‘ബര്‍ത്ത് ഡേയാ; ഒന്ന് വന്ന് കാണുവോ’;ആ‌ശുപത്രി കിടക്കയിലെ ആരാധികയെ കാണാൻ ഓടിയെത്തി മമ്മൂക്ക; വൈറൽ വിഡിയോ

മമ്മൂട്ടി അങ്കിളെ നാളെ എന്റെ ബെർത്ഡേയ് ആണ് മമ്മൂട്ടി അങ്കിൾ എന്നെ ഒന്ന് കാണാൻ വരുമോ എന്ന് ആശുത്രി കിടക്കയിൽ കിടന്ന് ചോദിച്ചുള്ള കുട്ടിയുടെ വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.പ്രശസ്ത നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷയാണ് വിഡിയോ പങ്കുവച്ചത്. ‘മമ്മൂട്ടി അങ്കിള്‍, നാളെ എന്റെ ബര്‍ത്ത് ഡേയാ, ഒന്നു വന്ന് കാണുവോ, ഞാന്‍ അങ്കിളിന്റെ ഫാനാ’ എന്നാണ് വിഡിയോയില്‍ കുട്ടി പറയുന്നത്. വിഡിയോ കണ്ട മമ്മൂട്ടി ചോക്‌ലേറ്റുകളുമായി കുട്ടിയെ കാണാന്‍ എത്തുകയായിരുന്നു.

മമ്മൂട്ടിക്കൊപ്പം നിര്‍മാതാവ് ആന്റോ ജോസഫും ഉണ്ടായിരുന്നു.ഓർമ നഷ്ടപ്പെടുന്ന അപൂർവരോഗമാണ് കുട്ടിക്ക്. ആസ്റ്റര്‍ മെഡിസിറ്റിയിൽ ചികിൽസയിൽ കഴിയുകയാണ് കുട്ടി. ഇവിടേക്ക് യാദൃശ്ചികമായി മമ്മൂട്ടി എത്തുകയായിരുന്നു. കുട്ടിയുടെ ആഗ്രഹം അറിഞ്ഞ മമ്മൂട്ടി കിടക്കയ്ക്ക് അരികിലെത്തി പിറന്നാൾ ആശംസകൾ നേർന്നു. മമ്മൂക്ക വന്ന് കണ്ടതാണ് ഏറ്റവും വലിയ സമ്മാനമെന്നാണ് ആ നിമിഷം കു‍ഞ്ഞ് ആരാധിക പറഞ്ഞത്.ബെർത്ത്ഡേ ആശംസകൾ നേർന്ന മമ്മൂക്കയെ നോക്കി ചെറുപുഞ്ചിരിയോടെ അവൾ. മമ്മൂട്ടി കുഞ്ഞിനെ കാണാൻ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.

Scroll to Top