‘മനസ്സിലായോ സാറേ…’: ഫഹദ് നിലമൊരുക്കിയ തമിഴകത്ത് പൂണ്ട് വിളയാടി വിനായകൻ

രജനികാന്തിനെ നായകനാക്കി നെൽസണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ജയിലറിന് വൻ തോതിലുള്ള പോസിറ്റീവ് പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. രജനിയുടെ മുത്തുവേൽ പാണ്ഡ്യനും മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രവും ശിവരാജ് കുമാറിന്റെ കഥാപാത്രവും ജനങ്ങൾ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു.തലൈവരുടെ വിളയാട്ടം പ്രശംസനീയമായി.രജനികാന്ത് നായകനായി എത്തിയ ചിത്രത്തിൽ പ്രതിനായക വേഷത്തിൽ ആയിരുന്നു വിനായകൻ എത്തിയത്. വർമ്മ എന്ന വില്ലനായി മാസ് പ്രകടനമാണ് വിനായകൻ കാഴ്ചവച്ചിരിക്കുന്നത്.

ക്രൂരനായ വിഗ്രഹക്കടത്തുകാരന്‍ വർമൻ ആയി സൂപ്പർസ്റ്റാറിനോട് കട്ടയ്ക്ക് കട്ട നിന്ന് കയ്യടി വാരുന്നത് മലയാളത്തിന്റെ വിനായകനാണ്. മലയാളിയാണ് വർമൻ. തുടക്കത്തിൽ കൂടുതൽ ഡയലോഗുകളും മലയാളത്തിൽ, പിന്നീട് സംഭാഷണങ്ങളുടെ ഗിയർ തമിഴിലേക്ക്. രണ്ട് ഭാഷയിലും അനായാസസുന്ദരമായി വിനായകൻ കൊട്ടിക്കയറുന്നു. തന്റെ ശരീര ഭാഷയിലെ, ശബ്ദത്തിലെ, ചിരിയിലെയൊക്കെ വ്യത്യസ്തതകൾ അതിന്റെ പരമാവധിയിൽ വർമനിലേക്ക് പകരാൻ വിനായകനായി. തമാശ രംഗങ്ങളിലും ക്യാരക്ടറിന്റെ കരുത്തിന് പരുക്കേൽക്കാതെയുള്ള പ്രകടനമാണ് താരത്തിന്റെത്.

‘മനസ്സിലായോ സാറേ…’ എന്ന ചോദ്യത്തിനും പിച്ചയെടുക്കുന്ന രംഗത്തിനുമൊക്കെ തിയറ്ററിൽ കയ്യടിയുടെ പൂരമാണ്.സമീപകാലത്ത് തമിഴ് സിനിമയിൽ ആവർത്തിച്ചെത്തുന്ന വില്ലൻ വേഷങ്ങളെയും മാനറിസങ്ങളെയും റദ്ദാക്കിയുള്ള പൂണ്ട് വിളയാടലാണ് വിനായകന്റേത്.വിനായകൻ തമിഴ് പ്രേക്ഷകർക്ക് പുതിയ ആളല്ല. മുൻപ് തിമിർ, സിലമ്പാട്ടം, കാളൈ, സിരുത്തൈ, മരിയാൻ തുടങ്ങി ചില ചിത്രങ്ങളിൽ കോളിവുഡിൽ താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

മലയാളത്തിൽ നടൻ എന്ന നിലയിൽ തന്റെതായ ഇടം ഉറപ്പിച്ച വിനായകൻ, ജയിലറിലൂടെ തമിഴകത്ത് കൂടുതൽ തിരക്കിലേക്ക് നീങ്ങുമെന്നുറപ്പ്.അടുത്തിടെ തമിഴ് സിനിമയിൽ ഒരു മലയാളി യുവനടന് കിട്ടിയ മികച്ച അവസരങ്ങൾ ഫഹദ് ഫാസിലിന്റെ ക്രെഡിറ്റിലാണ്. വിക്രത്തിലും മാമന്നനിലും ഫഹദിന്റെ പ്രകടനം തമിഴകത്ത് തരംഗമാണ്.

Scroll to Top