നേരിയ പനി മാത്രമേ ഉള്ളു ; വീട്ടില്‍ നിരീക്ഷണത്തിലാണെന്നും എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് മമ്മൂക്ക !!!

മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയ്ക്കും കൊവിഡ് പോസിറ്റീവായി എന്ന വാര്‍ത്ത ആരാധകർ ഏറെ വിഷമത്തോടെയാണ് കേട്ടത്. ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ട വേദനയും അനുഭവപ്പെട്ടതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിതീകരിച്ചത്. കൊച്ചിയിൽ പുരോഗമിക്കുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിർത്തി വെച്ചു. ആരോഗ്യ പരിശോധനയിൽ താരം പരിപൂർണ ആരോഗ്യവാനാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. എന്നാല്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും തനിക്കില്ലെന്നും സുഖമായി ഇരിക്കുകയാണെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.

‍‘ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിരുന്നുവെങ്കിലും ഇന്നലെ എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ പനി മാത്രമേയുള്ളു, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല. ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദ്ദേശപ്രകാരം ഞാന്‍ വീട്ടില്‍ സ്വയം ഐസൊലേഷനിലാണ്. നിങ്ങള്‍ എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.മാസ്‌ക് ധരിക്കുക, പരമാവധി ശ്രദ്ധിക്കുക’.– അദ്ദേഹം കുറിച്ചു.

മമ്മൂട്ടിയുടെ പോസ്റ്റ് ഷെയര്‍ ചെയ്ത് കൊണ്ട് മകന്‍ ദുല്‍ഖര്‍ സല്‍മാനും രംഗത്ത് വന്നിരുന്നു. അതിന് പുറമേ നിരവധി പേരാണ് താരരാജാവിന്റെ അസുഖ വിവരങ്ങള്‍ അന്വേഷിച്ച് എത്തിയിരിക്കുന്നത്. ‘മമ്മൂക്ക, നിങ്ങള്‍ വേഗം സുഖംപ്രാപിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കുകയാണ്. ദൈവം നിങ്ങള്‍ക്ക് നല്ല ആരോഗ്യവും ശക്തിയും നല്‍കി അനുഗ്രഹിക്കട്ടെ. നിങ്ങളാണ് ഞങ്ങളുടെ റോക്ക്‌സ്റ്റാര്‍. എത്രയും വേഗം നിങ്ങള്‍ തിരിച്ചുമെന്ന് ഞങ്ങള്‍ക്ക് അറിയാം എന്നാണ് നടി നേഹ സക്‌സേന പങ്കുവെച്ച കമന്റില്‍ പറയുന്നത്.

Scroll to Top