നിര്‍വാന് 11 കോടി രൂപ നൽകി അജ്ഞാതൻ; ഇനി വേണ്ടത് 80 ലക്ഷം കൂടി

സ്പൈനൽ മസ്കുലാർ അസ്ട്രോഫി രോഗബാധിതനായ ഒന്നര വയസുകാരൻ കഴിഞ്ഞ കുറച്ച്ദിവസങ്ങളായി ചികിത്സാസഹായം തേടുന്നു. മുംബൈയിൽ താമസമാക്കിയ പാലക്കാട് സ്വദേശിയായ സാരംഗ് മേനോന്‍റെ മകൻ നിർവാൻ എന്ന ഒന്നര വയസുകാരനാണ് ചികിത്സാ സഹായം തേടുന്നത്. നിർവാന്‍റെ ചികിത്സയ്ക്കായി 17.5 കോടിയിലേറെ ചെലവ് വരുന്ന സോൾജെസ്മ എന്ന ഒറ്റത്തവണ ജീൻ മാറ്റിവെക്കലിന് ഉപയോഗിക്കുന്ന മരുന്നാണ് വേണ്ടത്. ലോകത്തെ പലഭാ​ഗങ്ങളിൽ നിന്നുള്ള നിരവധിപേർ സാമ്പത്തികസഹായം നൽകുകയുണ്ടായി. എന്നാൽ ഇപ്പോഴിതാ ചികിത്സാ ചെലവിലേക്ക് പതിനൊന്ന് കോടി രൂപ നൽകിയിരിക്കുകയാണ് അജ്ഞാതനായ ഒരു മനുഷ്യസ്നേഹി.

വിദേശത്ത് നിന്നും ക്രൌഡ് ഫണ്ടിങ് വഴിയാണ് സഹായമെത്തിയത്. ഇനി 80 ലക്ഷം കൂടി ലഭിച്ചാൽ കുഞ്ഞിന്റെ ചികിത്സ നടത്താം. വലിയൊരു തുക ഒരുമിച്ച് ലഭിച്ചതോടെ ഏറെ ആശ്വാസത്തിലാണ് നിർവാണിന്റെ രക്ഷിതാക്കളായ സാരംഗും അതിഥിയും. തന്നെക്കുറിച്ചുള്ള യാതൊരു വിവരവും പുറത്തുവിടരുതെന്ന് പറഞ്ഞാണ് നിർവാന് വേണ്ടിയുള്ള പണം കൈമാറിയിരിക്കുന്നത്.മാതാപിതാക്കളായ തങ്ങൾക്കുപോലും തുക കൈമാറിയയാളെ കുറിച്ച് വിവരമില്ലെന്ന് സാരംഗ് മേനോൻ-അദിതി ദമ്പതികൾ പറയുന്നു.അമേരിക്കയിൽനിന്നാണ് മരുന്ന് എത്തിക്കേണ്ടത്.

സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ ചികിത്സാസഹായം തേടി ക്രൌഡ് ഫണ്ടിംഗ് നടക്കുകയാണ്.ഞങ്ങൾക്ക് പോലും തുക തന്നത് ആരാണെന്ന് അറിയില്ല. മിലാപ് എന്ന ക്രൗഡ്ഫണ്ടിം​ഗ് പ്ലാറ്റ്ഫോം വഴിയാണ് തുക സ്വരൂപിച്ചത്. തുക നൽകിയ വ്യക്തി അവരെയാണ് ബന്ധപ്പെട്ടിട്ടുള്ളത്. ആരാണെന്നോ എന്താണെന്നോ എന്നൊന്നും കുട്ടിയുടെ മാതാപിതാക്കൾ പോലും അറിയരുതെന്നാണ് അയാൾ പറഞ്ഞിട്ടുള്ളത്. പ്രശസ്തിയുടെ ആവശ്യമില്ലെന്നും വാർത്ത കണ്ടപ്പോൾ കുഞ്ഞ് നിർവാൻ എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്നുമാത്രമാണ് മനസ്സിലുള്ളതെന്നും തുക നൽകിയയാൾ പറഞ്ഞിരുന്നുവെന്നാണ് ക്രൗഡ്ഫണ്ടിം​ഗ് പ്ലാറ്റ്ഫോമിൽ നിന്നറിയിച്ചത്- സാരം​ഗ് പറയുന്നു.

Scroll to Top