ന്യൂഇയർ ചിരിയിൽ നിന്ന് തന്നെയാകട്ടെ തുടക്കം, ഉർവശി ദിലീപ് ചിത്രം കേശു ഈ വീടിന്റെ നാഥന്റെ റിവ്യൂ

പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒരു മലയാള ചിത്രമാണ് പ്രശസ്ത സംവിധായകൻ നാദിർഷ ഒരുക്കിയ കേശു ഈ വീടിന്റെ നാഥൻ. പ്രശസ്ത രചയിതാവ് സജീവ് പാഴൂർ രചന നിർവഹിച്ച ഈ ചിത്രത്തിൽ ജനപ്രിയ നായകൻ ദിലീപ്, ഉർവശി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.വലിയ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ പിന്നീടിങ്ങോട്ട് വന്ന ഓരോ പോസ്റ്ററുകളും ടീസറും ട്രെയ്ലറും ഗാനങ്ങളുമെല്ലാം വലിയ പ്രേക്ഷക പ്രതീക്ഷയാണ് സൃഷ്ടിച്ചത്. ജനപ്രിയ നായകന്റെ വ്യത്യസ്തമായ മേക് ഓവർ മുതൽ, ഒരിടവേളക്ക് ശേഷം അദ്ദേഹം ചെയ്യുന്ന പക്കാ കോമഡി ഫാമിലി ചിത്രം എന്ന പേരിലും ഈ സിനിമ വലിയ പ്രതീക്ഷ ഉണ്ടാക്കിയിരുന്നു.നേരിട്ടുള്ള ഒറ്റിറ്റി റിലീസ് ആയി, ഡിസ്‌നി ഹോട് സ്റ്റാറിൽ ഇന്നലെ രാത്രി പന്ത്രണ്ടു മണി മുതലാണ് ഈ ചിത്രം സ്ട്രീം ചെയ്തു തുടങ്ങിയത്. സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച നാദിർഷ എന്ന സംവിധായകൻ ജനപ്രിയ നായകൻ ദിലീപിനൊപ്പം കൈകോർത്ത ആദ്യ ചിത്രമാണ് ഇതെന്നതും പ്രേക്ഷകരുടെ പ്രതീക്ഷകൾ വർധിക്കാൻ കാരണമായിട്ടുണ്ട്.സജീവ് പാഴൂർ എന്ന പരിചയ സമ്പന്നന്റെ മികച്ച തിരക്കഥ കൂടി ലഭിച്ചപ്പോൾ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ഐഡന്റിറ്റി നൽകാനും കഥാസന്ദർഭങ്ങളെ വിശ്വസനീയമായി പ്രേക്ഷകരുടെ ഹൃദയങ്ങളിലെത്തിക്കാനും സംവിധായകൻ എന്ന നിലയിൽ നാദിർഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. രസകരമായ മുഹൂർത്തങ്ങളും വൈകാരിക രംഗങ്ങളും കുടുമ്പ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കഥാഖ്യാന ശൈലിയുമുള്ള ഒരു കമ്പ്ലീറ്റ് എന്റർടൈനറായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

പ്രേക്ഷകരെ ഒരേ സമയം രസിപ്പിക്കുകയും അതോടൊപ്പം അവരുടെ മനസ്സിൽ തൊടുകയും ചെയ്യുന്നുണ്ട് ഈ ചിത്രം. കാമ്പുള്ള കഥ പറയുന്ന ഒരു എന്റെർറ്റൈനെർ ആക്കി ഈ ചിത്രത്തെ മാറ്റാൻ നാദിർഷ- സജീവ് പാഴൂർ ടീമിന് സാധിച്ചു. ദിലീപും ഡോക്ടർ സക്കറിയ തോമസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം നേരിട്ടുള്ള ഒടിടി റിലീസ് ആയി ഇന്നലെ രാത്രി മുതൽ ഡിസ്‌നി ഹോട്ട് സ്റ്റാറിൽ സ്ട്രീം ചെയ്തത്.ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ ദിലീപ് അവതരിപ്പിക്കുന്ന കേശു എന്ന വൃദ്ധ കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം വികസിക്കുന്നത്. കേശുവിന്റെ കുടുംബം ആണ് ഈ ചിത്രത്തിന്റെ ഫോക്കസ്. കൂട്ടുകുടുംബമായി ജീവിക്കുന്ന കേശുവിനും ഭാര്യ രത്‌നമ്മക്കും ഒപ്പം മൂന്ന് പെങ്ങന്മാരും അളിയന്മാരും ആ വീട്ടിലുണ്ട്. ഡ്രൈവിംഗ് സ്‌കൂൾ നടത്തുന്ന കേശു ഒരു പിശുക്കനും കൂടിയാണ്. അളിയന്മാരും പെങ്ങമ്മാരുമായി സ്വത്തു ഭാഗം വെക്കുന്ന കാര്യത്തിൽ അത്ര സ്വര ചേർച്ചയിലുമല്ല കേശു. അങ്ങനെയിരിക്കെ കേശുവിന്റെ ജീവിതത്തിൽ ഒരു ലോട്ടറിയടിക്കുന്നതുമായി ബന്ധപെട്ടു ഉണ്ടാകുന്ന സംഭവങ്ങളും, അതിനെ തുടർന്ന് ആ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളുമാണ് ഈ ചിത്രം വളരെ രസകരമായി അവതരിപ്പിക്കുന്നത്. സ്വത്തു ഭാഗം വെക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുന്നതിനു മുൻപ് കുടുംബാംഗങ്ങൾ എല്ലാവരുമായി നടത്തുന്ന ഒരു രാമേശ്വരം യാത്രയോടെയാണ് ചിത്രത്തിന്റെ കഥാഗതിക്കു ചൂട് പിടിക്കുന്നത്.

