വാടക ഗർഭപാത്രത്തിലൂടെ അമ്മയായത് ;നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനുമെതിരേ തമിഴ്നാട് ആരോഗ്യവകുപ്പിന്റെ അന്വേഷണം

തമിഴകത്തിന്റെ താര റാണി നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ. വിഘ്നേഷ് ശിവനാണ് തങ്ങള്‍ മാതാപിതാക്കളായ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.”നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം”, എന്നാണ് സന്തോഷ വിവരം പങ്കുവച്ച് വിഘ്നേഷ് കുറിച്ചിരിക്കുന്നത്. ട്വിറ്ററിൽ കുറിച്ച ഈ വാക്കുകൾ കൗതുകത്തോടെയും സന്തോഷത്തോടെയുമാണ് സിനിമാലോകം കണ്ടത്.നയന്‍താരയും വിഘ്നേഷും കുഞ്ഞുങ്ങളുടെ കാലുകളില്‍ ഉമ്മ വയ്ക്കുന്ന ചിത്രങ്ങളും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

വാടക ഗര്‍ഭധാരണത്തിലൂടെ നയന്‍താര – വിഘ്‌നേഷ് ശിവന്‍ ദമ്പതികള്‍ക്കു കുഞ്ഞുങ്ങള്‍ പിറന്നതു സംബന്ധിച്ചു തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. വാടക ഗർഭധാരണത്തിലൂടെ അമ്മയായതിന്‍റെ നിയമവശം പരിശോധിക്കുമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യം. നാല് മാസം മുമ്പ് വിവാഹിതരായ ദമ്പതിമാർക്ക് വാടക ഗർഭധാരണം നടത്താമോ എന്ന് അന്വേഷിക്കും. ഇതിന്‍റെ നിയമവശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മെഡിക്കൽ സർവീസസ് ഡയറക്ടറെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.രാജ്യത്തു നിലവിലുള്ള ചട്ടങ്ങൾ മറികടന്നാണോ വാടക ഗർഭധാരണം നടത്തിയതെന്നാണ് അന്വേഷിക്കുന്നത്.

വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്നു ചട്ടമുണ്ട്.ഇവരുടെ വിവാഹം കഴിഞ്ഞ് നാല് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളുവെന്നും അതിനാല്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യം.21 – 36 വയസ്സു പ്രായമുള്ള വിവാഹിതയ്ക്കു ഭർത്താവിന്റെ സമ്മതത്തോടെ മാത്രമേ അണ്ഡം ദാനം ചെയ്യാനാകൂ. ഇത്തരം ചട്ടങ്ങൾ നിലനിൽക്കേ, വിവാഹം കഴിഞ്ഞ് 4 മാസത്തിനുള്ളിൽ എങ്ങനെ വാടക ഗർഭധാരണം സാധ്യമാകും എന്നാണു പ്രധാന ചോദ്യം.ജൂണ്‍ 9-നായിരുന്നു നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. ഏഴ് കൊല്ലം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്.

Scroll to Top