‘വാലിബനിലെ ലാൽ സാറിന്റെ ഇൻട്രോയിൽ തിയറ്റർ കുലുങ്ങും’; ടിനു പാപ്പച്ചൻ

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.പ്രഖ്യാപിക്കപ്പെട്ട ദിവസം മുതൽ മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. ‘മലൈക്കോട്ടൈ വാലിബന്‍’ ചിത്രീകരണം അവസാനിച്ചു. 130 ദിവസം നീണ്ടു നിന്ന ഷൂട്ടിംഗാണ് അവസാനിച്ചത്. രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. അവസാനം സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പാക്കപ്പ് പറഞ്ഞു.ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമ എന്ന പ്രത്യേകതയും വാലിബനുണ്ട്.

സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഈ അവസരത്തിൽ ചിത്രത്തെ കുറിച്ച് സംവിധായകനും അസോസിയേറ്റുമായ ടിനു പാപ്പച്ചൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. “ലാൽ സാറിന്റെ ഇൻട്രോയിൽ ശരിക്കും തിയറ്റിൽ കുലുങ്ങും. ആ രീതിയിൽ ആയിരിക്കും അദ്ദേഹത്തിന്റെ ഇൻട്രോ”, എന്നാണ് ടിനു പാപ്പച്ചൻ പറയുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്ക് വെക്കുവാൻ തനിക്ക് അനുവാദമില്ല എന്നും ഈ ചിത്രം ആദ്യദിനം തിയറ്ററിന് പുറത്ത് നിന്ന് ആസ്വദിക്കണമെന്നാണ് ആഗ്രഹമെന്നും ടിനു പാപ്പച്ചൻ പറഞ്ഞു.

മോഹൻലാലിന്റെയും ലിജോ ജോസ് പെല്ലിശ്ശേരിയുടെയും ആരാധകനായിട്ടാകും താൻ വാലിബൻ കാണാൻ പോകുകയെന്നും ടിനു പറഞ്ഞു. ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമ്മാണം.പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍ ആണ്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തിൽ വേഷമിടുന്നുണ്ട്.ഈ വര്‍ഷം മലയാള സിനിമ ഏറ്റവും വലിയ പ്രതീക്ഷ വയ്ക്കുന്ന പ്രൊജക്ടുകളില്‍ ഒന്നാണ് ‘മലൈക്കോട്ടൈ വാലിബന്‍’.

Scroll to Top