‘ആറാട്ട് സിനിമയെ സ്വീകരിച്ച എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ നന്ദി ; മോഹൻലാൽ

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമായ ആറാട്ടിന്റെ റിലീസിൽ ആഘോശിക്കുകയാണ് പ്രേക്ഷകർ.ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.നെയ്യാറ്റിൻകര ഗോപനെയും ആറാട്ട് സിനിമയെയും ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി അറിയിച്ച് മോഹൻലാൽ. ഫേസ്ബുക്ക് ലൈവിൽ എത്തിയാണ് മോഹൻലാൽ നന്ദി പറഞ്ഞത്.

മോഹൻലാൽ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞത് – ‘ആറാട്ട് എന്ന സിനിമയെ രണ്ടും കൈയും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ നന്ദി. ആൻ അൺറിയലിസ്റ്റിക് എന്റർടയിനർ എന്നാണ് ആ സിനിമയെപ്പറ്റി പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെയാണ്, വലിയ അവകാശവാദങ്ങളൊന്നുമില്ല. ആറാട്ട് എന്ന പേര് തന്നെ ഒരു ഫെസ്റ്റിവൽ മൂഡിനെ വെച്ചിട്ടാണ് നമ്മൾ വെച്ചിരിക്കുന്നത്. അത് വളരെയധികം ആളുകളിലേക്ക് എത്തി. അത് രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ഒരുപാട് സന്തോഷം, ഒരുപാട് നന്ദി. കോവിഡ് മഹാമാരി ഒക്കെ കഴിഞ്ഞ് തിയറ്റർ ഒക്കെ തുറന്നു പ്രവർത്തിക്കുന്ന സമയമാണ്. ആ സമയത്ത് ഇത്തരമൊരു സിനിമ എന്നെ ഇഷ്ടപ്പെടുന്ന, മലയാള സിനിമയെ ഇഷ്ടപ്പെടുന്ന നിങ്ങൾക്ക് വേണ്ടി തയ്യാറാക്കി തന്നിരിക്കുകയാണ്. വളരെയധികം നല്ല റിപ്പോർട്ടുകളാണ് കിട്ടുന്നത്. തീർച്ചയായിട്ടും ഒരുപാട് പേരോട് നന്ദി പറയാനുണ്ട്, പ്രത്യേകിച്ച് എ ആർ റഹ്മാനോട് വളരെയധികം നന്ദി പറയുന്നു. പിന്നെ ആ സിനിമ ഷൂട്ട് ചെയ്ത സമയമൊക്കെ കോവിഡിന്റെ ഏറ്റവും മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന സമയത്ത് ആയിരുന്നു.

‘പക്ഷേ, അതൊക്കെ ഈശ്വരകൃപ കൊണ്ട് എല്ലാം ഭംഗിയായി. ഇപ്പോൾ സിനിമ തിയറ്ററിൽ എത്തി. ഒരുപാട് സന്തോഷം, നല്ല പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ബി ഉണ്ണിക്കൃഷ്ണന്റെ സിനിമകളിൽ നിന്ന് മാറിയുള്ള സിനിമയാണ് ഇത്. പഴയ സിനിമകളും ഡയലോഗുകളും സീനുകളും ഒക്കെ ഓർമിപ്പിക്കുന്ന നൊസ്റ്റാൾജിയ തോന്നുന്ന ഒരുപാട് സീനുകൾ മനപൂർവം ചേർത്തിരിക്കുകയാണ്. ഒരു ഫാമിലി എന്റർടയിനർ ആയാണ് ഈ സിനിമയെ നമ്മൾ കണ്ടിരിക്കുന്നത്. ഒരുപാട് പേരുടെ ഒരു അസോസിയേഷനാണ് ഈ സിനിമ. ആ സമയത്ത് ഒരുപാട് പേർക്ക് ജോലി ഒന്നും ഇല്ലാതിരുന്ന സമയമായിരുന്നു, അതിനെ മറികടന്നാണ് ഞങ്ങൾ വർക് ചെയ്തത്. എന്തായാലും ആറാട്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം, ഒരിക്കൽ കൂടി ആറാട്ടിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി. കൂടുതൽ നല്ല സിനിമകളുമായി വീണ്ടും വരും, അതുവരെ ബൈ.’ – സിനിമയിലെ ഒരു ഡയലോഗ് കൂടി പറഞ്ഞാണ് മോഹൻലാൽ ഫേസ്ബുക്ക് ലൈവ് അവസാനിപ്പിച്ചത്.

Scroll to Top