ഓണം ബമ്പർ ടിക്കറ്റ് ബാങ്കിന് കൈമാറി മരട് സ്വദേശി; ‘യഥാർഥ ഭാഗ്യവാനെ അറിഞ്ഞപ്പോൾ സങ്കടം തോന്നിയെന്ന് ‘ സെയ്തലവി

ഓണം ബമ്പര്‍ ഒന്നാം സമ്മാനം 12 കോടി ലഭിച്ചത് കൊച്ചി മരട് സ്വദേശി ജയപാലനെന്ന് സ്ഥിരീകരണം. ഓട്ടോ ഡ്രൈവറായ ജയപാലന്‍ ടിക്കറ്റ് കാനറാ ബാങ്ക് മരട് ശാഖയ്ക്ക് കൈമാറി. തൃപ്പൂണിത്തുറയിലെ മീനാക്ഷി ഏജന്‍സിയില്‍ നിന്നാണ് ജയപാലന്‍ ടിക്കറ്റ് എടുത്തത്. പത്താം തീയതിയാണ് ടിക്കറ്റ് എടുത്തതെന്നും ഇയാള്‍ സ്ഥിരീകരിച്ചു.

എന്നാൽ പന്ത്രണ്ട് കോടി രൂപയുടെ തിരുവോണം ബമ്പര്‍ അടിച്ചത് തനിക്കാണെന്ന അവകാശവാദവുമായി ദുബായിലുള്ള വയനാട് പനമരം സ്വദേശി സെയ്തലവി രം​ഗത്തെത്തിയിരുന്നു. ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനാണ് സെയ്തലവി. നാട്ടിലുള്ള സുഹൃത്തുവഴിയാണ് സെയ്തലവി ടിക്കറ്റെടുത്തത്. ബന്ധുക്കള്‍ ഉടന്‍ ലോട്ടറി ഏജന്‍സിയില്‍ എത്തുമെന്ന് സെയ്തലവി ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. എന്നാൽ ഈ അവകാശ വാദം തള്ളിക്കൊണ്ടാണ് ജയപാലന്റെ കടന്നുവരവ്.

ഒരാഴ്ച മുൻപ് സൈതലവിക്ക് വേണ്ടി കോഴിക്കോട്ടെ സുഹൃത്താണ് TE 645465 നമ്പര്‍ ടിക്കറ്റ് എടുത്തതെന്നും അതിനാണ് സമ്മാനം ലഭിച്ചതെന്നുമായിരുന്നു സൈതലവിയുടെ അവകാശവാദം. ഇവർ രണ്ടുപേരും നേരത്തെ കോഴിക്കോട്ടെ ഹോട്ടലിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നതാണ്. ഇതിന് ഗൂഗിൾ പേ വഴി 300 രൂപ സൈതലവി സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു.

തങ്ങളുടെ കൂട്ടത്തിലൊരാളെ ഇത്തരത്തിൽ പറ്റിച്ചത് ക്രൂരമായിപ്പോയെന്നാണു റസ്റ്ററന്റിലെ സഹപ്രവർത്തകരുടെ അഭിപ്രായം. കൂടെ ജോലി ചെയ്യുന്ന ഒരാൾക്ക് ഭാഗ്യമുണ്ടായപ്പോൾ ഏറെ സന്തോഷിച്ചതായും സൈതലവിക്ക് കഴിയുന്ന പിന്തുണ നൽകുമെന്നും ബഷീർ പറഞ്ഞു. അതേസമയം, തനിക്ക് ഫെയ്സ്ബുക്കിൽ നിന്ന് ലഭിച്ച ലോട്ടറി ടിക്കറ്റിന്റെ ചിത്രം വെറുതെ സൈതലവിക്ക് വാട്സാപ്പ് ചെയ്യുകയായിരുന്നുവെന്ന് സുഹൃത്ത് അഹമദ് പറഞ്ഞു. ഒന്നാം സമ്മാനമായ 12 കോടിയുടെ ടിക്കറ്റ് എന്റെ കൈയില്‍ ഇല്ല. അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ഇന്നലെ ഒരാള്‍ ഫെയ്സ്ബുക്കില്‍ ഇട്ട ടിക്കറ്റിന്റെ പടം ഞാന്‍ സെയ്തലവിക്ക് അയച്ചു കൊടുത്തതാണ്.ഇന്നലെ 4.10ന് ഫെയ്സ്ബുക്കില്‍ നിന്ന് പടം കിട്ടി. 4.53ന് സെയ്തലവിക്ക് അയച്ചു കൊടുത്തു. മറ്റൊരാള്‍ക്ക് സെയ്തലവി കുറച്ച് പണം കൊടുക്കാനുണ്ട്. അയളോട് ബംപറിന്റെ 12 കോടി രൂപ താനെടുത്ത താനെടുത്ത ടിക്കറ്റിനാണെന്നു പറയുമെന്ന് സെയ്തലവി പറഞ്ഞു. ഞാന്‍ അത് എതിർത്തില്ല. ഇതാണ് സംഭവിച്ചത്. എനിക്ക് ലോട്ടറി ടിക്കറ്റ് കച്ചവടമില്ല. ഞാന്‍ അയാളുടെ സുഹൃത്ത് മാത്രമാണ്–അഹമദ് വ്യക്തമാക്കി.

Scroll to Top