‘എനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് നീ അറിയണം’ ; മാതൃദിനത്തിൽ മകന്റെ ചിത്രം പുറത്തുവിട്ട് കാജൽ അ​ഗർവാൾ!!

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് കാജൽ അഗർവാൾ. ബോളിവുഡിലൂടെയാണ് നടി സിനിമ കരിയർ ആരംഭിച്ചതെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടത് തെന്നിന്ത്യൻ സിനിമയിലൂടെയായിരുന്നു.ഗർഭിണി ആണെന്ന് അറിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.മൂന്ന് വർഷത്തെ പ്രണയത്തിനും ഏഴ് വർഷത്തെ സൗഹൃദത്തിനും ഒടുവിലാണ് കാജൽ അഗർവാളും കിച്ച്ലുവും വിവാഹിതരായത്. ഇക്കഴിഞ്ഞ ഏപ്രിൽ 19-നാണ് നടി കാജൽ അ​ഗർവാളിനും ​ഗൗതം കിച്ച്ലുവിനും ആദ്യത്തെ കൺമണി പിറന്നത്. നീൽ കിച്ച്ലു എന്നാണ് ഇരുവരും തങ്ങളുടെ മകന് നൽകിയ പേര്.

ഇപ്പോഴിതാ മാതൃദിനത്തിൽ ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് കാജൽ അ​ഗർവാൾ. മകനൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് കാജൽ അ​ഗർവാൾ കുറിപ്പ് പങ്കുവച്ചത്. നിഷ്കളങ്കമായ സ്നേഹമെന്തെന്നും അമ്മയെന്തെന്നും തന്നെ പഠിപ്പിച്ചത് മകനാണെന്ന് കാജൽ പറയുന്നു. ഹൃദയത്തിന് പുറത്തെത്തിയ ഹൃദയത്തിന്റെ ഭാഗമാണ് കുഞ്ഞോമനയെന്നും കാജൽ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

നീയെനിക്ക് എത്ര അമൂല്യമാണെന്ന് നിനക്കറിയാമോ എന്നും എക്കാലവും അതങ്ങനെ തന്നെയായിരിക്കുമെന്നും പറഞ്ഞുകൊണ്ടാണ് അവർ കുറിപ്പ് ആരംഭിക്കുന്നത്. നിന്നെ എന്റെ കൈകളിലേക്ക് ഏറ്റുവാങ്ങിയ നിമിഷം, നിന്റെ കുഞ്ഞുകൈ പിടിച്ച നിമിഷം, നിന്റെ ശ്വാസം അറിഞ്ഞ നിമിഷം, നിന്റെ മനോഹരമായ കണ്ണുകൾ കണ്ട നിമിഷം ഞാൻ എന്നെന്നേക്കുമായി പ്രണയത്തിലാണെന്ന് മനസിലായെന്ന് കാജൽ പറഞ്ഞു.

“നീ എന്റെ ആദ്യത്തെ കുഞ്ഞാണ്. എന്റെ ആദ്യത്തെ മകൻ. എന്റെ ആദ്യത്തെ എല്ലാം, ശരിക്കും. വരും വർഷങ്ങളിൽ, നിന്നെ പഠിപ്പിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. പക്ഷേ നീ ഇതിനോടകം തന്നെ അനന്തമായ അളവിൽ പലതും പഠിപ്പിച്ചു. ഒരു അമ്മയാകുന്നത് എന്താണെന്ന് എന്നെ പഠിപ്പിച്ചു. നിസ്വാർത്ഥനായിരിക്കാൻ പഠിപ്പിച്ചു. ശരീരത്തിന് പുറത്ത് ഹൃദയത്തിന്റെ ഒരു ഭാഗം ഉണ്ടാകുന്നത് സാധ്യമാണെന്ന് എന്നെ പഠിപ്പിച്ചു. എനിക്കിനിയും കൂടുതൽ പഠിക്കാനുണ്ട്”. കാജൽ എഴുതി.

നീ ശക്തനും പ്രിയങ്കരനായും വളരാനും മറ്റുള്ളവർക്കായി മാറ്റിവെയ്ക്കുന്ന ഹൃദയം ഉണ്ടായിരിക്കാനും ഞാൻ പ്രാർത്ഥിക്കുന്നു. നിന്റെ ശോഭയുള്ളതും മനോഹരവുമായ വ്യക്തിത്വത്താൽ ഒരിക്കലും ഈ ലോകത്തെ മങ്ങാൻ അനുവദിക്കരുതെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നീ ധൈര്യശാലിയും ദയയും ഉദാരതയും ക്ഷമയും ഉള്ളവനായിരിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഞാൻ ഇതിനകം നിന്നിൽ ഇത് വളരെയധികം കാണുന്നു, നിന്നെ എന്റേത് എന്ന് വിളിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്! നീയാണ് എന്റെ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെന്ന് ഒരിക്കലും നീ മറക്കരുത് എന്ന് പറഞ്ഞുകൊണ്ടാണ് അവർ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Scroll to Top