പാട്ട്പാടി ടീച്ചറും താളത്തിനൊത്ത് കൊട്ടി അഞ്ചാം ക്ലാസുകാരനും പ്രേക്ഷകഹൃദയങ്ങളിൽ.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ അഞ്ചാം ക്ലാസുകാരൻ ബെഞ്ചിൽ താളത്തിന് ഒത്തു കൊട്ടുന്ന വീഡിയോ വൈറൽ ആയിരുന്നു. ടീച്ചറിന്റെ പാട്ടിനാണ് ഈ കുട്ടി താളമിട്ടത്.വയനാട് തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം ഗവൺമെന്റ് എച്ച്.എസ്.എസിലെ അഞ്ചാം ക്ലാസിലാണ് അധ്യാപികയും വിദ്യാർഥിയും ചേർന്ന് പാട്ടുമേളം തീര്‍ത്തത്,കാട്ടിക്കുളം അമ്മാനി കോളനിയിലെ ബിജുവിന്റെയും ആതിരയുടെയും മകനാണ് അഭിജിത്ത്. സ്കൂളിലെ നാടൻപാട്ട് സംഗീത അധ്യാപികയാണ് അഞ്ജന.

ടീച്ചർ തന്നെയാണ് അഭിജിത്തിന്റെ ‘കൊട്ട്’ മൊബൈലിൽ പകർത്തിയതും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതും. ക്ലാസിലെ മറ്റു കുട്ടികൾ പാടുന്നതിനൊപ്പം അഭിജിത് മേശയിൽ താളം പിടിക്കുന്നതു ശ്രദ്ധയിൽപ്പെട്ടതോടെ ‘ടീച്ചർ പാടിയാൽ മോൻ താളം പിടിക്കുമോ’ എന്ന് അഞ്ജന ചോദിച്ചു. ആദ്യം അഭിജിത് നാണത്തോടെ പിന്മാറിയെങ്കിലും തന്റെ പ്രിയപ്പെട്ട അധ്യാപികയുടെ സ്നേഹനിർബന്ധത്തിന് അവൻ വഴങ്ങി.ടീച്ചറിന്റെ സൂപ്പർ ഗാനത്തിന് അഭിജിത്ത് താളമിട്ടു, ഒടുവിൽ ഒരു കിടുക്കാച്ചി പെർഫോമൻസും കയ്യിൽ.

Scroll to Top