകൂടി ആരോഗ്യകരമായവ ഉൾപ്പെടുത്തി. ഉദാഹരണത്തിന് ആദ്യ ഗർഭകാലത്ത് വിശക്കുമ്പോൾ ചോറോ ഇഡ്‌ലിയോ ദോശയോ ഒക്കെയാണ് കഴിച്ചിരുന്നത്. രണ്ടാമത് ഗർഭിണി ആയപ്പോൾ വിശപ്പു താരതമ്യേന കുറവായിരുന്നു. വിശപ്പു തോന്നിയാൽ തന്നെ ഫ്രൂട്സ് കഴിക്കും, അല്ലെങ്കിൽ ഒാട്സ്.. രണ്ടുനേരം ചോറുണ്ണുന്നതിനു പകരം ഒരുനേരം ചപ്പാത്തിയോ ഒാട്സോ കഴിച്ചു. ചിലപ്പോൾ ഒരു ചപ്പാത്തിയും അൽപം ചോറും കറികളുമൊക്കെയായി കഴിച്ചു. അതാവുമ്പോൾ വിശന്നിരിക്കുകയുമില്ല, എന്നാൽ അമിതമായി തടിക്കുകയുമില്ല.

പ്രസവത്തിന്റെ തലേന്നുവരെ കുട്ടികളെ ഡാൻസ് പഠിപ്പിച്ചിരുന്നു. സ്റ്റെപ്പുകളൊക്കെ കാണിച്ചുകൊടുത്തു ചെയ്യിപ്പിക്കും. എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്നയാളാണ് ഞാൻ. പാചകവും വീട്ടിലെ ചെറിയ ജോലികളൊക്കെ ഞാനും ചേട്ടന്റെ അമ്മയും കൂടിയാണ് ചെയ്യുക. ആദ്യത്തെ ഗർഭസമയത്ത് സുഖപ്രസവം ആകണമെന്നു കരുതി കുനിഞ്ഞുനിന്നു മുറ്റം തൂക്കുകയും തറ തുടയ്ക്കുകയുമൊക്കെ ചെയ്യുമായിരുന്നു. എന്നിട്ടും സി സേറിയനായി. അതുകൊണ്ട് രണ്ടാമത്തേ സമയത്ത് അത്തരം സാഹസത്തിനൊന്നും പോയില്ല. അതും സിസേറിയനായിരുന്നു.പ്രസവം കഴിഞ്ഞപ്പോൾ 58 കിലോയായിരുന്നു ശരീരഭാരം. സിസേറിയനായിരുന്നതുകൊണ്ട് ആറുമാസം ഒന്നും ചെയ്തില്ല. മെല്ലെ യോഗാസനങ്ങൾ ചെയ്തുതുടങ്ങി. ഏട്ടനെയും എന്നെയും ഒരു യോഗാ ട്രെയിനർ വീട്ടിൽ വന്നു പഠിപ്പിച്ചിരുന്നു. അതുകൊണ്ട് ആസനങ്ങളൊക്കെ അറിയാം. പതുക്കെ നൃത്തചുവടുകളും വച്ചുതുടങ്ങി. ഭക്ഷണത്തിലുള്ള ശ്രദ്ധ കൂടിയായപ്പോഴേക്കും ഈസിയായി 51 കിലോയിലേക്കെത്തി.

Scroll to Top