‘പുട്ട് ബന്ധങ്ങള്‍ തകര്‍ക്കും, എനിക്ക് ഇഷ്ടമല്ല’; വൈറലായി മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ്

തീരെ ഇഷ്ടമില്ലാത്ത ഭക്ഷണത്തെ കുറിച്ച് എഴുതാൻ പറഞ്ഞപ്പോൾ ഒരു കുട്ടി എഴുതിയതായി പുറത്ത് വന്ന കുറിപ്പ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പുട്ട് ബന്ധങ്ങളെ തകർക്കുന്നുവെന്നും തനിക്ക് ഇഷ്ടമല്ലെന്നുമായിരുന്നു കുഞ്ഞുവിരുതന്റെ എഴുത്ത്. ദിവസവും രാവിലെ പുട്ടുകഴിച്ച് മടുത്ത മുക്കത്തുകാരൻ മൂന്നാംക്ലാസ് വിദ്യാർഥി ജയിസ് ജോസഫിന്റെ ഉത്തരക്കടലാസാണ് സാമൂഹികമാധ്യമങ്ങളിൽ തരംഗം ആയത്.രസകരമായി എഴുതിയ കുറിപ്പിന്റെ ഉടമയെ കണ്ടെത്തി ചിത്രം സഹിതം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ. പുട്ട് കഥയെഴുതിയ ആ സൂപ്പർ താരം ഇതാ എന്ന കുറിപ്പോടെയാണ് ചിത്രം. ബെംഗളൂരൂ എസ്.എഫ്.എസ്. അക്കാദമി ഇലക്ട്രോണിക്സ് സിറ്റിയിലെ വിദ്യാർഥിയാണ് ജയിസ് ജോസഫ്.

‘എനിക്കിഷ്ടമില്ലാത്ത ഭക്ഷണം’ എന്ന വിഷയത്തിൽ കുറിപ്പ് തയ്യാറാക്കാനായിരുന്നു മാതൃകാപരീക്ഷയിലെ നിർദേശം. ‘എനിക്കിഷ്ടമില്ലാത്ത ഭക്ഷണം പുട്ടാണ്’ എന്നുതുടങ്ങുന്ന ഉത്തരത്തിൽ കുട്ടി ഇങ്ങനെ കുറിച്ചു. ‘കേരളീയഭക്ഷണമായ പുട്ട് അരികൊണ്ടാണ് തയ്യാറാക്കുന്നത്. ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാമെന്നതിനാൽ അമ്മ ദിവസവും രാവിലെ പുട്ടാണ് ഉണ്ടാക്കുക. തയ്യാറാക്കി അഞ്ചുമിനിറ്റാകുമ്പോഴേക്കും പുട്ട് പാറപോലെ കട്ടിയാവും പിന്നെ എനിക്കത് കഴിക്കാനാകില്ല. വേറെയെന്തെങ്കിലും തയ്യാറാക്കിത്തരാൻ പറഞ്ഞാൽ അമ്മ ചെയ്യില്ല.

അതോടെ ഞാൻ പട്ടിണികിടക്കും. അതിന് അമ്മ എന്നെ വഴക്കുപറയുമ്പോൾ എനിക്ക് കരച്ചിൽവരും. പുട്ട് ബന്ധങ്ങളെ തകർക്കും’ എന്നുപറഞ്ഞാണ് കുഞ്ഞ് ജയിസ് കുറിപ്പ് അവസാനിക്കുന്നത്. ‘എക്സലന്റ്’ എന്നാണ് രസകരമായ ഈ ഉത്തരത്തെ മൂല്യനിർണയം നടത്തിയ അധ്യാപിക വിശേഷിപ്പിച്ചത്. മുക്കം മാമ്പറ്റ സ്വദേശി സോജി ജോസഫ്-ദിയ ജെയിംസ് ജോസഫ് ദമ്പതിമാരുടെ മകനാണ്.കുറിപ്പെഴുതിയ മിടുക്കനെ കണ്ടുകിട്ടിയ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ.

Scroll to Top