‘ഇത് എന്റെ അവസാന സീസൺ’ ; ടെന്നീസിനോട് വിട പറയാനൊരുങ്ങി സാനിയ മിര്‍സ

ഇന്ത്യയിൽ നിന്നുള്ള പ്രഫഷണൽ വനിതാ ടെന്നിസ്‌ താരമാണ്‌ സാനിയ മിർസ.ഗ്രാൻസ്‍ലാം കിരീടം ചൂടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് സാനിയ. വനിതാ ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരം കൂടിയാണ് 35 കാരിയായ സാനിയ. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും കിരീടം ചൂടിയിട്ടുണ്ട്. സിംഗിൾസിൽ നിലവിൽ 68-ാം റാങ്കിലാണ്. പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിന്റെ ഭാര്യയാണ് സാനിയ.

ഇപ്പോഴിതാ താരം ടെന്നീസിൽ നിന്നും വിരമിക്കുന്നുവെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ശരീരം പഴയത് പോലെ കളിക്കുവാൻ അനുവദിക്കുന്നില്ലായെന്നും മൂന്ന് വയസുള്ള കുഞ്ഞിനേയും കൊണ്ടുള്ള യാത്രകളും ബുദ്ധിമുട്ടേറിയതാണെന്ന് താരം പറയുന്നു. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ വനിതാ വിഭാഗം ഡബിൾസിന്റെ ആദ്യ റൗണ്ടിൽത്തന്നെ തോറ്റു പുറത്തായതിനു പിന്നാലെയാണ് താരത്തിന്റെ പ്രഖ്യാപനം. 2022 തന്റെ അവസാന സീസണാണെന്നാണ് സാനിയ അറിയിച്ചത്.ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ യുക്രെയ്ന്‍ താരം നാദിയ കിചെനോകുമായി ചേര്‍ന്നാണ് സാനിയ ഓസ്ട്രേലിയൻ ഓപ്പണിൽ വനിതാ വിഭാഗം ഡബിൾസിൽ മത്സരിച്ചത്. ആദ്യ റൗണ്ടിൽത്തന്നെ ഇരുവരും തോറ്റു പുറത്തായി.

”ഈ വർഷത്തിന്റെ തുടക്കത്തിൽ അല്ലെങ്കിൽ കഴിഞ്ഞ ഡിസംബറിൽ പോലും ഇതെന്റെ അവസാന സീസൺ ആയിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഇതെന്റെ അവസാന സീസൺ ആയിരിക്കും. എനിക്ക് ഈ സീസൺ മുഴുവൻ കളിക്കണമെന്നുണ്ട്. അതിനു കഴിയുമോ എന്ന് ഉറപ്പില്ല,” സാനിയ മത്സരശേഷം പറഞ്ഞു.

‘ഇത്തരത്തിലൊരു തീരുമാനത്തിലെത്താൻ ചില കാരണങ്ങളുണ്ട്. ഇനി കളിക്കുന്നില്ലെന്ന് ഒറ്റയടിക്ക് തീരുമാനിച്ചതല്ല. പരുക്കേറ്റാൽ ഭേദമാകാൻ ഇപ്പോൾ കൂടുതൽ സമയം എടുക്കുന്നുണ്ട്. മാത്രമല്ല, മത്സരങ്ങളിൽ പങ്കെടുക്കാൻ ഒട്ടേറെ യാത്ര ചെയ്യുമ്പോൾ മൂന്നു വയസ്സുള്ള മകനെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണത്. അത് ഗൗനിക്കാതിരിക്കാനാകില്ല. എന്റെ ശരീരവും പഴയതുപോലെയല്ല. ഇന്ന് കളിക്കുമ്പോൾത്തന്നെ മുട്ടിനു നല്ല വേദനയുണ്ടായിരുന്നു. ഇന്ന് തോറ്റതിനു കാരണം അതാണെന്നല്ല പറയുന്നത്. പക്ഷേ, പ്രായം കൂടുന്തോറും പരുക്കു ഭേദമാകാൻ കൂടുതൽ സമയമെടുക്കുന്നുണ്ട്’ – സാനിയ പറഞ്ഞു.

Scroll to Top