‘എല്ലാതൊഴിലിനും അതിന്റേതായ മഹത്വമുണ്ട്’; സർകാരിന്റെ ‘ശൗചാലയം വൃത്തിയാക്കൽ തസ്തികയിൽ നിയമനം നേടി നടൻ ഉണ്ണി രാജൻ !!

സർക്കാരിന്റെ ‘സ്‌കാവഞ്ചർ’ പോസ്റ്റിലേക്ക് അപേക്ഷിച്ച നടൻ ഉണ്ണി രാജന് നിയമനം ലഭിച്ചു. ഇന്റർവ്യൂബോർഡിനു മുന്നിൽ വളരെ ഭവ്യതയോടെ എത്തിയ ആ ഉദ്യോഗാർഥിയെക്കണ്ട് ബോർഡംഗങ്ങൾ ശരിക്കും ഞെട്ടി. തൊണ്ടി മുതലും ദൃക്‌സാക്ഷിയും, ഓപ്പറേഷൻ ജാവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഉണ്ണി രാജൻ. ശൗചാലയം വൃത്തിയാക്കുന്ന തൊഴിലാണ് സ്‌കാവഞ്ചർ തസ്തിക. ‘മറിമായം’ സീരിയലിലും പ്രേക്ഷകരെ ചിരിപ്പിച്ച പ്രിയതാരം ഉണ്ണി എന്ന ചെറുവത്തൂർ സ്വദേശി ഉണ്ണിരാജൻ ആണ് ഉദ്യോഗാർഥിയായി എത്തിയിരിക്കുന്നത്.

കാസർകോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്‌ലറ്റ് ക്ലീനറുടെ ഒഴിവിലേക്കായിരുന്നു ഇന്റവ്യൂ. ഒരു ഒഴിവിലേക്ക് അഭിമുഖത്തിനെത്തിയ 11പേരിൽ ഒരാളാണ് ഉണ്ണിരാജൻ. ചെറിയ ശമ്പളമാണെങ്കിലും സ്ഥിരംതൊഴിലാണ്. പ്രമോഷൻ ലഭിച്ചാൽ സ്വീപ്പറും പിന്നെ അറ്റൻഡറുമായി മാറാൻ സാധ്യതയുണ്ട്.എംപ്ലോയ്‌മെന്റ്‌ കാർഡ് ഉൾപ്പെടെ സർട്ടിഫിക്കറ്റുകളുടെ ചെറിയ പരിശോധന നടത്തിയശേഷം അവർ ഉണ്ണിരാജനോട് ചോദിച്ചു. ‘‘ഈ ജോലിയെക്കുറിച്ച് അറിഞ്ഞുതന്നെയാണോ അപേക്ഷിച്ചത്‌?’’. ‘അതെ’ എന്നു പറഞ്ഞ ഉണ്ണിയോട് ജോലിയെക്കുറിച്ച് അവർ വ്യക്തമായി പറഞ്ഞുകൊടുത്തു.ഒരു സ്ഥിര ജോലി തന്റെ സ്വപ്‌നമാണെന്നും എല്ലാ തൊഴിലിനും അതിന്റേതായ മഹത്വമുണ്ടെന്നും ഉണ്ണി രാജൻ പറയുന്നു.

സിനിമയിൽ നിന്നോ സീരിയലിൽ നിന്നോ തനിക്ക് അത്ര വരുമാനമൊന്നും ലഭിക്കുന്നില്ലെന്ന് ഉണ്ണി രാജൻ പറഞ്ഞു. ഗാന്ധിജി പോലും ചെയ്തിട്ടുള്ള ജോലിയാണിതെന്നും താനല്ലെങ്കിൽ ഈ ജോലി മറ്റാരെങ്കിലും ചെയ്യുമെന്നും അതുകൊണ്ട് തന്നെ ഈ ജോലി ചെയ്താൽ എന്താണെന്നും ഉണ്ണി രാജൻ സന്തോഷത്തോടെ ചോദിക്കുന്നു.പരേതനായ കണ്ണൻ നായരുടെയും ഓമനയുടെയും മകനാണ് ഉണ്ണിരാജൻ. ഭാര്യയും രണ്ടുകുട്ടികളുമുണ്ട്.

Scroll to Top