നാട്ടില്‍ പോകാന്‍ ടിക്കറ്റ് നല്‍കി കമ്പനി; ശൈഖ് ഹംദാനെ കാണാതെ പോകില്ലെന്ന് ഡെലിവറി ബോയ് !!

കഴിഞ്ഞ ദിവസം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അഭിനന്ദനം ഏറ്റുവാങ്ങി സോഷ്യൽ മീഡിയയിൽ വൈറലായ ഡെലിവറി ബോയിയുടെ വാർത്ത അഭിമാനാര്ഹമായിരുന്നു. റോഡില്‍ അ പകടകരമായ രീതിയില്‍ വീണുകിടന്ന കോണ്‍ക്രീറ്റ് കട്ടകള്‍ എടുത്തുമാറ്റിയ ഡെലിവറി ബോയിക്ക് നാട്ടിലേക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്ത് കമ്പനി. പാകിസ്ഥാന്‍ സ്വദേശിയും ദുബൈയില്‍ ഡെലിവറി ബോയിയുമായ അബ്ദുല്‍ ഗഫൂറിന് അദ്ദേഹം ജോലി ചെയ്യുന്ന ‘തലാബത്ത്’, നാട്ടില്‍ പോയി കുടുംബത്തെ സന്ദര്‍ശിക്കാനുള്ള വിമാനടിക്കറ്റ് നല്‍കി. എന്നാല്‍ തന്നെ നേരില്‍ കാണാമെന്ന് ശൈഖ് ഹംദാന്‍ ഉറപ്പു നല്‍കിയതിനാല്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ശേഷമേ ഇനി നാട്ടിലേക്ക് മടങ്ങൂ എന്നാണ് അബ്ദുല്‍ ഗഫൂര്‍ പറയുന്നത്. കൊട്ടാരത്തിലേക്ക് ഉടനെ ഒരു വിളി വരുന്നതും കാത്തിരിക്കുകയാണ് അദ്ദേഹം.

അബ്ദുല്‍ ഗഫൂറിനെ ശൈഖ് ഹംദാന്‍ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. നേരില്‍ കാണാമെന്ന ഉറപ്പും അദ്ദേഹം നല്‍കി. ഒരു സാധാരണക്കാരനായ എന്നോട് ശൈഖ് ഹംദാന്‍ സംസാരിച്ചെന്നത് ഇപ്പോഴും വിശ്വസിക്കാനാവാത്ത കാര്യമാണെന്നും അദ്ദേഹം ഒരു മികച്ച നേതാവാണെന്നും അബ്ദുല്‍ ഗഫൂര്‍ പ്രതികരിച്ചു. തിരക്കേറിയ അല്‍ഖൂസ് ജംഗ്ഷനില്‍ ട്രാഫിക് സിഗ്നലില്‍ നില്‍ക്കുമ്പോഴാണ് തൊട്ടു മുന്നില്‍ രണ്ട് കോണ്‍ക്രീറ്റ് കട്ടകള്‍ വീണുകിടക്കുന്നത് അബ്ദുല്‍ ഗഫൂറിന്‍റെ ശ്രദ്ധയില്‍പെട്ടത്. ഡെലിവറി ജോലിക്കായി പോകുകയായിരുന്നു അദ്ദേഹം. മറ്റ് വാഹനങ്ങള്‍ അതില്‍ കയറി അ പകടമുണ്ടാകുമെന്ന് മനസിലാക്കിയ അബ്ദുല്‍ ഗഫൂര്‍, ബൈക്കില്‍ നിന്നിറങ്ങി സിഗ്നലില്‍ വാഹനങ്ങള്‍ പോയിത്തീരുന്നത് വരെ കാത്തിരിക്കുകയും തുടര്‍ന്ന് കോണ്‍ക്രീറ്റ് കട്ടകള്‍ എടുത്തു മാറ്റുകയുമായിരുന്നു.

ഇത് ആരോ വിഡിയോയിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ആ വിഡിയോ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ കാണാനിടയായി.. ‘ദുബൈയില്‍ നടന്ന ഈ കാര്യം പ്രശംസ അര്‍ഹിക്കുന്നതാണ്. ആരാണ് ഈ വ്യക്തിയെന്ന് ആരെങ്കിലും ചൂണ്ടിക്കാണിക്കുമോ?’ എന്ന് ചോദിച്ച് ശൈഖ് ഹംദാന്‍ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.ഏതാനും മണിക്കൂറില്‍ ഡെലിവറി ബോയിയെ തിരിച്ചറിയുകയും പിന്നീട് ഇക്കാര്യം ശൈഖ് ഹംദാന്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയുമായിരുന്നു. ഡെലിവറിക്കായി പുറത്തുപോയ സമയത്താണ് അബ്ദുല്‍ ഗഫൂറിന് ശൈഖ് ഹംദാന്റെ കോള്‍ ലഭിക്കുന്നത്.

Scroll to Top