ബെംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രമായി മേപ്പടിയാൻ !!

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മേപ്പടിയാൻ ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്കാരം. നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനംചെയ്ത ചിത്രത്തിന് 2021-ലെ ഇന്ത്യന്‍ സിനിമാവിഭാഗത്തില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരമാണ് നേടിയത്. ബെംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളയിലാണ് മികച്ച ചിത്രമായി മേപ്പടിയാനെ തിരഞ്ഞെടുത്തത്.ചിത്രത്തിലെ നായകനായ ഉണ്ണി മുകുന്ദനാണ് ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കർണാടക ​ഗവർണർ തവാര്‍ ചന്ദ് ഗെഹ്ലോട്ട് ആണ് ഉണ്ണി മുകുന്ദനും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും പുരസ്‌കാരം സമ്മാനിച്ചത്. 100ല്‍ അധികം സിനിമകളുമായി മത്സരിച്ച് മേപ്പടിയാന്‍ മികച്ച സിനിമയായതില്‍ സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയാനും താരം മറന്നില്ല. ചിത്രം നിര്‍മിച്ചതും ഉണ്ണി മുകുന്ദന്‍ തന്നെയായിരുന്നു. ചലച്ചിത്രോത്സവത്തിന്റെ ആദ്യദിനത്തില്‍ പി.വി.ആര്‍. സിനിമാസിലെ എട്ടാംനമ്പര്‍ സ്‌ക്രീനിലായിരുന്നു പ്രദര്‍ശനം.

ചടങ്ങിൽ കർണാടക ഉന്നത വിദ്യാഭ്യാസ, ഐടി-ബിടി, ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ സി എൻ അശ്വത് നാരായൺ, എംപി ശ്രീ ഡി വി സദാനന്ദ ഗൗഡ, ചീഫ് സെക്രട്ടറി കുമാർ ഐഎഎസ്, കർണാടക ചലച്ചിത്ര അക്കാദമി ചെയർമാൻ സുനീൽ പുരാണിക്, കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ഡി ആർ ജയരാജ് എന്നിവരും പങ്കെടുത്തു. ”എല്ലാവർക്കും ഇത് തീർച്ചയായും അഭിമാനത്തിന്റെ നിമിഷമാണ്. സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ചവർക്കും സിനിമ കണ്ടവരും മെറിറ്റിന്റെ അടിസ്ഥാനത്തിൽ പിന്തുണച്ചവർക്കും വരെ അഭിമാന നിമിഷം തന്നെ. എനിക്കും സിനിമയ്‌ക്കും ഒപ്പം നിന്ന എന്റെ മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും ഹൃദയം നിറഞ്ഞ നന്ദി. നന്നായി പ്രവർത്തിക്കാനും മികച്ച വിനോദ ചിത്രങ്ങളുമായി തിരിച്ചുവരാനും ഇത് എന്നെ പ്രേരിപ്പിക്കുന്നു.” ഉണ്ണി മുകുന്ദൻ കുറിച്ചു. വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അഞ്ചു കുരിയൻ ആണ് നായിക.

അജു വർഗീസ്, സൈജു കുറുപ്പ്, ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, തുടങ്ങിയവർ മാറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് ഷാമീറാണ്. അയ്യപ്പനും കോശിയും എന്ന സിനിമയിലെ കുമാരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കോട്ടയം രമേശും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ അഭിനയത്തെയും കഥയെയും പ്രമുഖരടക്കം നിരവധി പേർ പ്രശംസിച്ചിരുന്നു.

Scroll to Top