കേശു എന്ന കഥാപാത്രമായി അതിഗംഭീര മേക് ഓവറിലെത്തി ദിലീപ് നടത്തിയ ഗംഭീര പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്..തന്റെ ഗംഭീരമായ രൂപ മാറ്റം കൊണ്ടും ഡയലോഗ് ഡെലിവറി സ്റ്റൈൽ കൊണ്ടും അദ്ദേഹം പ്രേക്ഷകനെ ഒരിക്കൽ കൂടി കയ്യിലെടുത്തു. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാക്കി കേശുവിനെ ദിലീപ് മാറ്റി. രത്‌നമ്മ എന്ന നായികാ വേഷം ചെയ്ത ഉർവശി വീണ്ടും വിസ്മയിപ്പിക്കുന്ന പ്രകടനത്തിലൂടെ പ്രേക്ഷകന്റെ കയ്യടി നേടുന്നതിൽ വിജയിച്ചിട്ടുണ്ട് എന്ന് പറയാം. ഇവർക്കൊപ്പം കയ്യടി നേടിയ മറ്റൊരു താരം കേശുവിന്റെ അളിയൻ ആയി എത്തിയ ജാഫർ ഇടുക്കിയാണ്. അത്ര രസകരമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നസ്ലിൻ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, കോട്ടയം നസീർ, ഹരീഷ് കണാരൻ, ഗണപതി, സ്വാസിക, രമേശ് പിഷാരടി, സീമ ജി നായർ, പ്രിയങ്ക, വത്സല, അനുശ്രീ എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു. അനിൽ നായർ ഒരുക്കിയ ദൃശ്യങ്ങൾ മികവ് പുലർത്തിയപ്പോൾ നാദിർഷ തന്നെയൊരുക്കിയ സംഗീതവും മികച്ച നിലവാരം പുലർത്തി. ബിജിപാൽ ഒരുക്കിയ പശ്ചാത്തല സംഗീതവും മികച്ചു നിന്നതു ചിത്രത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ട് . സാജൻ എന്ന പരിചയ സമ്പന്നനായ എഡിറ്ററുടെ മികവ് ഈ ചിത്രത്തിന്റെ വേഗത താഴാതെ നോക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു എന്നതും എടുത്തു പറയണം. കേശു ഈ വീടിന്റെ നാഥൻ എന്ന ഈ ദിലീപ്- നാദിർഷ ചിത്രം ഒരു തികഞ്ഞ എന്റെർറ്റൈനെർ ആണ്. പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന മുഹൂർത്തങ്ങൾ സമ്മാനിക്കുകയും അതോടൊപ്പം മനസ്സിനെ സ്പർശിക്കുകയും ചെയ്യുന്ന ഒരു മികച്ച ചലച്ചിത്രാനുഭവം ആണിത്..അഭിനേതാക്കളുടെ ഗംഭീര പ്രകടനം കൊണ്ടും രചനയുടെ മികവ് കൊണ്ടും പ്രേക്ഷകരെ ആകർഷിക്കുന്ന ഈ ചിത്രം, പ്രതീക്ഷകളെ സാധൂകരിക്കുന്ന ഒരു പക്കാ ഫാമിലി കോമഡി ഡ്രാമ ആണെന്ന് നിസംശയം പറയാം.

VIDEO

Scroll to Top