കാട്ടാന മറിച്ചിട്ട തേക്ക് കല്ലുകൊണ്ടു മുറിച്ചു മാറ്റി കെഎസ്ആർടിസി കണ്ടക്ടർ

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കയ്യടി നേടിയത് ഒരു കെഎസ്ആർടിസി കണ്ടക്ടർ ആണ്.കാട്ടാന റോഡിലേക്കു തള്ളിയിട്ട തേക്ക് കല്ലുകൊണ്ടു മുറിച്ചു മാറ്റിയാണ് കെഎസ്ആർടിസി കണ്ടക്ടർ വൈറലായത്.ഇന്നലെ രാവിലെ അച്ചൻകോവിലിൽ നിന്ന് 6.30നു പുറപ്പെട്ട ചെങ്കോട്ട വഴി പുനലൂരിലേക്കുള്ള ബസിന്റെ മുന്നിലാണ് തേക്ക് വഴിമുടക്കിയത്.

മരം വീണ വിവരം പുറംലോകത്തെ അറിയിക്കാൻ മാർഗമില്ലാതെ വന്നതോടെയാണു കണ്ടക്ടർ എം.പി.വിഭുവ് കരിങ്കല്ല് പ്രയോഗത്തിലേക്ക് എത്തിയത്.കുംഭാവുരുട്ടിക്കും മണലാറിനും മധ്യേ ആയതിനാൽ മൊബൈൽ ഫോണിനു കവറേജും ഈ ഭാഗത്തില്ല.കാട്ടാന പലപ്പോഴും ഇത്തരത്തിൽ ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ടെങ്കിലും കരിങ്കല്ല് കൊണ്ടു മരം മുറിച്ചുമാറ്റുന്നത് ആദ്യമാണ്.ഡ്രൈവർ എ.ഷാനവാസിന്റെ സഹായത്തോടെ ഏകദേശം അര മണിക്കൂറുകൊണ്ടു തേക്ക് മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Scroll to Top