പ്രണയം യഥാര്‍ഥം, ആര്‍മി പശ്ചാത്തലം കൂട്ടിച്ചേര്‍ത്തത്’; തുറന്നു പറഞ്ഞ് അനിയന്‍ മിഥുൻ

ബിഗ് ബോസ് അഞ്ചാമത്തെ സീസൺ ഫൈനൽ എപ്പിസോഡിലേക്ക് അടുക്കുകയാണ്. പാര കമാന്‍റോയായ കാമുകി തനിക്ക് ഉണ്ടായിരുന്നുവെന്നും അവരുമായി കറങ്ങാൻ പോയിരുന്നുവെന്നും അവള്‍ വെ ടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവരെ താൻ കെട്ടിപ്പിടിച്ച് കരഞ്ഞെന്നൊക്കെ മിഥുൻ പറഞ്ഞിരുന്നു. ഇത് ചോദ്യങ്ങൾക്കും വിമർശനങ്ങളും വഴിവച്ചു. ബിഗ് ബോസിൽ നിന്ന് പുറത്തായതിനു ശേഷം ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ മത്സരാർഥികൾ എല്ലാം വീണ്ടും ബിഗ് ബോസ് വീട്ടിൽ എത്തിയിരുന്നു. അവിടെവച്ചാണ് അഖിൽ മാരാരുടെ നിർബന്ധത്തിൽ അനിയൻ മിഥുൻ താൻ പറഞ്ഞത് നുണക്കഥയാണെന്ന് സമ്മതിച്ചത്.

‘‘പുറത്തു പോയപ്പോഴാണ് ഈ വിഷയം ഇത്രത്തോളം രൂക്ഷമായി കത്തിക്കയറി എന്ന് ഞാന്‍ അറിയുന്നത്. സൈബര്‍ ആക്രമണം ഉണ്ടായി. എന്‍റെ സുഹൃത്തുക്കളെയും വീട്ടുകാരെയും ഇത് വിഷമിപ്പിച്ചു. സന എന്ന് പറയുന്ന ആ കഥയില്‍ ഞാന്‍ ഇന്ത്യന്‍ ആര്‍മിയുടെ പേര് എടുത്തിട്ടത് വളരെയധികം പ്രശ്നമായിരുന്നു. ആ പ്രശ്നത്തെ തുടര്‍ന്നാണ് അത് ആകെ കത്തിക്കയറിയത്. എന്‍റെ ജീവിതത്തില്‍ ഒരു പ്രണയം ഉണ്ടായിട്ടുണ്ട്. പക്ഷേ അതില്‍ ഇന്ത്യന്‍ ആര്‍മിയുടെ കാര്യം ഞാന്‍ എടുത്തിട്ടു. അത് ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യം ആയിരുന്നു. അപ്പോഴത്തെ മാനസികാവസ്ഥയില്‍ ഞാന്‍ പറഞ്ഞുപോയതാണ്. അതിന് എല്ലാവരുടെ മുന്നിലും ഞാന്‍ ഒന്നുകൂടി സോറി പറയുകയാണ്. എനിക്കൊരു പ്രണയം ഉണ്ടായിരുന്നു. പക്ഷേ ആര്‍മി ഓഫിസര്‍ ഒന്നും ആയിരുന്നില്ല. അത് ആ ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞ് പോയതാണ് ഞാന്‍.

പക്ഷേ അത് ഇപ്പോള്‍ എന്‍റെ പ്രഫഷനെയും ചോദ്യം ചെയ്യുന്ന ഒരു അവസ്ഥയിലേക്ക് ആണ് എത്തിയിരിക്കുന്നത്. വുഷു ഞാന്‍ പഠിച്ചിട്ടില്ല, വുഷു എനിക്ക് അറിയില്ല എന്നൊക്കെയാണ് പറയുന്നത്. വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം ആണ് നടക്കുന്നത്. എന്റെ പ്രഫഷന്റെ കാര്യം ഞാന്‍ പുറത്ത് പോയിട്ട് തെളിയിച്ചോളാം. ഞാൻ പറഞ്ഞ ആർമി കഥയുടെ പേരില്‍ എല്ലാ മലയാളികളോടും എല്ലാ പട്ടാളക്കാരോടും ചാനലിലോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്നെ സ്നേഹിക്കുന്ന ഒരു വലിയ വിഭാഗം ഇപ്പോഴും ഉണ്ട്. അവരെ എനിക്കൊന്ന് ബോധ്യപ്പെടുത്തണം എന്ന് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ ഇത് പറഞ്ഞത്. എന്റെ പ്രഫഷനിലും കയറി കളിക്കുകയാണ് അത് മാത്രമേ എനിക്ക് ഇത്തിരി വിഷമമായിട്ടുള്ളൂ.

ഞാന്‍ ഇത് പറഞ്ഞതിന്റെ പേരില്‍ എയര്‍പോര്‍ട്ടില്‍ വച്ച് എന്‍റെ അച്ഛനെയും അമ്മയെയും മാധ്യമങ്ങള്‍ വളഞ്ഞിട്ട് ആക്രമിച്ചു. അത് വളരെയധികം മോശമായിപ്പോയി. ഞാന്‍ കളിക്കുന്നത് പ്രോ വുഷു ആണ്. പ്രോ വുഷു സാന്‍ഡയാണ്. പ്രഫഷനല്‍ ആണ് ഞാൻ, അമച്വര്‍ ഫൈറ്റര്‍ അല്ല. ഇവരുടെ അസോസിയേഷനിലേക്ക് എന്നെ എടുത്തിടാനോ എടുത്ത് കളയാനോ പറ്റില്ല.എനിക്ക് അടുത്ത വര്‍ഷം ഒരു കളി വന്നാല്‍ എനിക്ക് പോയി കളിക്കാം. പല ബ്രാന്‍ഡുകളും എന്നെ പിന്തുണയ്ക്കുന്നുണ്ട്. ഇനിയും വരും കളി. വര്‍ഷം ഒന്നോ രണ്ടോ ഇന്‍റര്‍നാഷനല്‍ കളിക്കാനുള്ള പ്ലാന്‍ ഉണ്ടെനിക്ക്. ഒരു പ്രസ്മീറ്റില്‍ പോലും കൊടുക്കാത്ത വിശദീകരണം ഇത്രയും വലിയ ഒരു പ്ലാറ്റ്ഫോമില്‍ നിന്ന് ഞാൻ കൊടുക്കുകയാണ്.’’ അനിയൻ മിഥുൻ പറയുന്നു.

Scroll to Top