ആദിവാസികള്‍ക്ക് വേണ്ടി രാജ്യസഭയിൽ കത്തിക്കയറി സുരേഷ് ഗോപി; അച്ഛൻ എന്റെ സൂപ്പര്‍ഹീറോ എന്ന് ഗോകുൽ

കേരളത്തിലെ ആദിവാസികളുടെ ഉന്നമനത്തിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സുരേഷ് ഗോപി രാജ്യ സഭയില്‍ നടത്തിയ പ്രസംഗം പങ്കുവച്ച് മകനും നടനുമായ ഗോകുല്‍ സുരേഷ്. ‘വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കുമ്പോഴും അച്ഛന്‍ ജനങ്ങള്‍ക്കു വേണ്ടി വാദിക്കുന്നു. എന്റെ പ്രചോദനം, എന്റെ സൂപ്പര്‍ ഹീറോ എന്നാണ് വിഡിയോ പങ്കുവച്ച് ഗോകുല്‍ സുരേഷ് കുറിച്ചിരിക്കുന്നത്’. കേരളത്തിലെ ആദിവാസികളുടെ അവസ്ഥ മോശമാണെന്നും ട്രൈബല്‍ കമ്മീഷനെ അയക്കണമെന്നും സുരേഷ് ഗോപി രാജ്യസഭയില്‍ പറഞ്ഞു. തന്റെ സ്വന്തം കൈയ്യിൽ നിന്ന് പണമെടുത്താണ് ആദിവാസികളെ സഹായിച്ചതെന്നും ഇടമലകുടിയിൽ വൈദ്യുതി വിതരണത്തിന് എംപി ഇടമലക്കുടിയിലേക്ക് എന്റെ എംപി ഫണ്ടിൽ നിന്നും 12.5 ലക്ഷം ഞാൻ അനുവദിച്ചിരുന്നു.

എന്നാൽ ഈ പണം വിനിയോഗിച്ചിട്ടില്ല. ഒന്നര വർഷത്തിന് ശേഷമേ പദ്ധതി പൂർത്തിയാകൂവെന്നാണ് ഡിഎഫ്ഒ പറഞ്ഞതെന്ന് കലക്ടർ അറിയിച്ചു. എന്നാൽ എംപിയെന്ന നിലയിലുള്ള തന്റെ കാലാവധി ഈ ഏപ്രിലിൽ അവസാനിക്കും. ആ ഫണ്ട് ലാപ്സ് ആയി പോകരുതെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു. അതിനാൽ എന്റെ സ്വന്തം കൈയ്യിൽ നിന്നും പണം എടുത്താണ് ഇടമലക്കുടിയിലെ ആദിവാസികൾക്ക് കുടിവെള്ളം എത്തിച്ച് നൽകിയത്. 5.7 ലക്ഷം രൂപയാണ് പോക്കറ്റിൽ നിന്ന് കൊടുത്തത്.കേരളത്തിലെ ആദിവാസികളുടെ ജീവതം ഒട്ടും സന്തോഷകരമായ അവസ്ഥയിൽ അല്ലെന്ന് തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങൾ എന്റെ കൈയ്യിൽ ഉണ്ട്. അവരുടെ സന്തോഷത്തിൽ ഞാനും ഏറെ സന്തോഷിക്കുന്നുണ്ട്. പക്ഷേ എന്തു ചെയ്യും കേരളത്തിൽ അവർക്ക് വേണ്ടി നല്ലതൊന്നും സംഭവിക്കുന്നില്ലെന്നും സുരേഷ് ഗോപി പറയുന്നു.

‘എന്റെ കൈയിൽ ഇതുസംബന്ധിച്ച രേഖകളൊന്നുമില്ല. പക്ഷേ നേരിട്ടനുഭവിച്ച ചില കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാൻ സംസാരിക്കുന്നത്. നാല് ദിവസങ്ങൾക്ക് മുമ്പ് ഞാൻ വയനാട് സന്ദർശിച്ചിരുന്നു. നൂറിലധികം വരുന്ന അവിടുത്തെ കോളനികളെ ഉൾപ്പെടുത്തികൊണ്ട് സംഘടിപ്പിച്ച 27 യോഗങ്ങളിലാണ് പങ്കെടുത്തത്. മറ്റുപല എംപിമാരും അവരുടെ സംസ്ഥാനങ്ങളിൽ ഗോത്രവിഭാഗങ്ങൾക്കുവേണ്ടിയുള്ള തുക വിജയകരമായി ചെലവഴിക്കപ്പെട്ടത് കേട്ടിട്ട് അസ്വസ്ഥനായി ഇരിക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. കാരണം എന്റെ സംസ്ഥാനത്ത് നിന്നും അത്തരത്തിലൊരു പ്രതികരണമല്ല ലഭിച്ചത്’ സുരേഷ് ഗോപി പറഞ്ഞു.

Scroll to Top