ഹൃദയം ടീമിനൊപ്പം ഒന്നിക്കാന്‍ നിവിന്‍ പോളിയും;ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ച് മോഹൻലാൽ!!

സൂപ്പർ ഹിറ്റ് മലയാള ചലച്ചിത്രം ‘ഹൃദയം’ ടീം വീണ്ടും ഒന്നിക്കുന്നു.‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രണവിന്‍റെ പിറന്നാള്‍ ദിനത്തിലാണ് അണിയറക്കാര്‍ പ്രഖ്യാപിച്ചത്. ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിൻ്റെയും നിർമ്മാണം നിർവഹിക്കുന്നത്.വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ മോഹൻലാൽ പ്രഖ്യാപിച്ചു.“വർഷങ്ങൾക്കു ശേഷം” എന്നാണ് ചിത്രത്തിന്റെ പേര്.ചിത്രത്തിൽ വൻതാരങ്ങളുടെ നീണ്ടനിരയാണുള്ളത്.

പ്രണവിനൊപ്പം കല്യാണി പ്രിയദർശനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ, അജു വർ​ഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, നിവിൻ പോളി എന്നിവരും ചിത്രത്തിന്‍റെ ഭാ​ഗമാകുന്നു. അപ്രതീക്ഷിതമായാണ് വർഷങ്ങൾക്കുശേഷം എന്ന ചിത്രത്തേക്കുറിച്ചുള്ള അപ്ഡേറ്റ് സിനിമാസ്വാദകർക്ക് മുന്നിലെത്തിയത്.ഹൃദയത്തിന് ശേഷം പ്രണവും വിനീത് ശ്രീനിവാസനും ഒന്നിക്കുന്നതായി വാർത്തകൾ വന്നിരുന്നു.ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

‘പ്രിയപ്പെട്ട ഒരുപാടുപേരോടൊപ്പം ഒന്നിച്ചൊരു സിനിമ. സംവിധായകനെന്ന നിലയിൽ എന്റെ ആറാമത്തെ സിനിമ’ ചിത്രത്തെ കുറിച്ച് വിനീത് ശ്രീനിവാസന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.വിനീത് ശ്രീനിവാസനും ചിത്രത്തില്‍ ഒരു കഥാപാത്രമാകും. വിനീത് സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രം കൂടിയാണ് “വർഷങ്ങൾക്കു ശേഷം”. സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും ചിത്രത്തിന്‍റെ ഭാഗമാണ്. അതേസമയം, ചിത്രത്തെ സംബന്ധിച്ച മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. സിനിമയുടെ ഷൂട്ടിംഗ് എന്നാണ്, അണിയറ പ്രവര്‍ത്തകര്‍ ആരൊക്കെ തുടങ്ങിയ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം.

Scroll to Top